പത്മജയെ ബിജെപി മറന്നോ; ഛത്തീസ്ഗഢ് ഗവര്‍ണര്‍ പദവി പഴങ്കഥയോ; ഒരനക്കവും ഇല്ലെന്ന് കെ.മുരളീധരനും

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു. എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തി. തൃശൂരില്‍ നിന്നും ലോക്സഭയിലേക്ക് എത്തിയ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവുകയും ചെയ്തു. പത്മജ വേണുഗോപാല്‍ ഗവര്‍ണര്‍ ആകുമോ എന്ന ചോദ്യം ഇപ്പോള്‍ ഉയരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് എന്‍ഡിഎ വീണ്ടും എത്തിയാല്‍ പത്മജയെ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആക്കുമെന്ന് ബിജെപി ദേശീയ നേതൃത്വത്തെ ഉദ്ധരിച്ച് ഡല്‍ഹിയില്‍ നിന്നും വാര്‍ത്ത വന്നത്.

ഇക്കാര്യം പലതലങ്ങളില്‍ നിന്നും കേട്ടെന്നും ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പത്മജ പ്രതികരിക്കുകയും ചെയ്തിരുന്നു. ബിജെപി തനിക്കുവേണ്ടി നല്ലത് ചെയ്യുമെന്ന് ഉറപ്പുണ്ട്. പഴയ പാര്‍ട്ടിയില്‍ നിന്നുണ്ടായ ചവിട്ടും കുത്തുമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടെന്നുമാണ് അവര്‍ പറഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പത്മജ ബിജെപിയില്‍ എത്തിയത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരുന്നു.

പത്മജയെ ഗവര്‍ണര്‍ ആക്കുന്ന കാര്യത്തില്‍ ബിജെപിയില്‍ നിന്നും ഒരനക്കവും ഇല്ലെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “പത്മജയെ ഗവര്‍ണര്‍ ആക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒരു വാര്‍ത്തയും വരുന്നില്ല. തൃശൂരിലെ തന്റെ പരാജയത്തില്‍ പത്മജയ്ക്ക് കാര്യമായ പങ്കുണ്ട്. പക്ഷെ പത്മജയും ബിജെപിയും തമ്മിലുള്ള ധാരണ എന്താണ് എന്നറിയില്ല.” – മുരളീധരന്‍ പറഞ്ഞു.

ബിജെപി ദേശീയ നേതൃത്വം വാഗ്ദാന ലംഘനം നടത്തിയില്ലെങ്കില്‍ പത്മജ ഗവര്‍ണര്‍ ആകേണ്ടതാണ്. ലീഡര്‍ കരുണാകരന്റെ തട്ടകമായ തൃശൂരില്‍ നിന്നുമാണ് സുരേഷ് ഗോപി വിജയിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന പത്മജ തൃശൂര്‍ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതേ മണ്ഡലത്തില്‍ നിന്നുമാണ് ബിജെപിക്ക് കേരളത്തില്‍ നിന്നും ആദ്യമായി ഒരു എംപിയെ ലഭിച്ചതും.

ഒരു ലോക്സഭാ സീറ്റ് അല്ലങ്കില്‍ പ്രധാനപ്പെട്ട ഒരു പദവി എന്ന വാഗ്ദാനമാണ് ബിജെപിയിലേക്ക് എത്തുന്നതിന് മുന്നോടിയായി പത്മജയ്ക്ക് ലഭിച്ച വാഗ്ദാനം എന്നാണ് പുറത്തു വന്ന വാര്‍ത്ത. ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് ഛത്തീസ്ഗഢ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം പദവി ഒഴിയാനിരിക്കുകയാണ്. പകരം പത്മജ എത്തും എന്നാണ് വാര്‍ത്ത വന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top