‘അമ്മ’ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പീഡനക്കേസ് പ്രതി വീണ്ടും ഭാരവാഹി ആകുമെന്ന് പ്രഖ്യാപനം
മലയാള സിനിമയിലെ സ്ത്രീകള്‍ക്കു നേരെയുള്ള ലൈഗികാതിക്രമം അടക്കം പരിശോധിച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ മുഴുവന്‍ ഭാരവാഹികളും രാജിവച്ചൊഴിഞ്ഞ താരസംഘടനയായ അമ്മയെ പുനരുജ്ജീവിപ്പിക്കാന്‍ രംഗത്തിറങ്ങി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇന്ന് കൊച്ചിയിലെ അമ്മ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ സുരേഷ് ഗോപിയെത്തി. രാജിവച്ചൊഴിഞ്ഞ മുഴുവന്‍ ഭാരവാഹികളേയും തിരികെ കൊണ്ടുവരണം എന്നാണ് സുരേഷ് ഗോപി യോഗത്തില്‍ ആവശ്യപ്പെട്ടത്.
ഗുരുതരമായ പരാമര്‍ശങ്ങളാണ് സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നത്. താരസംഘടനയിലെ നിരവധി ഭാരവാഹകള്‍ക്കെതിരെ ആരോപണങ്ങളും ഉയര്‍ന്നു. പിന്നാലെ ഭാരവാഹികള്‍ അടക്കമുള്ള നടന്‍മാര്‍ക്കെതിരെ കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതൊന്നും കൂടാതെ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ നടന്‍ സിദ്ധിഖിനെതിരെ തന്നെ ബലാത്സംഗക്കേസും വന്നും. നിലവില്‍ സുപ്രീംകോടതിയില്‍ നിന്നും ലഭിച്ച മുന്‍കൂര്‍ ജാമ്യത്തിലാണ് സിദ്ധിഖ്. ഇതൊന്നും കാര്യമാക്കേണ്ട കാര്യമില്ലെന്നാണ് ഒരു കേന്ദ്രമന്ത്രി തന്നെ പരസ്യമായി പറയുന്നത്. കുറ്റം തെളിയും വരെ അവര്‍ ആരോപണവിധേയര്‍ മാത്രമെന്നാണ് സുരേഷ് ഗോപി ഈ ഇടപെടലിനെല്ലാം നല്‍കുന്ന ന്യായീകരണം.
‘അമ്മയില്‍ പുതിയൊരു കമ്മിറ്റി വരും. ഇന്ന് അതിനുള്ള തുടക്കം കുറിച്ചിട്ടുണ്ട്. ഇനി ഉത്തരവാദപ്പെട്ടവര്‍ വരട്ടെ. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തും.’ യോഗത്തിന് ശേഷം സുരേഷ് ഗോപി പ്രതികരിച്ചു. പ്രശ്‌നങ്ങളെത്തുടര്‍ന്ന് കമ്മിറ്റി രാജിവെക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അതൊക്കെ അവിടെ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മോഹന്‍ലാല്‍ തന്നെ ആയിരിക്കുമോ വീണ്ടും വരിക എന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയതുമില്ല.
പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് നിലവില്‍ തന്നെ വിമര്‍ശനമുണ്ട്. തൃശൂര്‍ പൂരത്തിലെ വെടിക്കെട്ടിനെ ഇല്ലാതാക്കുന്ന ഉത്തരവ് സ്വന്തം വകുപ്പ് തന്നെ ഇറക്കിയിട്ടും അതില്‍ ഒരു ഇടപെടല്‍ തൃശൂര്‍ എംപി കൂടിയായ സുരേഷ് ഗോപിയില്‍ നിന്നും ഉണ്ടായിട്ടില്ല. വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നത്, എയിംസ് ഇങ്ങനെ നിരവധി ആവശ്യങ്ങളുണ്ടെങ്കിലും അതില്‍ ഒരു തീരുമാനം ഉണ്ടാക്കാനും സുരേഷ് ഗോപിക്ക് കഴിഞ്ഞിട്ടില്ല. ഇതുകൂടാതെ ആദ്യമായി താമര ചിഹനത്തില്‍ നിന്നും വിജയിച്ച എംപി കേന്ദ്രമന്ത്രിയായിട്ടും പാര്‍ട്ടിക്കൊരു ഗുണവുമില്ലെന്ന വിമര്‍ശനവുമുണ്ട്.
സിനിമാഭിനയം തുടരുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനം തന്നെ ബിജെപിക്ക് അത്ര സ്വീകാര്യമായിട്ടില്ല. അതിനൊപ്പമാണ് പൊതുസമൂഹം മൊത്തതില്‍ എതിര്‍പ്പ് ഉയര്‍ത്തിയ ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയത്തിലെ ഇടപെടല്‍ വരുന്നത്. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള നടപടിക്ക് ബിജെപി സംസ്ഥാന നേതൃത്വത്തിന് സാധിക്കില്ല. ആകെ കഴിയുന്നത് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ വിഷയം എത്തിക്കുക മാത്രമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here