കെട്ടിവെച്ച കാശുപോലും പുതുപ്പള്ളി നഷ്ടമായി; ഇതാണ് അവസ്ഥയെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വരുന്നത് ദയനീയ പരാജയം; ബിജെപി നേതൃയോഗത്തില്‍ സുരേന്ദ്രന് കണക്കറ്റ് വിമര്‍ശനം

തിരുവനന്തപുരം: തൃശൂരില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി നേതൃയോഗത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കണക്കറ്റ് വിമര്‍ശനം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വെറും അഞ്ച് ശതമാനം വോട്ടായതും വിമര്‍ശനത്തിനു ആക്കം കൂട്ടി. കെട്ടിവെച്ച കാശ് പോലും ബിജെപിയ്ക്ക് നഷ്ടമായിട്ടും ഒരു വിശദീകരണം നല്‍കാന്‍ പോലും സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ക്ക് കഴിഞ്ഞില്ല.

പുതുപ്പള്ളി വോട്ട് കോണ്‍ഗ്രസിന് പോയെന്നാണ് യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. ദേശീയ തലത്തില്‍ ശത്രു കോണ്‍ഗ്രസാണ്. എന്നാല്‍ പാര്‍ട്ടി അനുഭാവി വൃന്ദം ഇപ്പോഴും ശത്രുവായി കാണുന്നത് സിപിഎമ്മിനെയാണ്. ഇതാണ് പുതുപ്പള്ളിയിലും പ്രതിഫലിച്ചതെന്ന വിലയിരുത്തലാണ് യോഗത്തില്‍ വന്നത്.

50 ലക്ഷത്തിലേറെ രൂപ പുതുപ്പള്ളിയില്‍ അനുവദിച്ചിട്ടും തിരഞ്ഞടുപ്പില്‍ ഉപയോഗിച്ചത് 25 ലക്ഷത്തില്‍ താഴെ മാത്രമാണ്. ഇതെല്ലാം ഉറപ്പുള്ള വോട്ടുകള്‍ പോലും നഷ്ടമാക്കിയെന്നും ആരോപണം ഉയര്‍ന്നു. ഈ രീതിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ദയനീയ പരാജയമാകും ഫലമെന്നും കൃഷ്ണദാസ്-രമേശ്‌ പക്ഷം ചൂണ്ടിക്കാട്ടി.

ഇടത് സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ മടിച്ച് നില്‍ക്കുന്നത് സിപിഎം-ബിജെപി ധാരണ എന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നുവെന്ന് രൂക്ഷ വിമര്‍ശനമുയര്‍ന്നതോടെ ഇനി സമരമെന്ന തീരുമാനവും യോഗത്തിലുണ്ടായി. സഹകരണമേഖല തട്ടിപ്പുകള്‍ക്കെതിരായി കേരളത്തിലാകെ പ്രക്ഷോഭം നടത്താനും സെക്രട്ടറിയെറ്റ് വളയുന്നതുള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്കും നേതൃയോഗത്തില്‍ തീരുമാനമായി.

കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിന്നെതിരെയുള്ള എതിര്‍പ്പ് കേരളത്തിലെ പാര്‍ട്ടിയില്‍ ശക്തമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലും വലിയ നേട്ടം ലഭിക്കുമെന്ന കണക്കുകൂട്ടലും ദേശീയ നേതൃത്വത്തിനില്ല. ബിജെപി ജയിക്കുമെന്ന തോന്നല്‍ വന്നാല്‍ ഇടത്-വലത് വോട്ടുകള്‍ ക്രോഡീകരിക്കപ്പെടും. വിജയം നഷ്ടമാവുകയും ചെയ്യും. കേരളത്തില്‍ ശക്തമായ ന്യൂനപക്ഷ വോട്ട് ബാങ്ക് നിലവിലുണ്ട്. ഈ വോട്ട് ബാങ്കില്‍ കടന്നുകയറാനുള്ള ഒരു ശ്രമവും വിജയിച്ചില്ല. കൃസ്ത്യന്‍ വോട്ടു ബാങ്കുകള്‍ ബിജെപിയ്ക്ക് അനുകൂലമായി തിരിയും എന്ന് വന്നപ്പോഴാണ് മണിപ്പൂര്‍ കലാപമുണ്ടായത്. ഇതോടെ കൃസ്ത്യന്‍ അനുകൂല മനോഭാവം നഷ്ടമായി. മുസ്ലിം വോട്ടു ബാങ്കിലും ചെറിയ ചലനമുണ്ടാക്കാന്‍ പോലും പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടുമില്ല.

ഹിന്ദു വോട്ടു ബാങ്കുകളില്‍ വലിയ പങ്ക് സിപിഎമ്മിന് ഒപ്പവുമാണ്. ഗണപതി മിത്ത് വിവാദം അടക്കമുള്ള കാര്യങ്ങള്‍ ഹിന്ദു വോട്ട് ബാങ്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി തിരിയാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ശബരിമല പ്രക്ഷോഭത്തിനു ശേഷമുള്ള കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടു ബാങ്ക് യുഡിഎഫിനു ഒപ്പമാണ് നിലയുറപ്പിച്ചത്. ഒരു സീറ്റ് മാത്രമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് ലഭിച്ചത്. ഇത്തരം രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ബിജെപി അതീവ ദുര്‍ബലമായി കേരളത്തില്‍ തുടരുമ്പോഴും കെ.സുരേന്ദ്രനെ മാറ്റിയുള്ള ഒരു അഴിച്ച് പണിയ്ക്ക് കേന്ദ്ര നേതൃത്വം തയ്യാറാകാത്തത്.

സുരേന്ദ്രനെ മാറ്റിയാല്‍ കേരളത്തിലെ ഗ്രൂപ്പ് വഴക്കുകളും ശക്തി പ്രാപിക്കുകയും ചെയ്യും. ഇതെല്ലാമാണ് സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയില്‍ ഉറപ്പിച്ച് നിര്‍ത്തിയത്. കേരളത്തില്‍ ഒരു നേട്ടവും ഉണ്ടാക്കാന്‍ സുരേന്ദ്രന് കഴിഞ്ഞതുമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം അഴിച്ചുപണി പാര്‍ട്ടി നേതൃത്വത്തില്‍ വന്നെക്കുമെന്നാണ് നേതാക്കള്‍ക്ക് ലഭിച്ച സൂചനകള്‍. അതുവരെ തലപ്പത്ത് സുരേന്ദ്രന്‍ തന്നെ തുടര്‍ന്നേക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top