തലസ്ഥാനം പിടിക്കാനുള്ള തലയായി രാജീവ് ചന്ദ്രശേഖർ; ലക്ഷ്യം വട്ടിയൂർക്കാവല്ല; അതുക്കും മേലെ…
വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കാൻ നിർണായക നീക്കവുമായി ബിജെപി. തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് വലിയ നീക്കങ്ങൾക്കാണ് പാർട്ടി കരുക്കൾ നീക്കുന്നത്. ഇതിൻ്റെ ഭാഗമായി മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ തലസ്ഥാനത്ത് സജീവമായിക്കഴിഞ്ഞു. കോർപ്പറേഷനിൽ മാത്രമല്ല വിവിധ മണ്ഡലങ്ങളിലും സജീവമാകാനാണ് രാജീവ് ചന്ദ്രശേഖരിൻ്റെ തീരുമാനം. നെയ്യാറ്റിൻകര, നേമം, വട്ടിയൂർക്കാവ് അടക്കമുള്ള നിയമസഭാ മണ്ഡലങ്ങളിലെ വിവിധ പരിപാടികളിൽ അദ്ദേഹമിപ്പോൾ സജീവ സാന്നിധ്യമാണ്.
വരാനിരക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് അദ്ദേഹം തിരുവനന്തപുരത്ത് കേന്ദ്രീകരിക്കുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇത് തള്ളുകയാണ് ബിജെപി കേന്ദ്രങ്ങൾ. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് മുൻകേന്ദ്ര മന്ത്രിയുടെ നീക്കമെന്നാണ് അവർ നൽകുന്ന സൂചന. അതുകൊണ്ട് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട കോർപ്പറേഷനും, മറ്റ് നിയമസഭാ മണ്ഡലങ്ങളും മാത്രം കേന്ദ്രീകരിച്ചാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പ്രവർത്തനമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കെ സുരേന്ദ്രന് പകരക്കാരനായി സംസ്ഥാന അധ്യക്ഷൻ്റെ ചുമതല ഏൽക്കാനുള്ള സാധ്യതയും ബിജെപി കേന്ദ്രങ്ങൾ തള്ളിക്കളയുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഇത്തരമൊരു തീരുമാനം ഉണ്ടാവുകയെന്നും അവർ കൂട്ടിച്ചേർത്തു.
കൂടുതൽ സമയം തിരുവനന്തപുരത്തെ ബിജെപി പ്രവർത്തകരോടൊപ്പം ഗ്രാസ്റൂട്ട് ലെവലിൽ സജീവമാകാൻ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി രാജീവ് ചന്ദ്രശേഖറും സ്ഥീരീകരിച്ചു. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ കൂടുതലായി തലസ്ഥാനത്തേക്ക് എത്തിക്കുന്നതിന് വേണ്ടി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം വിപുലികരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കവടിയാറിൽ വാങ്ങിയ പുതിയ വീട് കേന്ദ്രീകരിച്ചാവും തൻ്റെ പ്രവർത്തനങ്ങൾ. അടുത്ത മാസം മുതൽ അവിടെ സ്ഥിരതാമസമാകുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം പിടിച്ചെടുക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് രാജീവ് ചന്ദ്രശേഖർ ആദ്യ പരിഗണന നൽകുന്നത്. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം ബിജെപി കൗൺസിലർമാരുടെ യോഗം വിളിച്ചിരുന്നു. കോർപ്പറേഷൻ ഓഫീസിലെത്തിയായിരുന്നു ബിജെപി അംഗങ്ങളുമായി അദ്ദേഹം ചർച്ച നടത്തിയത്.
ബിജെപി ജില്ലാ പ്രസിഡൻ്റും പൂജപ്പുര കൗൺസിലറുമായ വിവി രാജേഷിനൊപ്പമാണ് അദ്ദേഹം നഗരസഭാ ഓഫീസിലെത്തിയത്. മുൻ അംബാസിഡറും വിദേശകാര്യ വിദഗ്ധനുമായ ഡോ ടിപി ശ്രീനിവാസനുമായും രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. ബിജെപി വട്ടിയൂർക്കാവ് മണ്ഡലം പ്രസിഡന്റ് പത്മകുമാർ, ചാല കൗൺസിലർ സിമി ജ്യോതിഷ് എന്നിവരുടെ വീടുകളും രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു.
വിവിധ കേസുകളിൽ പ്രതിയാക്കപ്പെട്ട് ജയിലിലുള്ള ബിജെപി ആർഎസ്എസ് പ്രവർത്തകരെയും അദ്ദേഹം നേരിൽക്കണ്ടു. ഇവർ പ്രതികളായ കേസുകളിൽ അപ്പീൽ നൽകുന്നതിനെക്കുറിച്ചും പരോൾ ലഭ്യമാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളും രാജീവ് ചന്ദ്രശേഖർ ചോദിച്ചറിഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here