15 പ്രതികള്‍ക്കും വധശിക്ഷ; രഞ്ജിത്ത് ശ്രീനിവാസന്‍ വധത്തില്‍ അത്യപൂര്‍വ വിധി; പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് കോടതി
മാവേലിക്കര: ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്‍ വധത്തില്‍ അത്യപൂര്‍വ വിധി. കേരളത്തെ നടുക്കിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് മുഴുവന്‍ പ്രതികളും. അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. കേസിലെ 15 പ്രതികളും കുറ്റക്കാരാണെന്ന് ജനുവരി 20-ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധി കേള്‍ക്കാനായി രഞ്ജിത് ശ്രീനിവാസന്റെ അമ്മയും ഭാര്യയും മക്കളും കോടതിയില്‍ എത്തിയിരുന്നു. കോടതി പരിസരത്തു ശക്തമായ സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയത്.
പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. വിധി ആശ്വാസകരമെന്നും ദൈവശിക്ഷ വേറെ വരുമെന്നും കോടതിവിധി കേട്ട ശേഷം രഞ്ജിത്ത് ശ്രീനിവാസന്‍റെ ഭാര്യ അഡ്വ.ലിഷ രഞ്ജിത്ത് പ്രതികരിച്ചു.
2021 ഡിസംബർ 19 ന് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി എന്നാണു പ്രോസിക്യൂഷൻ കേസ്. ഡിസംബര്‍ 18-ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ ആലപ്പുഴ വെച്ച് കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു രഞ്ജിത് ശ്രീനിവാസന്‍റെ വധം. ആലപ്പുഴ ജില്ലയിൽ തുടർച്ചയായി നടന്ന 3 രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒടുവിലത്തേതായിരുന്നു ഇത്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, അബ്ദുല്‍ കലാം, മന്‍ഷാദ്, അബ്ദുല്‍ കലാം, ജസീബ് രാജ, നവാസ്, സമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍ ഷാജി, ഷെര്‍നാസ് അഷറഫ് എന്നിവരാണ് ഒന്നുമുതല്‍ 15 വരെ പ്രതികള്‍.
പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ നിരോധിത തീവ്രവാദസംഘത്തിലെ അംഗങ്ങളും കൊലചെയ്യാന്‍ പരിശീലനം ലഭിച്ചവരുമാണ്. ഇവര്‍ പുറത്തിറങ്ങിയാല്‍ നാടിന് ആപത്താണെന്നും അതിനാല്‍ മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് ഒരാളെ അതിക്രൂരമായി കൊലപ്പെടുത്തിയത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യത്തിന്റെ പരിധിയില്‍വരുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ് ജി.പടിക്കല്‍, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പാ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here