കോര്‍ കമ്മറ്റിക്ക് ശേഷം മാധ്യമങ്ങളെ കാണാതെ സംസ്ഥാന അധ്യക്ഷന്‍; എമ്പുരാനിലും സമവായം; ബിജെപിയില്‍ രാജീവ് ചന്ദ്രശേഖര്‍ കാലത്തിന് തുടക്കം

ബിജെപി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റെടുത്ത ശേഷം നടന്ന ആദ്യ കോര്‍കമ്മറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് നടന്നു. ബിജെപിയുടെ പ്രധാന യോഗങ്ങള്‍ക്കെല്ലാം ശേഷം സംസ്ഥാന പ്രസിഡന്റ് മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുക ബിജെപിയുടെ പതിവാണ്. എന്നാല്‍ രാജീവ് ചന്ദ്രശേഖറിന്റെ കാലത്ത് ആ പതിവ് മാറുന്നതിന്റെ സൂചനയാണ് ഇന്ന് ലഭിച്ചത്.
കോര്‍ കമ്മറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടത് ബിജെപി സംസ്ഥാന സെക്രട്ടറി പി സുധീര്‍, സെക്രട്ടറി എസ് സുരേഷ് എന്നിവരായിരുന്നു. എമ്പുരാന്‍ വിവാദം അടക്കം നിരവധി വിഷയങ്ങളിലെ ചോദ്യം ഒഴിവാക്കി പോവുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. സിനിമ കാണുമെന്ന് രാജീവ് ചന്ദ്രശേഖര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷമാണ് ഗുജറാത്ത് കലാപം സംബന്ധിച്ച് പരാമര്‍ശം സിനിമയില്‍ ഉണ്ടെന്ന വിവരം പുറത്തു വന്നത്. ഇതോടെ ബിജെപി ഭാരവാഹികളും അണികളും ഉറഞ്ഞ് തുള്ളുകയാണ്.
എന്നാല്‍ ഇതെല്ലാം വ്യക്തിപരമായ അഭിപ്രായമാണെന്നും ഒരു സിനിമയും ബിജെപിക്ക് പ്രശ്‌നമല്ലെന്നാണ് ഭാരവാഹികള്‍ വ്യക്തമാക്കിയത്. ഇതോടെയാണ് ബിജെപി ശൈലി മാറ്റിയെന്ന രീതിയില്‍ പ്രചരണം തുടങ്ങിയത്. അണികളുടെ അഭിപ്രായവും ബഹിഷ്‌കരണ ആഹ്വാനവും തള്ളിപ്പറഞ്ഞുള്ള സംസ്ഥാന പ്രസിഡന്റിന്റെ നിലപാടില്‍ എന്താകും പ്രതികരണം എന്നാണ് ഇനി അറിയേണ്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here