‘ഇതാ കേജ്‌രിവാളിൻ്റെ കോടികൾ മുടക്കിയ ബംഗ്ലാവിൻ്റെ ദൃശ്യങ്ങളും കണക്കുകളും’; ഡൽഹി മുൻ മുഖ്യമന്ത്രിയുടെ ‘ശീഷ് മഹൽ’ വീഡിയോയുമായി ബിജെപി
ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് വീഡിയോളിൻ്റെ ബംഗ്ലാവിൻ്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ബിജെപി. പൊതുപണം ധൂർത്തടിച്ച് ഒരു സെവൻ സ്റ്റാർ റിസോർട്ട് നിർമ്മിച്ചു എന്നാണ് പ്രധാന ആരോപണം. ഐശ്വര്യത്തെയോ ആഡംബരത്തെയോ സൂചിപ്പിക്കുന്നു ‘ശീഷ് മഹൽ’ (കണ്ണാടികളുടെ കൊട്ടാരം) എന്നായിരുന്നു നേരെത്തെ ബിജെപി പരിഹസിച്ചിരുന്നത്. നോർത്ത് ഡൽഹിയിലെ 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ കേജ്‌രിവാളിൻ്റെ മുൻ ഔദ്യോഗിക വസതിയെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.
കേജ്‌രിവാൾ മുഖ്യമന്ത്രി പദവിയിലിരിക്കെ ഔദ്യോഗിക വസതി നവീകരിച്ചതിൽ നിരവധി ക്രമക്കേടുകൾ നടത്തിയെന്ന് ബിജെപി നേരത്തേയും ആരോപിച്ചിരുന്നു. രാഷ്ട്രീയത്തിൽ പ്രവേശിക്കുമ്പോൾ കേജ്‌രിവാൾ നൽകിയ ‘ലളിത ജീവിതം’ എന്ന വാഗ്ദാനം ലംഘിച്ചു. 45 കോടി രൂപ ബംഗ്ലാവ് നവീകരണത്തിനായി എഎപി സർക്കാർ ചിലവഴിച്ചുവെന്നായിരുന്നു ആരോപണം. സാധാരണക്കാരൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അരവിന്ദ് കേജ്‌രിവാളിൻ്റെ ആഡംബര ശീഷ് മഹലിനെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്നു എന്നാണ് ബിജെപി സോഷ്യൽ മീഡിയയിൽ അവകാശപ്പെടുന്നത്.
ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവയടക്കമുള്ളവർ വീഡിയോയും എക്സിൽ പങ്കുവച്ചിട്ടുണ്ട്. ജിമ്മും സ്പായും ഉൾപ്പെടെയുള്ള സംവിധാനങ്ങളുളള ബംഗ്ലാവിന് 3.75 കോടി രൂപയാണ് നിർമ്മാണ ചിലവ്. 1.9 കോടി രൂപ മുടക്കിയാണ് മാർബിളും ഗ്രാനൈറ്റും വീടിനുള്ളിൽ പാകിയത്. ജിമ്മിനും സ്പാ ഫിറ്റിംഗിനും മാത്രം 35 ലക്ഷം രൂപ ചെലവായി. പിന്നീട് ബംഗ്ലാവിൻ്റെ മെയിൻ്റനൻസിനായി 1.9 കോടി രൂപ ചിലവാക്കിയെന്നും ബിജെപി ആരോപിക്കുന്നു.
സർക്കാർ വീടും കാറും സുരക്ഷയും ആവശ്യമില്ലെന്ന് കളളസത്യം ചെയ്ത് ജനങ്ങളെ വിശ്വസിപ്പിച്ചവർക്ക് പൊതുപണം കൊള്ളയടിക്കാൻ എങ്ങനെയാണ് കഴിയുന്നതെന്നും ബിജെപി ചോദിക്കുന്നു. ആരോപണങ്ങൾക്ക് മറുപടിയുമായി ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തെത്തി. ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്‌കൂളുകൾ, ഉച്ചഭക്ഷണം, ആശുപത്രികൾ എന്നിവയുടെ നിലവാരം ഇല്ലായ്മയെപ്പറ്റിയുള്ള നിർണായക ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് പകരം അവർ കേജ്‌രിവാളിൻ്റെ മുൻ വസതിയെപ്പറ്റിയാണ് സംസാരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകളുടെ വിദ്യാഭ്യാസ-ആരോഗ്യ പരിഷ്‌കരണങ്ങളെക്കുറിച്ച് ആളുകൾ ചോദിക്കുമ്പോൾ ഒരു ബംഗ്ലാവിൻ്റെ കാര്യം ചൂണ്ടിക്കാട്ടി വിഷയത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടുകയാണെന്നാണ് സിസോദിയയുടെ പ്രതികരണം.
അതേസമയം ഡൽഹിയിലെ ജനങ്ങളിൽ നിന്ന് വിശ്വാസ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ വീണ്ടും മുഖ്യമന്ത്രിയുടെ കസേരയിലിരിക്കൂ എന്നാണ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം കേജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നത്. അടുത്ത ഫെബ്രുവരിൽ നടക്കുന്ന ഡൽഹി നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുമായി അദ്ദേഹം നേരിട്ട് സംവദിച്ച് നിലപാടുകൾ വ്യക്തമാക്കുമ്പോഴാണ് ബിജെപിയുടെ ആരോപണം. ഡൽഹി മദ്യനയ അഴിമതിക്കേസിൽ അഞ്ചുമാസം ജയിലിൽ കഴിഞ്ഞ കേജ്‌രിവാൾ സുപ്രീംകോടതി ജാമ്യം നൽകിയതിനെ പിന്നാലെയായിരുന്നു മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here