വകുപ്പ് ഭരിക്കുന്നത് സുരേഷ്‌ഗോപി; എന്നിട്ടും പൂരം വെടിക്കെട്ടിനെ തല്ലിക്കെടുത്തുന്ന നിയന്ത്രണം; കടുത്ത അമര്‍ഷത്തില്‍ തൃശൂരുകാര്‍
തൃശൂരില്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ്‌ഗോപിയുടെ വകുപ്പ് തന്നെ പൂരം വെടിക്കെട്ടിന് എതിരായ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അമര്‍ഷത്തിലാണ് പൂരപ്രേമികളും ദേവസ്വം ഭാരവാഹികളും. വെടിക്കെട്ടിന് പാലിക്കേണ്ട മാനദണ്ഡങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സിയായ ‘പെസോ’ (പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് നടപ്പാക്കിയാല്‍ പൂരത്തിന്റെ ഭാഗമായുളള വെടിക്കെട്ട് തന്നെ ഓര്‍മ്മയാകുന്ന സ്ഥിതിയാണ്. സുരേഷ് ഗോപിയുടെ വകുപ്പ് തന്നെ ഇത്തരമൊരു ഉത്തരവ് ഇറക്കിയത് ചതിയായിപ്പോയി എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
വെടിക്കെട്ട് സമാഗ്രികള്‍ സൂക്ഷിക്കുന്ന വെടിക്കെട്ട് പുരയും വെടിക്കെട്ട് നടത്തുന്ന സ്ഥലവും തമ്മിലുള്ള ദൂരപരിധി മാനദണ്ഡമാണ് പൂരത്തിന് വെല്ലുവിളിയാകുന്നത്. 200 മീറ്റര്‍ ദൂരപരിധിയാണ് ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. എന്നാല്‍ ഇത് ഒരുതരത്തിലും തൃശൂരില്‍ നടപ്പാക്കാന്‍ സാധിക്കില്ല. വടക്കുന്നാഥ ക്ഷേത്രമൈതാനത്ത് തിരുവമ്പാടിക്കും പാറമേക്കാവിനും വെവ്വേറെ വെടിക്കെട്ട് പുരകളാണ് ഉളളത്. ഇവിടെനിന്ന് 45 മീറ്റര്‍ മാറിയാണ് ഇരുവിഭാഗവും വെടിക്കെട്ടു സാമഗ്രികള്‍ നിരത്തുന്നത്. 200 മീറ്റര്‍ പരിധി നിശ്ചയിച്ചാല്‍ സ്വരാജ് റൗണ്ടും കടന്ന് പുറത്തേക്ക് പോകേണ്ടി വരും.
ആശുപത്രികളുടേയും സ്‌കൂളുകളുടേയും 250 മീറ്റര്‍ അകലെ വേണം വെടിക്കെട്ടു നടത്താനെന്നും മാനദണ്ഡത്തിലുണ്ട്. ഇതും തൃശൂരില്‍ പാലിക്കാന്‍ കഴിയില്ല. നഗരഹൃദയത്തില്‍ നടക്കുന്ന പൂര ചടങ്ങില്‍ ഒരിക്കലും പാലിക്കാന്‍ കഴിയാത്ത നിര്‍ദ്ദേശങ്ങളാണ് പെസോയുടെ ഉത്തരവിലുള്ളത്. ഇതില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ കടുത്ത അമര്‍ഷത്തിലാണ്.
വെടിക്കെട്ട് സ്ഥലവും ആളുകളും തമ്മിലുള്ള അകലം കുറയ്ക്കണമെന്ന പൂരപ്രേമികളുടെ ആവശ്യം പരിഗണിക്കാമെന്നും നവപൂരം നടപ്പാക്കുമെന്നും പ്രഖ്യാപിച്ചത് സുരേഷ് ഗോപിയാണ്. എന്നാല്‍ ഉണ്ടായത് പൂരത്തിന്റെ വെടിക്കെട്ട് തന്നെ ഇല്ലാതാക്കാനുള്ള തീരുമാനവുമാണ്. സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ പൂരം അലങ്കോലമാക്കിയതില്‍ സിപിഎമ്മിനും ബിജെപിക്കും പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് പുതിയ വിവാദം കൂടി വരുന്നത്. ഇതില്‍ രമ്യമായ പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ അത് രാഷ്ട്രീയമായി സുരേഷ്‌ഗോപിക്ക് വലിയ തിരിച്ചടിയുണ്ടാകും എന്ന് ഉറപ്പാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here