കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിജെപി വിട്ടേക്കും; സദാനന്ദ ഗൗഡ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തി; മൈസൂരു സീറ്റില്‍ മത്സരിപ്പിക്കാന്‍ നീക്കം

ബെംഗളൂരു: ഒരു മുന്‍ ഉപമുഖ്യമന്ത്രിയ്ക്ക് പിറകെ ബിജെപി വിടാനൊരുങ്ങി മുന്‍ മുഖ്യമന്ത്രിയും. മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ സദാനന്ദ ഗൗഡ പാര്‍ട്ടി വിട്ടേക്കുമെന്നാണ് സൂചന. സിറ്റിംഗ് സീറ്റായ ബെംഗളൂരു നോര്‍ത്തില്‍ ഇത്തവണ സീറ്റ് നിഷേധിച്ചതില്‍ അതൃപ്തനായിരുന്നു. കേന്ദ്രമന്ത്രി ശോഭാ കരന്ദ്‌ലജയെ ആണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി.

കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡി.കെ.ശിവകുമാര്‍ അടക്കമുള്ള നേതാക്കള്‍ സദാനന്ദ ഗൗഡയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. മൈസൂരു സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്‌.

വൊക്കലിഗ വിഭാഗത്തിലെ പ്രബല നേതാവാണ്‌ സദാനന്ദ ഗൗഡ. മൈസൂരു സീറ്റില്‍ കോണ്‍ഗ്രസ് തേടുന്നത് വൊക്കലിഗ സ്ഥാനാർഥിയെയെയാണ്. അതുകൊണ്ട് തന്നെയാണ് മൈസൂരു സീറ്റ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ തുടക്കകാലത്ത് റെയിൽവേ മന്ത്രിയായിരുന്നു. പിന്നീട് അദ്ദേഹത്തെ റെയിൽവേ മന്ത്രാലയത്തിൽനിന്നും മാറ്റിയിരുന്നു. ഇതിലും അദ്ദേഹം അതൃപ്തനായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സാധ്യത കല്‍പ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടകം. അതുകൊണ്ട് തന്നെ കര്‍ണാടകയില്‍ നിന്നുള്ള വിമത നീക്കങ്ങളില്‍ കേന്ദ്ര നേതൃത്വം ആശങ്കയിലാണ്. കര്‍ണാടകയിലെ ഏറ്റവും മുതിര്‍ന്ന നേതാവായ കെ.എസ്.ഈശ്വരപ്പ തന്നെ വിമതവേഷം അണിഞ്ഞതാണ് നേതൃത്വത്തെ അലട്ടുന്നത്. മകന്‍ കാന്തേഷിന് ഹാവേരി ലോക്സഭാ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് നേതൃത്വവുമായി ഈശ്വരപ്പ ഇടഞ്ഞത്. ബി

.എസ്.യെദ്യൂരപ്പയുടെ മകന്‍ ബി.വൈ.രാഘവേന്ദ്രയ്ക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് ഈശ്വരപ്പയുടെ ഭീഷണി. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴാണ് സദാനന്ദ ഗൗഡ കൂടി പാര്‍ട്ടി നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top