എന്ത് മതവിദ്വേഷവും പറയാം; ബിജെപിക്കാരായാൽ പിണറായി പോലീസിനെ പേടിക്കേണ്ട; സുരേഷ് ഗോപിക്ക് എതിരായ അന്വേഷണം അവസാനിച്ചു
മുനമ്പം ഭൂമിപ്രശ്‌നത്തില്‍ പച്ചവെളളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും ബിജെപി നേതാക്കള്‍ക്കെതിരെ ഒന്നും ചെയ്യാതെ പിണറായി വിജയന്റെ പോലീസ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരായ കേസന്വേഷണം പോലീസ് അവസാനിപ്പിച്ചു. വയനാട് കമ്പളക്കാട് ഇരുവർക്കും എതിരായ കേസിൽ നടപടിയില്ലാതെ തീർപ്പാക്കിയത്. ഇവർക്ക് എതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിആര്‍ അനൂപിന്റെ മൊഴി പോലും എടുക്കാതെയാണ് കേസന്വേഷണം പൂട്ടിക്കെട്ടിയത്.
കൊരട്ടി പള്ളിയില്‍ നിന്ന് ലഭിച്ച മാതാവിന്റെ തിരുസ്വരൂപം മുനമ്പം സമരപന്തലില്‍ സ്ഥാപിച്ച്, തീപ്പൊരി ഡയലോഗുകളാണ് സുരേഷ് ഗോപി കാച്ചിയത്. വഖഫ് ബോര്‍ഡിനെ ‘കിരാതം’ എന്ന് വിശേഷിപ്പിച്ച കേന്ദ്രമന്ത്രി, ഈ സംവിധാനത്തിന്റെ തണ്ടെല്ല് ഒടിക്കുമെന്നും പ്രഖ്യാപിച്ചു. കൂടാതെ നിങ്ങള്‍ക്ക് ഭാവിയില്‍ പ്രശ്നം ഉണ്ടാകാതിരിക്കാന്‍ നിങ്ങള്‍ തിരഞ്ഞെടുത്ത് അയച്ചവരെ വരച്ചവരയില്‍ നിര്‍ത്തണം. പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യണം, എന്നെല്ലാം ആയിരുന്നു പ്രവർത്തകരെ വികാരം കൊള്ളിക്കാൻ ആഹ്വാനങ്ങൾ. മുനമ്പത്ത് നടക്കുന്ന അധര്‍മം ചെറുക്കുമെന്നും പ്രഖ്യാപിച്ചു.
ഇത് കലാപാഹ്വാനം ആണെന്ന് ആരോപിച്ചായിരുന്നു പോലീസില്‍ പരാതി എത്തിയത്. കേന്ദ്രമന്ത്രി എന്ന പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോര്‍ഡ് സംബന്ധിച്ച് തെറ്റിദ്ധാരണ പകര്‍ത്തിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇതിലെ അന്വേഷണം റെക്കോര്‍ഡ് വേഗത്തില്‍ അവസാനിപ്പിക്കുകയാണ് പോലീസ് ചെയ്തിരിക്കുന്നത്.
ബി ഗോപാലകൃഷ്ണന്‍ നടത്തിയത് ഇതിനേക്കാളെല്ലാം കടുത്ത വര്‍ഗീയ പരാമര്‍ശമായിരുന്നു. ‘എനിക്കൊരു സംശയം. നാളെ, അയ്യപ്പന്റെ ഭൂമി വഖഫിന്റേത് ആണെന്ന് പറയില്ലേ. അവിടെയൊരു ചങ്ങാതി ഇരിപ്പുണ്ട്. അയ്യപ്പന്‍ 18 പടിയുടെ മുകളിലാ… ആ 18 പടിയുടെ അടിയില്‍ വേറൊരു ചങ്ങാതിയുണ്ട്, വാവര്. ഈ വാവര് പറയാണ്, തത്കാലം ഞാനിത് വഖഫിന് കൊടുത്തുവെന്ന്, അങ്ങനെ പറഞ്ഞാല്‍ നാളെ ശബരിമല വഖഫിന്റേതാവും. അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും. അനുവദിക്കണോ?’ ഇതായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്. വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലായിരുന്നു ഈ പ്രസംഗം.
ഇത്രയും കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളുണ്ടായിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നതില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ബിജെപി നേതാക്കളായാല്‍ എന്തും പറയാം എന്ന അവസ്ഥയാണോ എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. ബിജെപി -സിപിഎം ഡീല്‍ എല്ലായിടത്തും പ്രകടമാണെന്നും നീതി തേടി കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ യുവജന സംഘടന എഐവൈഎഫും ഈ പ്രസംഗങ്ങളുടെ പേരില്‍ പരാതി നല്‍കിയിരുന്നു. ഇതിലും നടപടിയൊന്നും ഇല്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here