എൽകെ അദ്വാനി ആശുപത്രിയിൽ; കാരണം പുറത്തുവിടാതെ ഡോക്ടർമാര്‍

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായിരുന്ന എൽകെ അദ്വാനിയെ ന്യൂഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിൻ്റെ ആരോഗ്യപ്രശ്‌നങ്ങൾ എന്താണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഏറെക്കാലമായി അദ്വാനി പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ കാരണം ബുദ്ധിമുട്ടുകയാണ്. ആരോഗ്യനില വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ന്യൂറോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടൻ്റായ ഡോ.വിനിത് സൂരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്. ഈ വർഷമാദ്യവും അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിൻ്റെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
2002-2004 കാലയളവിലാണ് അദ്വാനി ഇന്ത്യയുടെ ഉപപ്രധാന മന്ത്രിയായി സേവനമനുഷ്ഠിച്ചത്. ആഭ്യന്തര മന്ത്രി, നീണ്ടകാലം ലോക്സഭാ പ്രതിപക്ഷ നേതാവുമായിരുന്നു. 2009 ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയും അദ്വാനിയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here