പണം കിട്ടിയാൽ മുൻ ഓഫീസ് സെക്രട്ടറി എന്തും ചെയ്യും; കുഴൽപ്പണക്കേസ് വെളിപ്പെടുത്തലിന് പിന്നിൽ സിപിഎമ്മെന്നും ബിജെപി

കൊടകര കുഴല്‍പ്പണ കേസിൽ പാർട്ടിക്ക് പങ്കുണ്ടെന്ന മുൻ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായിബിജെപി തൃശൂർ ജില്ലാ പ്രസിഡൻ്റ് കെകെ അനീഷ് കുമാർ. ഉപതിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇങ്ങനെയൊരു നീക്കത്തിന് പിന്നിൽ സിപിഎം ആണെന്നാണ് ജില്ലാ അധ്യക്ഷൻ ആരോപിക്കുന്നത്. സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെ നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് ഏറെ കാലം മുൻപ് ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയ ആളാണ് സതീഷ്. അതിൻ്റെ വൈരാഗ്യം മൂലമാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതിന് പിന്നിലെന്നും അനീഷ് കുമാർ പറഞ്ഞു.


പാലക്കാട്,ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ ജയ സാധ്യത ഇല്ലാതാക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണിത്. പണം കിട്ടിയാൽ എന്തും പറയുന്ന ആളാണ് സതീഷ്. അങ്ങനെ വിവരങ്ങൾ അറിയാമെങ്കിൽ എന്തുകൊണ്ട് രണ്ട് വർഷമായി സതീഷ് ഇക്കാര്യം പോലീസിനോട് പറഞ്ഞില്ല. ആരോപണം ഉന്നയിക്കുന്നത് വൈകിയതിന് പിന്നിൽ എന്താണ് കാരണമെന്ന സംശയമാണുള്ളതെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് പറഞ്ഞു.

ALSO READ: ബിജെപിക്ക് കള്ളപ്പണമെത്തിയത് 6 ചാക്കുകളിലെന്ന് വെളിപ്പെടുത്തൽ; എല്ലാം പാർട്ടി അറിവോടെയെന്ന് മുൻ ഓഫീസ് സെക്രട്ടറി

ഉപതെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത് എന്തിനെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് താനോ സുരേന്ദ്രനോ ആ ഓഫീസിൽ ഉണ്ടായിരുന്നില്ല. രണ്ട് പേരും രണ്ട് മണ്ഡലത്തിലായിരുന്നു. ഇതിന് കോൾ രജിസ്റ്റർ തെളിവായുണ്ടെന്നും അനീഷ് പറഞ്ഞു. കേസിൽ സത്യം പുറത്തുകൊണ്ടുവരാൻ സംസ്ഥാന സർക്കാർ എന്ത് അന്വേഷണവും നടത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ആരോപണങ്ങളുമായി ഏത് അന്വേഷണം നേരിടാനും തയ്യാറാണ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ധർമരാജനെ കണ്ടിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാധനങ്ങൾ എടുത്ത് നൽകാൻ വന്ന ആൾക്ക് താമാസ സൗകര്യം ഏർപ്പെടുത്താൻ ഓഫീസ് സെക്രട്ടറിക്ക് അധികാരമുണ്ട്. തിരഞ്ഞെടുപ്പ് സാമഗ്രികൾ എത്തിക്കാൻ ചുമതലപ്പെടുത്തിയ ആളാണ് ധർമ്മരാജൻ. നടപടിക്ക് ശേഷം ഇയാൾ ബിജെപി ഓഫീസിൽ ഉണ്ടായിരുന്നില്ലെന്നും അനീഷ് കുമാർ പറഞ്ഞു.


കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്നും കൂടുതൽ കാര്യങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നാണ് ഇന്ന് തിരൂർ സതീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നത്. ധർമ്മരാജൻ ആദ്യമായി ജില്ലാ കമ്മിറ്റി ഓഫീസിൽ വരുമ്പോൾ സംസ്ഥാന അധ്യക്ഷനും ജില്ലാ പ്രസിഡൻ്റും അവിടെ ഉണ്ടായിരുന്നു. അവരോട് സംസാരിച്ചതിനുശേഷം അയാൾ പോയി. ധർമ്മരാജൻ പോയതിനുശേഷമാണ് തിരഞ്ഞെടുപ്പിന് വേണ്ട സാമഗ്രികൾ എത്തിക്കുന്നയാളാണെന്ന് പറഞ്ഞത്. ആറുചാക്കുകൾ ഓഫീസിന് മുകളിൽ കൊണ്ടുവച്ചതിനുശേഷമാണ് അതിനുള്ളിൽ പണമാണെന്ന് അറിഞ്ഞതെന്നുമായിരുന്നു സതീഷ് പറഞ്ഞത്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് ബിജെപിയെ വെട്ടിലാക്കി ആദ്യമായി കൊടകര കുഴൽപ്പണക്കേസ് ഉയരുന്നത്. തിരഞ്ഞെടുപ്പ് സമയത്താണ് കോഴിക്കോടു നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവന്ന കുഴൽപ്പണം ദേശീയപാതയിൽ കൊടകര വച്ച് ഒരു സംഘം കാർ തടഞ്ഞുനിറുത്തി തട്ടിയെടുക്കുകയായിരുന്നു. 25 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നായിരുന്നു കാറുടമ പരാതി നൽകിയത്. എന്നാൽ അന്വേഷണത്തിൽ 3.5 കോടി രൂപ നഷ്ടപ്പെട്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ എത്തിച്ച കളളപ്പണമാണ് ഇത് എന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ അതെല്ലാം ബിജെപി തള്ളുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top