രഞ്ജിത്ത് ശ്രീനിവാസന്‍ വധത്തില്‍ മുഴുവന്‍ പ്രതികളും കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച വിധിക്കും

മാവേലിക്കര: ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസിൽ 15 പ്രതികളും കുറ്റക്കാരെന്നു കോടതി. ശിക്ഷ തിങ്കളാഴ്ച വിധിക്കും. മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവിയാണു വിധി പറഞ്ഞ​ത്. 12 പേരാണ് കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തത്. മൂന്ന് പേര്‍ ആസൂത്രണത്തില്‍ പങ്കെടുത്തവരാണ്. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് മുഴുവന്‍ പ്രതികളും.

രഞ്ജിത് ശ്രീനിവാസന്‍ വധം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണെന്നാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. അതിഭീകരമായ രീതിയിലാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

2021 ഡിസംബർ 19ന് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി എന്നതാണ് കേസ്. ഡിസംബര്‍ 18-ന് രാത്രി എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ആലപ്പുഴ മണ്ണഞ്ചേരിയില്‍വെച്ച് കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു രഞ്ജിത് ശ്രീനിവാസനെയും വെട്ടിക്കൊലപ്പെടുത്തിയത്.

അജ്മൽ, അനൂപ്, മുഹമ്മദ് അസ്‌ലാം, മണ്ണഞ്ചേരി അബ്ദുൽ കലാം എന്ന സലാം, അബ്ദുൽ കലാം, സറഫുദീൻ മൻഷാദ്, ജസീബ് രാജ, നവാസ്, സമീർ, നസീർ, സക്കീർ ഹുസൈൻ, തെക്കേ വെളിയിൽ ഷാജി എന്ന പൂവത്തിൽ ഷാജി, മുല്ലയ്ക്കൽ നുറുദീൻ,പുരയിടത്തിൽ ഷെർനാസ് അഷറഫ് എന്നിവരാണ് കേസിലെ പ്രതികൾ.

ഡിവൈഎസ്പി എൻ.ആർ.ജയരാജാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 156 സാക്ഷികൾ, ആയിരത്തോളം രേഖകൾ, നൂറിൽപരം തൊണ്ടി മുതലുകൾ എന്നിവ ഹാജരാക്കി. 6000 പേജുകളിലായാണ് മൊഴി. വിരലടയാളം, ശാസ്ത്രീയ തെളിവുകൾ, ക്യാമറ ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയാറാക്കിയ യാത്രാവഴി എന്നിവയൊക്കെ പ്രോസിക്യൂഷൻ തെളിവായി സമർപ്പിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top