ബാലഗോപാലിന് തലയ്ക്ക് വെളിവില്ല; ശമ്പളം കൊടുക്കാന്‍ കഴിയില്ലെങ്കില്‍ രാജിവയ്ക്കണം; സംസ്ഥാനം ഇതുവരെ കാണാത്ത അരാജകത്വത്തില്‍; വിമര്‍ശനവുമായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയതിന് കാരണം കേന്ദ്രസര്‍ക്കാരെന്ന് പറയുന്ന ധനമന്ത്രി കെ.എന്‍.ബാലഗോപാലിന് തലയ്ക്ക് വെളിവില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കൃത്യമായ കണക്ക് പോലും നല്‍കാത്ത കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ പണം മുഴുവന്‍ അനുവദിച്ചിട്ടുണ്ട്. ഒരു കുടിശികയും നല്‍കാനില്ലെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരമന്‍ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും കോടികള്‍ കിട്ടാനുണ്ടെന്ന് പ്രചരിപ്പിക്കുകയാണ്. എല്ലാം കേന്ദ്രം നല്‍കണമെങ്കില്‍ എന്തിനാണ് സംസ്ഥാന സര്‍ക്കാര്‍. രാജിവച്ച് ഒഴിയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഇതുവരെ കാണാത്ത അരാജകത്വമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. കുട്ടികളെ പഠിക്കാന്‍ വിടാന്‍ പോലും രക്ഷിതാക്കള്‍ ഭയപ്പെടുന്ന അവസ്ഥയാണ്. കേരളത്തിലെ കോളജ് ഹോസ്റ്റലുകളില്‍ നടക്കുന്ന നീചമായ സംഭവങ്ങള്‍ ഇന്ത്യയില്‍ എവിടേയും നടക്കുന്നില്ല. പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ കൊലപാതകം ആത്മഹത്യയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിപിഎമ്മിന് ഏറെ വേണ്ടപ്പെട്ട വനിതാ പോലീസ് ഓഫീസറുടെ മകളാണ് സിദ്ധാര്‍ത്ഥനെതിരെ പരാതി നല്‍കിയത്. ഇത് കൊലപാതകികളായ എസ്എഫ്‌ഐക്കാരെ രക്ഷിക്കാനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കേരളത്തിലെ ക്യാംപസില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടും മുഖ്യമന്ത്രി മൗനത്തിലാണ്. ക്രൂരമായ മര്‍ദനത്തെ അപലപിക്കാന്‍ പോലും തയാറായില്ല. ഹരിയാനയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടയാള്‍ക്ക് 10 ലക്ഷം കൊടുക്കാന്‍ ഓടിയ മുഖ്യമന്ത്രിയാണ് സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോട് പോലും സംസാരിക്കാതെ മിണ്ടാതിരിക്കുന്നത്. മനസാക്ഷിയില്ലാത്ത നീചമായ മനസ്സാണ് മുഖ്യമന്ത്രിക്കെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ജോര്‍ജ് സംസാരത്തില്‍ മിതത്വം പാലിക്കണം

അനില്‍ ആന്റണി പരിചിതമുഖമല്ലെന്ന പി.സി.ജോര്‍ജിന്റെ പ്രസ്താവന ശരിയല്ലെന്ന് കെ.സുരേന്ദ്രന്‍. പത്തനംതിട്ടയില്‍ മത്സരിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച് സ്ഥാനാര്‍ത്ഥിയാണ് അനില്‍. ഒരു പരിചയപ്പെടുത്തലിന്റേയും ആവശ്യമില്ല. എല്ലാവശവും വിശദമായി പരിശോധിച്ചാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. പി.സി.ജോര്‍ജടക്കമുള്ള എല്ലാ പൊതുപ്രവര്‍ത്തകരും ഭാഷയില്‍ മിതത്വം പാലിക്കണം. എന്തും വിളിച്ച് പറയുന്ന സ്ഥിതിയുണ്ടാവരുത്. പാര്‍ട്ടിയില്‍ അച്ചടക്കം നിര്‍ബന്ധമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പി.സി.ജോര്‍ജിനെതിരെ നടപടി ഉണ്ടാകുമോയെന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാം എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top