‘ഖലിസ്ഥാൻ ഭീകരരിൽ നിന്നും എഎപി 14 കോടി കൈപ്പറ്റി’; കേജ്‌രിവാളിൻ്റെ ‘ക്രിമിനൽ റെക്കോർഡ്’ തുറന്നുകാട്ടാൻ കുറ്റപത്രവുമായി ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഡൽഹിയിലെ ആം ആദ്മി പാർട്ടി (എഎപി) സർക്കാരിനെതിരെയുള്ള ആക്രമണം ശക്തമാക്കി പ്രതിപക്ഷമായ ബിജെപി. എഎപി സർക്കാരിൻ്റെ ഭരണത്തിൽ അടിമുടി അഴിമതി ആരോപിച്ച് കുറ്റപത്രം ബിജെപി പുറത്തിറക്കി. മുൻ കേന്ദ്ര മന്ത്രിയും എംപിയുമായ അനുരാഗ് ഠാക്കൂറാണ് ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ കുറ്റപത്രം പ്രകാശിപ്പിച്ചത്. ആം ആദ്മിയും അരവിന്ദ് കേജ്‌രിവാളും കൊടിയ അഴിമതി നടത്തിയെന്നും ജനങ്ങളെ വ്യാജ വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചെന്നാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്.


ഖലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ്റെ നേതൃത്വത്തിലുള്ള നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിൽ (എസ്എഫ്‌ജെ) നിന്ന് കെജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള എഎപി 1.6 മില്യൺ ഡോളർ (ഏകദേശം 14 കോടി രൂപ) സ്വീകരിച്ചതായി ബിജെപി ആരോപിക്കുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ ഖലിസ്ഥാനി ഗ്രൂപ്പുകളുടെ പിന്തുണ എഎപി സ്വീകരിച്ചു. അനധികൃത റോഹിങ്ക്യൻ കുടിയേറ്റക്കാർക്ക് എഎപി സുരക്ഷ നൽകുന്നുവെന്നുമാണ് ബിജെപി പറയുന്നത്.

ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഒരു സംഘടനയിൽ നിന്ന് പണം കൈപ്പറ്റിയെന്നാരോപിച്ച് കേജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേന ശുപാർശ ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി കുറ്റപത്രം പുറത്തിറക്കിയിരിക്കുന്നത്. സിഖ്‌സ് ഫോർ ജസ്റ്റിസിൽ നിന്ന് പണം  സ്വീകരിച്ചെന്ന് ആരോപിച്ച് പ്രതിഷേധവും ബിജെപി ഇന്ന് സംഘടിപ്പിച്ചിരുന്നു. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരിൽ നിന്ന് സഹായവും ഫണ്ടും തേടാൻ ആരെയും അനുവദിക്കില്ലെന്ന് കെജ്‌രിവാളിനും എഎപിക്കുമെതിരെ ആഞ്ഞടിച്ച് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു. അരവിന്ദ് കേജ്‌രിവാൾ ദേശീയ സുരക്ഷയും അഖണ്ഡതയും അപകടത്തിലാക്കിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഈ കുറ്റപത്രത്തിൽ എഎപിയുടെ അഴിമതിയുടെ കഥകളുണ്ട്. ഡൽഹിയിലെ ജനങ്ങൾക്ക് അരവിന്ദ് കേജ്‌രിവാൾ വ്യാജ വാഗ്ദാനങ്ങൾ നൽകി. സൗജന്യ ചികിത്സയും വെള്ളവും വൈദ്യുതിയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഈ സേവനങ്ങൾക്കായി ആളുകൾ ഇപ്പോഴും പണം നൽകുകയാണ്. എട്ട് എഎപി മന്ത്രിമാരെയും 15 എംഎൽഎമാരെയും അഴിമതിക്കേസിൽ ജയിലിലടച്ചു. എന്നിട്ടും അവർ പറയുന്നത് ഡൽഹി അഴിമതി രഹിതമാണെന്ന്” – കുറ്റപത്രം പ്രകാശിപ്പിച്ചുകൊണ്ട് അനുരാഗ് ഠാക്കൂർ പറഞ്ഞു.


കോൺഗ്രസിൽ നിന്ന് പിന്തുണ സ്വീകരിക്കില്ലെന്നായിരുന്നു അരവിന്ദ് കേജ്‌രിവാൾ ആദ്യം പ്രഖ്യാപിച്ചത്. അദ്ദേഹം അത് ലംഘിച്ചു. സർക്കാർ ബംഗ്ലാവ് ഉപയോഗിക്കില്ലെന്ന് പറഞ്ഞു. എന്നാൽ ആഡംബര ബംഗ്ലാവ് നിർമിച്ചു. സർക്കാർ കാർ വേണ്ടെന്ന് പറഞ്ഞ് ഏറ്റവും വില കൂടിയത് വാങ്ങി. ഈ കുറ്റപത്രത്തിൽ ഡൽഹിയിലെ പ്രധാന പ്രതിയായ കേജ്‌രിവാളിൻ്റെ ക്രിമിനൽ റെക്കോർഡ് തുറന്നുകാട്ടുമെന്നും ഠാക്കൂർ പറഞ്ഞു.

“കേജ്‌രിവാൾജി, നിങ്ങളാണ് നമ്പർ വൺ എന്ന് നിങ്ങൾ പലപ്പോഴും പറയാറുണ്ട്. ഏത് മേഖലയിലാണ് നിങ്ങൾ ഒന്നാം സ്ഥാനത്ത്? രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്കിൽ വെള്ളം നൽകുന്നത് നിങ്ങളുടെ സർക്കാരാണ്. ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനങ്ങളിൽ ഡൽഹിയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരായ മന്ത്രിമാരാണ് ഡൽഹിയിലുള്ളത്.” ഠാക്കൂർ കൂട്ടിച്ചേർത്തു.

ഡൽഹി നിയമസഭയുടെ കാലാവധി അടുത്ത വർഷം ഫെബ്രുവരി 23 ന് അവസാനിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ അഴിമതി ആരോപണങ്ങളിലൂടെ എഎപിയേയും കേജ്‌രിവാളിനെയും പ്രതിരോധത്തിലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. തനിക്കെതിരെ ഉയർന്ന മദ്യനയ അഴിമതിയിൽ ജനങ്ങളുടെ മുന്നിൽ നിരപരാധിത്വം തെളിയിച്ച് വീണ്ടും മുഖ്യമന്ത്രിയാവും എന്നാണ് കേജ്‌രിവാൾ പ്രഖ്യാപിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top