അഞ്ച് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ഈ വര്‍ഷം ഒടുവില്‍; അധികാരത്തിലുള്ളത് മധ്യപ്രദേശില്‍ മാത്രവും; വനിതാ സംവരണ ബില്‍ ആയുധമാക്കാന്‍ ഒരുങ്ങി ബിജെപി

ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണ ബില്‍ ബിജെപിയുടെ മുഖ്യ പ്രചാരണായുധങ്ങളിലൊന്നാകും. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചത് തന്നെ ഇതിന്റെ സൂചനയാണ്. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ ബില്‍ പാര്‍ലമെന്റില്‍ പാസാക്കുകയും ചെയ്തു.

മണ്ഡലപുനർനിർണയവും സെൻസസും കഴിഞ്ഞു മാത്രമേ ബില്‍ നടപ്പാക്കൂ എന്നുണ്ടെങ്കിലും ബില്ലിന്റെ പേരില്‍ വനിതാ വോട്ടുകളാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വനിതാ വോട്ടുകളാണ് എന്‍ഡിഎയെ അധികാരത്തില്‍ എത്തിച്ചതെന്ന് മോദി പല തവണ പറഞ്ഞിരുന്നു.

ശൗചാലയങ്ങൾ നിർമിച്ചതും വീട്ടമ്മമാര്‍ക്ക് സൗജന്യ ഗ്യാസ് കണക്‌ഷൻ നല്കിയതും ചലനമുണ്ടാക്കിയിരുന്നു. സ്ത്രീകൾ കൂട്ടത്തോടെ ബിജെപിക്കു വോട്ടു നല്‍കിയപ്പോള്‍ പല സംസ്ഥാനങ്ങളിലും ബിജെപി സീറ്റുകൾ തൂത്തുവാരുകയും ചെയ്തു. പക്ഷെ ഇക്കുറി സാഹചര്യം അനുകൂലമല്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി അല്ലെങ്കിലും ബിജെപിയ്ക്ക് എതിരെ ഇന്ത്യാ മുന്നണി അവര്‍ രൂപീകരിച്ചിട്ടുണ്ട്.

മോദിയും പ്രതിപക്ഷ സഖ്യവും തമ്മിലുള്ള നേര്‍ക്ക് നേര്‍ ഏറ്റുമുട്ടലാണ് നടക്കാന്‍ പോകുന്നത്. അതിന്നിടയില്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാവുകയും ചെയ്യുന്നുണ്ട്. ഇന്ത്യ എങ്ങനെ ചിന്തിക്കുന്നു എന്നറിയാന്‍ ബിജെപിയ്ക്ക് അത് വഴിയൊരുക്കും.

ഈ വര്‍ഷാവസാനമുള്ള തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനങ്ങളില്‍ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് അധികാരമുള്ളത് മധ്യപ്രദേശില്‍ മാത്രം. രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസാണ് അധികാരത്തില്‍. തെലങ്കാനയില്‍ ബിആര്‍എസ് ആണ് അധികാരത്തില്‍. മധ്യപ്രദേശില്‍ അധികാരത്തിലുണ്ടെങ്കിലും കോണ്‍ഗ്രസ് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ടൊക്കെ തന്നെ സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ഫലം പാര്‍ട്ടിയ്ക്ക് ഉറ്റുനോക്കേണ്ടി വരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here