പാലക്കാട്ടെ താരമായി സന്ദീപ് വാര്യര്‍; ബിജെപി രാഷ്ട്രീയത്തില്‍ മാറ്റം വരും; ആര്‍എസ്എസ് കടുപ്പിക്കുമെന്ന് ഉറപ്പ്

എറെ രാഷ്ട്രീയ നാടകങ്ങള്‍ കണ്ട് പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ അവസാന ഘട്ടത്തിലെ ഞെട്ടിക്കുന്ന രാഷ്ട്രീയ നീക്കമായിരുന്നു സന്ദീപ് വാര്യരുടെ ബിജെപിയിലേക്കുളള കടന്നു വരവ് . സി കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ മുതല്‍ അസ്വസ്ഥനായിരുന്നു സന്ദീപ്. ഒപ്പം സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനടക്കമുളള നേതാക്കളുമായുള്ള എതിര്‍പ്പ് കൂടിയായതോടെ അത് ഒരു പൊട്ടിത്തെറിക്ക് കാരണമായി. ഇനി പ്രചരണത്തിനില്ലെന്ന് സന്ദീപ് പറഞ്ഞെങ്കിലും അനുനയിപ്പിക്കാന്‍ ശ്രമിക്കാതെ പ്രകോപിക്കാനാണ് സുരേന്ദ്രനടക്കം ശ്രമിച്ചത്. ഇതോടെ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. അപ്പോഴും നിസാരനെന്ന് പറഞ്ഞ് അവഗണിക്കാനായിരുന്നു നേതൃത്വത്തിന്റെ ശ്രമം.

ബിജെപി നേതൃത്വം പോലും പ്രതീക്ഷിച്ചത് സന്ദീപ് സിപിഎം പാളയത്തില്‍ എത്തും എന്നായിരുന്നു. സിപിഎം ഇതിനായി ശ്രമങ്ങളും സജീവമാക്കിയിരുന്നു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ സന്ദീപ് കോണ്‍ഗ്രസ് പാളയത്തില്‍ ചേക്കേറി. അന്ന് മുതല്‍ സന്ദീപിനെ തിരഞ്ഞെടുപ്പില്‍ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് സമര്‍ത്ഥമായി ഉപയോഗിച്ചു. കോണ്‍ഗ്രസില്‍ എത്തി ആദ്യം തന്നെ സന്ദീപിനെ എത്തിച്ചത് പാണക്കാടായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത് പാലക്കാട്ടെ ന്യൂനപക്ഷങ്ങള്‍ക്കുളള സന്ദേശമായിരുന്നു. ഇതെല്ലാം ഫലം കണ്ടു എന്ന് വേണം കരുതാന്‍.

ബിജെപിയുടെ വോട്ടുകളില്‍ വലിയ ചോര്‍ച്ച നേരിട്ടുണ്ട്. ഇതിനെല്ലാം നേതൃത്വവും സ്ഥാനാര്‍ത്ഥിത്വം പിടിച്ചു വാങ്ങിയ സി കൃഷ്ണകുമാറും മറുപടി പറയേണ്ടി വരും. ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ആദ്യം മുതല്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെ വെട്ടിയാണ് കൃഷ്ണകുമാര്‍ സ്ഥാനാർത്ഥിയായത്. പ്രചരണം അടക്കം എല്ലാം നിയന്ത്രിച്ചത് കെ സുരേന്ദ്രനും. അതുകൊണ്ട് തന്നെ ഈ ദയനീയ പരാജയം ഈ സംഘത്തെ വേട്ടയാടും എന്ന് ഉറപ്പാണ്. സന്ദീപ് വാര്യരെ പിണക്കി ഓടിച്ചതില്‍ തന്നെ ആര്‍എസ്എസിന് എതിര്‍പ്പുണ്ട്. ബിജെപി നേതാക്കളാരും ശ്രമിച്ചില്ലെങ്കിലും സന്ദീപിനെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് ഒരു ശ്രമം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ വലിയ പരാജയത്തില്‍ ആര്‍എസ്എസ് സ്വരം കടുപ്പിക്കും എന്ന് ഉറപ്പിക്കാം.

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തില്‍ കെ സുരേന്ദ്രനേയും കൃഷ്ണകുമാറിനേയും കടന്ന് ആക്രമിക്കുകയാണ് സന്ദീപ് ചെയ്തത്. സംസ്ഥാന കമ്മറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍നിന്ന് കെ സുരേന്ദ്രനെയും സംഘത്തെയും അടിച്ചു പുറത്താക്കി ചാണകവെള്ളം തളിക്കാതെ ബിജെപി രക്ഷപ്പെടില്ല. പാല്‍ സൊസൈറ്റിയില്‍ തിരഞ്ഞെടുപ്പ് വന്നാലും കൃഷ്ണകുമാര്‍, പഞ്ചായത്തിലും കൃഷ്ണകുമാര്‍, നിയമസഭയിലും കൃഷ്ണകുമാര്‍, പാര്‍ലമെന്റിലും കൃഷ്ണകുമാര്‍. ഇതിനുള്ള തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. കൃഷ്ണകുമാറും ഭാര്യയും ചേര്‍ന്ന് പാലക്കാട്ടെ ബിജെപിയെ തകര്‍ക്കുകയാണെന്നും സന്ദീപ് ആരോപിച്ചു.

ഇത് സന്ദീപിന്റെ മാത്രം സ്വരമായി ഇനി അവസാനിക്കില്ല. പാര്‍ട്ടിക്കുള്ളിലെ എതിര്‍ ചേരി സുരേന്ദ്രനെതിരെ ഇത് ആയുധമാക്കും എന്ന് ഉറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top