പരാതി പറഞ്ഞ് മടുത്ത് ജനം; പരിഹരിക്കുന്നില്ലെങ്കില്‍ കുത്തിയിരുന്ന് എണ്ണിക്കോ; പട്ടാഴി കെഎസ്ഇബി ഓഫീസില്‍ വേറിട്ട പ്രതിഷേധവുമായി ജനപ്രതിനിധി

എസ്.ശ്രീജിത്ത്

കൊല്ലം : പത്തനാപുരം പട്ടാഴി കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരെക്കൊണ്ട് എണ്ണായിരം രൂപയുടെ നാണയത്തുട്ടുകള്‍ എണ്ണിപ്പിച്ചിരിക്കുകയാണ് തലവൂര്‍ പഞ്ചായത്ത് രണ്ടാലുംമൂട് വാര്‍ഡ്‌ മെമ്പറായ സി.രഞ്ജിത്ത്. തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നതിനോടുള്ള പ്രതിഷേധ സൂചകമായാണ് ഈ ബിജെപി അംഗത്തിന്റെ നടപടി.

തലവൂരിലെ പട്ടാഴി സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നത് പതിവാണ്. ദിവസവും 20 തവണ വരെയാണ് ഇത്തരത്തില്‍ വൈദ്യുതി മുടങ്ങുന്നത്. പല തവണ പരാതി പറഞ്ഞെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് പ്രതിഷേധിച്ചതെന്ന് രഞ്ജിത്ത് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. തലവൂര്‍ മേഖലയിലെ ഉപഭോക്താക്കളുടെ ബില്‍ തുകയടയ്ക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. ഇത്തരത്തില്‍ ബില്‍ അടയ്ക്കാനുള്ള 9 പേരുടെ ബില്‍ ശേഖരിച്ച് അതിനുള്ള തുക ചില്ലറായി എത്തിക്കുകയാണ് രഞ്ജിത്ത് ചെയ്തത്. 8000 രൂപയുടെ നാണയങ്ങളാണ് ഇതിനായി സമാഹരിച്ചത്. ഓരോ ബില്ലുകളുടേയും തുക പ്രത്യേകം കവറുകളിലാക്കി ഒരു സഞ്ചിയില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയായിരുന്നു. ക്യാഷ് കൗണ്ടറില്‍ ഇരുന്ന ഉദ്യോഗസ്ഥ ബില്‍ വാങ്ങി പരിശോധിച്ച ശേഷം പണം ആവശ്യപ്പെട്ടപ്പോഴാണ് ഈ സഞ്ചി കൈമാറിയത്. അമ്പരപ്പോടെയാണ് ഉദ്യോഗസ്ഥ ഇത് കൈപ്പറ്റിയത്. പിന്നാലെ കെഎസ്ഇബിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമാണെന്ന് രഞ്ജിത്ത് വ്യക്തമാക്കുകയായിരുന്നു. ഇതോടെ സെക്ഷനിലെ ഉദ്യോഗസ്ഥരെല്ലാം എത്തി ശബരിമല ഭണ്ഡാരമെണ്ണുന്നതു പോലെ വട്ടം കൂടിയിരുന്ന് നാണയത്തുട്ടുകള്‍ എണ്ണാന്‍ തുടങ്ങി.

നാണയം സംഘടിച്ചത് അമ്പലങ്ങളില്‍ നിന്നും

3250, 1500, 950 എന്നിങ്ങനെ വിവിധ തുകകളായിരുന്നു ബില്ലിലുണ്ടായിരുന്നത്. ഈ തുകയ്ക്കുളള നാണയങ്ങള്‍ സമീപത്തെ അമ്പലങ്ങളില്‍ നിന്നാണ് സംഘടിപ്പിച്ചത്. ഭണ്ഡാരം തുറക്കുന്ന സമയത്ത് നോട്ട് നല്‍കി നാണയങ്ങള്‍ ശേഖരിക്കുകയായിരുന്നു. അമ്പലങ്ങളില്‍ നിന്നും 1, 2, 5, 10 എന്നിങ്ങനെ തരംതിരിച്ചാണ് നാണയങ്ങള്‍ നല്‍കിയത്. എന്നാല്‍ കെഎസ്ഇബി ഓഫീസില്‍ നല്‍കിയത് എല്ലാ നാണയങ്ങളും ഉള്‍പ്പെടുത്തിയാണ്. രാത്രി 1 മണി വരെ സമയമെടുത്താണ് ആവശ്യമായ നാണയങ്ങള്‍ എണ്ണിയെടുത്ത് ഒരോ കവറുകളിലാക്കിയതെന്നും രഞ്ജിത്ത് പറഞ്ഞു.

എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വരെ നാണയമെണ്ണി

എണ്ണായിരം രൂപയുടെ നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്താന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. ഓഫീസിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വരെ നാണയമെണ്ണേണ്ടി വന്നതായി രഞ്ജിത്ത് പറഞ്ഞു. ഉച്ചയോടെയാണ് ഓഫീസില്‍ എത്തിയത്. മൂന്ന് മണിക്ക് വീട്ടില്‍ പോകുന്ന ഉദ്യോഗസ്ഥര്‍ അഞ്ച് മണിയായിട്ടും നാണയം എണ്ണി തീരാത്ത അവസ്ഥയായിരുന്നു. തുടര്‍ന്ന് 5 മണിക്ക് റസീപ്റ്റ് തന്നതോടെയാണ് ഓഫീസില്‍ നിന്ന് പ്രതിഷേധം മതിയാക്കി പോന്നത്. പരാതി പറഞ്ഞ് മടുത്തതു കൊണ്ടാണ് ഇത്തരമൊരു പ്രതിഷേധം നടത്തിയത്. ഇതിലും പരിഹാരം ഉണ്ടായില്ലെങ്കില്‍ വാര്‍ഡിലെ മുഴുവന്‍ പേരുടേയും ബില്‍ ഇത്തരത്തില്‍ ശേഖരിച്ച് പിക്ക് അപ്പ് വാഹനത്തില്‍ എത്തിക്കാനാണ് തീരുമാനമെന്നും രഞ്ജിത്ത് പറഞ്ഞു.

വാഹനം തടഞ്ഞ് പ്രതിഷേധിക്കേണ്ട കാര്യമില്ല

കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ജോലി ചെയ്യാത്തതിന് റോഡില്‍ ഇറങ്ങി വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിക്കേണ്ട കാര്യമില്ലാത്തതിനാലാണ് ഈ സമര മാര്‍ഗ്ഗമെന്നാണ് രഞ്ജിത്ത് പറയുന്നത്. ഇതേ രീതിയില്‍ തന്നെയാണ് വാട്ടര്‍ അതോറിറ്റിയും പഞ്ചായത്തുമെല്ലാം ജനങ്ങള്‍ക്ക് സേവനം നല്‍കുന്നത്. വാട്ടര്‍ അതോറിറ്റി ബില്ലും പഞ്ചായത്ത് കരവുമെല്ലാം ഇത്തരത്തില്‍ അടയ്ക്കാനാണ് തീരുമാനം. ഇത് ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കലല്ല. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കിക്കാനാണെന്നും രഞ്ജിത്ത് പറയുന്നു. നാണയങ്ങള്‍ കൊണ്ടു വന്ന പ്ലാസ്റ്റിക് കവറുകളും സഞ്ചിയും തിരികെ വാങ്ങി ഹരിത കര്‍മ്മ സേനയെ എല്‍പ്പിച്ച ശേഷമാണ് രഞ്ജിത്ത് മടങ്ങിയത്.

പ്രതിഷേധത്തിനു ശേഷം വൈദ്യുതി മുടങ്ങിയില്ല

കെഎസ്ഇബി ഓഫീസില്‍ പ്രതിഷേധിച്ച ശേഷം ഇതുവരെ വൈദ്യുതി തടസ്സമുണ്ടായിട്ടില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. ഈ മേഖലയില്‍ മരങ്ങള്‍ കൂടുതലുള്ളതിനാലാണ് അടിക്കടി വൈദ്യുത തടസ്സമുണ്ടാകുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top