കോഴിക്കോടിനെ വെട്ടി പാലക്കാട്ട് എയിംസ് സ്ഥാപിക്കാന്‍ ധാരണ; ‘സ്ട്രാറ്റജിക് നീക്കവുമായി’ ബിജെപി

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: കോഴിക്കോട് സ്ഥാപിക്കാന്‍ ഇടത് സര്‍ക്കാര്‍ കിണഞ്ഞ് ശ്രമിക്കുന്ന നിര്‍ദ്ദിഷ്ട ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) പാലക്കാട്ടേക്ക് മാറ്റാന്‍ രാഷ്ട്രീയ നീക്കം. കോഴിക്കോട് കിനാലൂരില്‍ ഭൂമി ഉള്‍പ്പെടെ കണ്ടുവച്ച് എല്ലാ ഒരുക്കങ്ങളും സംസ്ഥാന സർക്കാർ പൂര്‍ത്തിയാക്കിയിരിക്കെയാണ് ബിജെപിയുടെ പുതിയ കരുനീക്കം. എയിംസ് പാലക്കാട് വന്നാല്‍ ബിജെപിക്കുള്ള രാഷ്ട്രീയ സാധ്യതകള്‍ തിരിച്ചറിഞ്ഞ് കേന്ദ്ര ആരോഗ്യമന്ത്രാലയവും ബിജെപി ദേശീയ നേതൃത്വവുമാണ് അണിയറയില്‍ നടപടികൾ നീക്കുന്നത്.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ലോക്സഭാ സീറ്റ് പ്രതീക്ഷിച്ച് ബിജെപി ഒരുക്കുന്ന തന്ത്രങ്ങളാണ് ഇതിൽ നിര്‍ണ്ണായകമാകുന്നത്. ഇക്കാര്യത്തില്‍ സ്ട്രാറ്റജിക്കല്‍ തീരുമാനം ബിജെപി എടുത്ത് കഴിഞ്ഞതായാണ് സൂചന. എയിംസ് മെഡിക്കല്‍ കോളേജുകള്‍ രൂപകല്‍പ്പന ചെയ്യുന്ന ഏജന്‍സിയും കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയത് പാലക്കാട് സ്ഥാപിക്കാനാണ് എന്ന വിവരവും പുറത്ത് വരുന്നുണ്ട്. വിവരം അനൌദ്യോഗികമായി കേന്ദ്രം കേരളത്തെ അറിയിച്ചതായും സൂചനയുണ്ട്.

എയിംസ് കോഴിക്കോട് വരുന്നതിനേക്കാള്‍ പാലക്കാട് വരുന്നതിൽ രാഷ്ട്രീയവും ഭരണപരവുമായ നേട്ടങ്ങൾ ബിജെപി കേന്ദ്ര നേതൃത്വം കാണുന്നു. ബിജെപിയ്ക്ക് കേരളത്തിൽ ഏറ്റവും വളക്കൂറുള്ള ജില്ലയാണ് പാലക്കാട്. രാഷ്ട്രീയ വളര്‍ച്ചയുടെ ഗ്രാഫ് നോക്കിയാൽ ഇത് വ്യക്തമാകും. കഴിഞ്ഞ രണ്ട് ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നിർണായകമാണ്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ട് 1,36,541 വോട്ടുകളാണ് ശോഭാ സുരേന്ദ്രന്‍ നേടിയത്.

2019-ല്‍ ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍ അത് 2,18,556 ആക്കി ഉയർത്തി. മുക്കാല്‍ ലക്ഷത്തോളം വോട്ടുകളാണ് ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഉദയഭാസ്ക്കര്‍ പാലക്കാട്ട് നേടിയത് 22,317 വോട്ടുകളാണ്. 2016-ല്‍ ശോഭാ സുരേന്ദ്രന്‍ മത്സരിച്ചപ്പോൾ അത് 40,076 ആയി ഉയര്‍ത്തി രണ്ടാം സ്ഥാനത്ത് വന്നു. 2021-ല്‍ മെട്രോമാന്‍ ഇ.ശ്രീധരൻ ബിജെപിക്ക് വേണ്ടി മത്സരത്തിന് ഇറങ്ങിയപ്പോൾ ലഭിച്ചത് 50,220 വോട്ടുകളാണ്. ഇക്കുറിയും ബിജെപി രണ്ടാം സ്ഥാനത്തെത്തി. നാലായിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് വിജയം വഴുതിമാറിയത്. ഇതെല്ലാമാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയില്‍ ഉള്ളത്. കേരളത്തില്‍ ബിജെപി ഭരിക്കുന്ന ഏക നഗരസഭയെന്ന പരിഗണനയും പാലക്കാടിന് അനുകൂല ഘടകമാണ്.

എന്നാൽ മറ്റ് ചില പരിഗണനകളാകും ബിജെപി ഉയർത്തിക്കാണിക്കുക. ഭൂമിശാസ്ത്രപരമായി നോക്കിയാൽ കേരളത്തിൻ്റെ ഏതാണ് മധ്യഭാഗമാണ് പാലക്കാട്. കൊച്ചിക്കും തൃശൂരിനും കോഴിക്കോടിനും കൂടാതെ കോയമ്പത്തൂർക്കും ദിണ്ടിഗലിനുമൊക്കെ ഈ ലൊക്കേഷൻ ഗുണകരമാകും. അട്ടപ്പാടിയിലെ പട്ടികജാതിക്കാര്‍ക്കിടയില്‍ ശിശുമരണനിരക്ക് വളരെ കൂടിയ നിരക്കിലാണ്. പട്ടികജാതി മെഡിക്കല്‍ കോളേജ്‌ സ്ഥാപിച്ചത് പാലക്കാട് നഗരമധ്യത്തിലാണ്. ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസ് (ഐടിഐ) ആദ്യം ഏറ്റെടുത്ത ശേഷം സര്‍ക്കാരിനു കൈമാറിയ ഏക്കറുകണക്കിന് ഭൂമി ഈ മെഡിക്കല്‍ കോളജിനു ചുറ്റുമായുണ്ട്‌. അതിനാല്‍ സ്ഥലം കണ്ടെത്തല്‍ പാലക്കാട്ട് പ്രശ്നമേയല്ല.

എന്നാൽ കേന്ദ്രനീക്കത്തെക്കുറിച്ച് കാര്യമായ അറിവില്ല എന്നാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ ഔദ്യോഗികമായി പ്രതികരിക്കുന്നത്. ഏതെങ്കിലും ഒരു ജില്ല പ്രത്യേകമായി ഉയര്‍ത്തിക്കാണിക്കാന്‍ ബിജെപിയ്ക്ക് കഴിയില്ല. എയിംസ് പാലക്കാടാണോ കോഴിക്കോടാണോ എന്ന കാര്യത്തില്‍ ഇപ്പോൾ പ്രതികരിക്കാൻ കഴിയില്ല എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞത്.

കേരളത്തില്‍ നാല് ജില്ലകളാണ് എയിംസിനായി പരിഗണിക്കപ്പെട്ടത്. പക്ഷെ ഇടത് സര്‍ക്കാര്‍ കോഴിക്കോട് എന്ന ഒരു പ്രൊപ്പോസല്‍ മാത്രമാണ് കേന്ദ്രത്തിന് നല്‍കിയത്. കിനാലൂരില്‍ സ്ഥലവും കണ്ടെത്തിയിട്ടുണ്ട്. എയിംസ് പാലക്കാട്ടേക്ക് മാറുന്നുവെന്ന തരത്തിൽ ഒരു വിവരവും ലഭിച്ചില്ലെന്നാണ് കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി.തോമസ്‌ മാധ്യമ സിന്‍ഡിക്കറ്റിനോട് പ്രതികരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top