സിപിഎം മുന്‍ എംഎല്‍എയെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു; എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് എന്ന് അഭ്യൂഹം; കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന് പ്രതികരണം

മൂന്നാര്‍: ദേവീകുളം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എസ്.രാജേന്ദ്രന്റെ വീട്ടിലെത്തി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. രാജേന്ദ്രന്റെ ഇക്കാ നഗറിലെ വീട്ടിലാണ് ബിജെപി നേതാക്കള്‍ എത്തിയത്. ബിജെപി മധ്യമേഖല പ്രസിഡന്‍റ് എന്‍.ഹരിയും, സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രമീള ദേവിയുമാണ് സന്ദര്‍ശിച്ചത്. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ഇല്ലെന്നാണ് രാജേന്ദ്രന്റെ പ്രതികരണം. “രാജേന്ദ്രനുമായി അടുപ്പമുള്ള ആളുടെ വീട്ടില്‍ക്കയറി സിപിഎം അക്രമം നടത്തുകയും ഒരു പെണ്‍കുട്ടിയുടെ കൈ തല്ലി ഒടിക്കുകയും ചെയ്തിരുന്നു. നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് എടുത്തത്. ഇതുമായി ബന്ധപ്പെട്ടാണ് രാജേന്ദ്രനെ കണ്ടത്”. – പ്രമീള ദേവി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

സിപിഎമ്മുമായി ഏറെക്കാലമായി അകന്ന് നില്‍ക്കുകയായിരുന്ന രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം പാര്‍ട്ടിയില്‍ നിന്നും അക്രമണം ഉണ്ടായേക്കും എന്ന സൂചന അദ്ദേഹത്തിന് ലഭിച്ചിരുന്നു. തനിക്ക് നേരെ സിപിഎം അതിക്രമം തുടരുകയാണ് എന്നാണ് രാജേന്ദ്രന്റെ ആരോപണം.

കഴിഞ്ഞയാഴ്ചയും ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് പ്രസ്താവന നടത്തിയിരുന്നു. “സിപിഎം എന്നെ ഉപദ്രവിക്കുകയാണ്. ബിജെപിയില്‍ ചേരേണ്ട സാഹചര്യം വന്നാല്‍ ചേരും. ആ രീതിയില്‍ ഒരു സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ല.” അതൃപ്തിയോടെ രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജേന്ദ്രന് സിപിഎം സീറ്റ് നല്‍കിയിരുന്നില്ല. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ ശ്രമിച്ചെന്നാരോപിച്ച് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കിയതുമില്ല. രാജേന്ദ്രന്‍ ബിജെപിയിലേക്ക് എന്ന് അഭ്യൂഹമുയര്‍ന്ന ശേഷം പ്രാദേശിക നേതാക്കൾ രാജേന്ദ്രനു വീട്ടിലെത്തി പാർട്ടി അംഗത്വ ഫോം കൈമാറിയിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്ക് പകരം പ്രാദേശിക നേതാക്കളെ തന്റെ അടുത്തേക്ക് അയച്ച നടപടി തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് രാജേന്ദ്രന്‍ പറഞ്ഞത്. ഇതോടെയാണ് വീണ്ടും അദ്ദേഹം പാർട്ടി വിടുമെന്ന അഭ്യൂഹമുയർന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top