‘നരേന്ദ്രമോദി നരാധമന്‍’ പരാമര്‍ശത്തില്‍ ഒരാഴ്ചയ്ക്കകം മാപ്പ് പറയണം; ജെയ്ക്ക് തോമസിനെതിരെ നിയമ നടപടികളുമായി ബിജെപി

തിരുവനന്തപുരം: നരേന്ദ്രമോദി നരാധമനാണെന്ന പരാമര്‍ശത്തില്‍ സിപിഎം നേതാവ് ജെയ്ക് സി. തോമസിനെതിരെ നിയമ നടപടിയുമായി ബിജെപി. ഒരാഴ്ചയ്ക്കകം വിവാദ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ഡോ. ആര്‍. ബാലശങ്കര്‍ വക്കീല്‍ നോട്ടീസയച്ചു. മാപ്പ് പറയാത്തപക്ഷം ക്രിമിനല്‍ കേസും, കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് നോട്ടീസില്‍ പറയുന്നത്. ജനാധിപത്യപരമായി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ജയിച്ച പ്രധാനമന്ത്രിയെ നരാധമന്‍ എന്ന് വിളിക്കുന്നത് രാജ്യത്തെ 140 കോടി ജനങ്ങളേയും ലോകത്തിന് മുന്നില്‍ അപമാനിക്കലാണ്. നരാധമന്‍ എന്ന് പറയപ്പെടുന്ന ഒരു വ്യക്തിക്ക് തെരെഞ്ഞെടുപ്പില്‍ പോലും മത്സരിക്കാന്‍ കഴിയില്ല. ഇത് ഭരണ ഘടനയോടുള്ള അവമതിപ്പായി മാത്രമേ കാണാന്‍ കഴിയൂ.രാഷ്ട്രീയ സംസ്‌കാരമുള്ള ആരും പ്രതിയോഗികളോട് ഇത്തരത്തില്‍ പ്രതികരിക്കാന്‍ പാടില്ലാത്തതാണെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

2017 ഡിസംബറിലെ ഗുജറാത്ത് തെരെഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘നീച് ആദ്മി’ എന്ന് വിളിച്ചതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.എന്നാല്‍ അത്തരത്തിലുള്ള ഒരു നടപടിയും ജെയ്ക് സി. തോമസിനെതിരെ സിപിഎം സ്വീകരിച്ചിട്ടില്ലെന്നും അതിനാലാണ് നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും ബാലശങ്കര്‍ പറഞ്ഞു.

കഴിഞ്ഞ 24 മാസമായി നരേന്ദ്രമോദിയെന്ന നരാധമന്‍ കേന്ദ്ര വിഹിതം നല്‍കാതിരിക്കുകയാണെന്നായിരുന്നു ജെയ്ക്കിന്റെ പരാമര്‍ശം. 1600 രൂപയുടെ വിധവ പെന്‍ഷനില്‍ 500 രൂപ കേന്ദ്ര വിഹിതവും 1100 രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണെന്നും ഇതില്‍ കേന്ദ്ര വിഹിതം കേരളത്തിന് നല്‍കാതായിട്ട് 24 മാസമായെന്നായിരുന്നു ജയ്കിന്റെ ആരോപണം. കേരളത്തിലെ വിധവകളാണെങ്കില്‍ നിങ്ങള്‍ക്ക് കാശ് തരില്ലെന്നാണ് കേന്ദ്രം പറയുന്നതെന്നും ജെയ്ക് ആരോപിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top