കിട്ടാത്ത മുന്തിരി.…!! സന്ദീപ് വാര്യരില്‍ സിപിഎമ്മിൻ്റെ മലക്കം മറിച്ചിൽ
സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ പ്രതികരണവുമായി സിപിഎം നേതാക്കൾ. ബിജെപിയുമായി ഇടഞ്ഞ് നിൽക്കുന്ന സന്ദീപ് സിപിഎമ്മിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിന് ഇടയിലാണ് പുതിയ ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നത്. ഇടതു നയങ്ങൾ അംഗീകരിച്ച് വന്നാൽ സ്വീകരിക്കുമെന്ന നിലപാടുകൾ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മുതിർന്ന നേതാവ് എകെ ബാലനുമടക്കം നേരത്തേ വ്യക്തമാക്കിയിരുന്നു.
സിപിഎം സന്ദീപിനായി വാതിലുകൾ തുറന്നിട്ട് കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിത നീക്കത്തിലൂടെ കോൺഗ്രസ് അവരുടെ കണക്കുകൂട്ടൽ തെറ്റിച്ചിരിക്കുന്നത്.
ബിജെപി വിട്ടത് നന്നായെന്ന് പറഞ്ഞ എംവി ഗോവിന്ദൻ സന്ദീപ് വാര്യർക്കെതിരെ രൂക്ഷമായ വിമർശനം നടത്താൻ തയാറായില്ല. എന്നാൽ കടുത്ത ഭാഷയിലാണ് മന്ത്രി എംബി രാജേഷ് സന്ദീപിൻ്റെ തീരുമാനത്തെ കുറ്റപ്പെടുത്തിയത്.
Also Read: കസേരകൾ തേടി പോകുന്നത് തൻ്റെ ശീലമല്ലെന്ന് സുരേന്ദ്രന് മറുപടി; ഇനി കോൺഗ്രസിൻ്റെ ‘വാര്യർ’
ഒരാളുടെ ഭൂതകാലം മാത്രം നോക്കി ആരെയും തള്ളിപ്പറഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. അവരുടെ നിലപാട് വ്യക്തമാക്കിയാൽ അതിനനുസരിച്ചാണ് പാർട്ടി നിലപാട് സ്വീകരിക്കുന്നത്. സിപിഎമ്മിന് വ്യക്തിയല്ല നയമാണ് പ്രധാനമാണെന്നും ഗോവിന്ദൻ പറഞ്ഞു. സന്ദീപ് ഇതുവരെ നയം വ്യക്തമാക്കിയിരുന്നില്ല. ഇടതിനൊപ്പം നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. കൊടകര-കരുവന്നൂർ ഡീൽ കോൺഗ്രസിൽ ചേരാൻ വേണ്ടി ഇപ്പോൾ പറയുന്നതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ബിജെപി- സിപിഎം ഡീലിനെ എതിർത്തതാണ് പാർട്ടിയിൽ നിന്നും തന്നെ ഒറ്റപ്പെടുത്താൻ കാരണമെന്ന് കോൺഗ്രസിൽ ചേർന്ന ശേഷം സന്ദീപ് പറഞ്ഞതിന് മറുപടിയായി ഗോവിന്ദൻ പറഞ്ഞു.
Also Read: സ്‌നേഹത്തിന്റെ കടയില്‍ ഒരു മെമ്പര്‍ഷിപ്പെടുത്തു; ത്രിവര്‍ണ്ണ ഷാള്‍ അണിഞ്ഞ് സന്ദീപ് വാര്യര്‍
കോണ്‍ഗ്രസിൽ ചേർന്നത് കൊണ്ട് വലിയ വ്യത്യാസമൊന്നുമില്ല. ഒരു ബൂർഷ്വാ പാർട്ടിയിൽനിന്ന് മറ്റൊരു ബൂർഷ്വാ പാർട്ടിയിലേക്ക് ചേക്കേറി എന്നത് മാത്രമേ ഇതിൽ കാണാനുള്ളൂ. അതിൽ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും അവർക്ക് പലതും കാണും. അതുകൊണ്ടാണല്ലോ സ്നേഹത്തിന്റെ കട എന്നൊക്കെ പറയുന്നത്. നിലപാട് വ്യക്തമാക്കാത്തതിനാൽ അദ്ദേഹം സിപിഎമ്മിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കോൺഗ്രസിലേക്ക് സന്ദീപല്ല ആര് വന്നാലും ഈ തിരഞ്ഞെടുപ്പിൽ അവർ തോൽക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
Also Read: ‘സുധാകരനും സതീശനും ആശംസകൾ’; സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിൽ കെ സുരേന്ദ്രൻ്റെ പരിഹാസം
സന്ദീപ് വാര്യരെപ്പോലെയുള്ള വർഗീയതയുടെ കാളിയനെ ചുമക്കാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളൂ എന്നായിരുന്നു മന്ത്രി രാജേഷിൻ്റെ പ്രതികരണം. വർഗീയത നിറഞ്ഞ സന്ദീപ് മുമ്പ് നടത്തിയ പരാമർങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം. നൂറുകണക്കിന് വിദ്വേഷ പ്രസംഗങ്ങൾ നടത്തിയൊരാളെ കോൺഗ്രസ് തലയിൽകൊണ്ട് നടക്കട്ടെ. അത്തരമൊരാളെ ഉൾക്കൊള്ളുന്നത് സംബന്ധിച്ച് ചിന്തിക്കാൻ പോലുമാകില്ല. പള്ളിപൊളിച്ചിടത്തേക്ക് വെള്ളി ഇഷ്ടിക സംഭാവന ചെയ്ത പാർട്ടിക്ക് നല്ല മുതൽക്കൂട്ടായിരിക്കും സന്ദീപെന്നും എംബി രാജേഷ് പരിഹസിച്ചു.
Also Read: സന്ദീപ് വാര്യര്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക്; അമ്പരിപ്പിച്ച് യുവ നേതാവ്
സിപിഎമ്മും ഇടതുപക്ഷവും വർഗീയതയുടെ കാര്യത്തിൽ അല്പം പോലും വിട്ടുവീഴ്ചയ്ക്കില്ല. സന്ദീപിനെ കോൺഗ്രസ് കൊണ്ടുനടക്കണം. എകെ ബാലൻ ആരെക്കുറിച്ചും മോശം പറയാത്തയാളാണ്. ബാലേട്ടൻ ഒരു നല്ല മനുഷ്യനായതുകൊണ്ട് സന്ദീപ് വാര്യരെ കുറിച്ച് മോശം വാക്കുകൾ പറയാതിരുന്നത്. എല്ലാവരും വിഡി സതീശനെ പോലെ മോശം വാക്കുകൾ ഉപയോഗിക്കാറില്ല. വർഗീയതയുടെ നിലപാട് തള്ളിപ്പറയാതെ സന്ദീപിനെ സ്വീകരിക്കില്ലെന്നാണ് താൻ നേരത്തെ പറഞ്ഞതെന്നും എംബി രാജേഷ് അവകാശപ്പെട്ടു.
Also Read: കോൺഗ്രസിൽ നിറയെ പ്രശ്നങ്ങളെന്ന് പിവി അൻവർ; ‘ലീഗ് ആണ് പ്രിയങ്കക്കായി പ്രവർത്തിച്ചത്’
കോൺഗ്രസിലെ മതനിരപേക്ഷവാദികൾക്കും മുസ്ലിം ലീഗിനുമൊക്കെ ഒപ്പം കൊണ്ടു നടക്കാൻ പറ്റിയ നേതാവാണോ സന്ദീപ് വാര്യർ. കെ മുരളീധരനെ ബിജെപി ക്ക് വേണ്ടി കാലുവാരിയവരാണ് കേരളത്തിലെ ഏറ്റവും വലിയ വിദ്വേഷ പ്രചാരകനെ സ്വന്തം പാർട്ടിയിലെടുത്തതെന്നും മന്ത്രി കുറ്റപ്പെടുത്തി. പാലക്കാട് മൂന്നാം സ്ഥാനത്ത് കിടക്കുന്ന ബിജെപിയെ കൈപിടിച്ചുയർത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. കോൺഗ്രസിൽ ബിജെപി വിരുദ്ധ ചേരിയും ബിജെപി അനുകൂല ചേരിയുമുണ്ട്. രമേശ് ചെന്നിത്തലും കെ മുരളീധരനും ബിജെപി വിരുദ്ധ ചേരിയിലാണ്. വിഡി സതീശന്റെ നേതൃത്വത്തിലാണ് ബിജെപി അനുകൂല ചേരി പ്രവർത്തിക്കുന്നതെന്നും എംബി രാജേഷ് ആരോപിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here