‘പ്രിയങ്ക ഗാന്ധിയുടെ കവിൾ തടങ്ങൾ പോലെ…’ കമൻ്റിൽ ഉറച്ച് ബിജെപി; ഹേമമാലിനിയോട് കോണ്‍ഗ്രസ് മാപ്പ് പറഞ്ഞോയെന്നും ചോദ്യം
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കൽക്കാജിയിൽ നിന്നും ജനവിധി തേടുന്ന ബിജെപി സ്ഥാനാർത്ഥി രമേഷ് ബിധുരിയുടെ പരാമർശം വിവാദത്തിൽ. താൻ വിജയിച്ചാൽ തൻ്റെ മണ്ഡലത്തിലെ റോഡുകൾ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ കവിൾത്തടങ്ങൾ പോലെ മിനുസമാർന്നതാക്കുമെന്നായിരുന്നു പ്രസ്താവന.
“ബീഹാറിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ മിനുസമാർന്നതാക്കുമെന്ന് ലാലു പ്രസാദ് യാദവ് ഒരിക്കൽ അവകാശപ്പെട്ടിരുന്നു. എന്നാൽ ആ വാഗ്ദാനം പാലിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. എന്നിരുന്നാലും ഞങ്ങൾ ഓഖ്‌ലയിലെയും സംഗം വിഹാറിലെയും റോഡുകളിൽ മാറ്റം വരുത്തിയത് പോലെ കൽക്കാജിയിലെ എല്ലാ റോഡുകളും പ്രിയങ്കാ ഗാന്ധിയുടെ കവിളുകൾ പോലെ മിനുസമാർന്നതാക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.” എന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടയിൽ മുൻ ബിജെപി എംപി കൂടിയായ ബിധൂരി നടത്തിയ പരാമർശം.
വ്യാപക പ്രതിഷേധമാണ് ബിജെപി സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസ് ഉയർത്തുന്നത്. സ്ത്രീ വിരുദ്ധ മനോഭാവം ബിജെപിയുടെ നിലപാടാണ് എന്നാണ് കോൺഗ്രസിൻ്റെ വിമർശനം. ബിധൂരിയുടെ പ്രസ്താവന അദ്ദേഹത്തിൻ്റെ വെറുപ്പുളവാക്കുന്ന മാനസികാവസ്ഥയുടെയും ബിജെപിയുടെ തലതൊട്ടപ്പൻമാരായ ആർഎസ്എസിൻ്റെ മൂല്യങ്ങളുടെ പ്രതിഫലനവുമാണെന്ന് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ് ബിജെപി. പ്രിയങ്കാ ഗാന്ധിയോട് ബിധൂരി മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു.
വിമർശനവുമായി കോൺഗ്രസ് നേതാക്കൾ എത്തിയതോടെ ബിധൂരി തൻ്റെ പരാമർശത്തെ ന്യായികരിച്ചു. കോൺഗ്രസിന് തന്നെ കുറ്റപ്പെടുത്താൻ വേണ്ട ഒരു യോഗ്യതയുമില്ല. ഹേമമാലിനിയെക്കുറിച്ചുള്ള ലാലു പ്രസാദ് യാദവിൻ്റെ പരാമർശം വീണ്ടും ഒരു മാതൃകയായി അദ്ദേഹം ചൂണ്ടിക്കാട്ടി. “എൻ്റെ പ്രസ്താവനയിൽ കോൺഗ്രസിന് വേദന തോന്നുന്നുവെങ്കിൽ, എന്തുകൊണ്ടാണ് അവർ ഹേമമാലിനിയോട് മാപ്പ് പറയാത്തത്? അവർ രാജ്യത്തിൻ്റെ അഭിമാനമായ ഒരു പ്രശസ്ത കലാകാരിയാണ്. ഹേമമാലിനി ഒരു സ്ത്രീയല്ലേ?”” – ബിധൂരി ചോദിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here