പോലീസിനെ ഉപയോഗിച്ച് യുപിയില്‍ നടക്കുന്ന ക്രൈസ്തവ വേട്ടയെ നേരിട്ട സോനു സരോജ്; നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന ഭരണകൂടമെന്ന് വിമര്‍ശനം
ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ മെക്കാനിക്കായ ഒരു ക്രൈസ്തവിശ്വാസി നടത്തിയത് വലിയ പോരാട്ടം. ‘ദി വയര്‍’ ആണ് ഈ പോരാട്ടത്തിന്റെ വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത്. കഴിഞ്ഞ 10 വര്‍ഷമായി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടരുന്ന ക്രൈസ്തവ വേട്ടയുടെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ഇതോടെ അനാവരണം ചെയ്യപ്പെട്ടത്. യുപിയിലെ ദളിത് മെക്കാനിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ പൊരുതി ജയിച്ച കഥ.
‘നിയമവിരുദ്ധത’ ആരോപിച്ച് ദീര്‍ഘനാളുകള്‍ വേട്ടയാടിയതിനുശേഷം കോടതികള്‍ നിയമനടപടികള്‍ അവസാനിപ്പിച്ച അപൂര്‍വം കേസുകളില്‍ ഒന്നാണ് യുപിയിലെ സോനു സരോജിന്റേത്. കേസെടുത്ത് ഒന്നര വര്‍ഷത്തോളം കഴിഞ്ഞ് നിയമ നടപടികള്‍ തുടരാന്‍ മതിയായ കാരണങ്ങളില്ലെന്ന് കണ്ടെത്തി പ്രാദേശിക കോടതി സോനിവിനെ കേസില്‍ നിന്ന് ഒഴിവാക്കി. നിസ്സാരമായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ കേസ് വിചാരണയുടെ ഘട്ടത്തില്‍ എത്തുന്നതിനു മുമ്പ് തന്നെ എങ്ങനെ പൊളിഞ്ഞു എന്നതിന്റെ വിവരണമാണിത്.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ബിജെപി സര്‍ക്കാരുകള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ സ്ഥിരമായി പ്രയോഗിക്കുന്ന മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ( Uttar Pradesh Unlawful Conversion of Religion (Amendment) Bill) രക്തസാക്ഷിയാണ് ഉത്തര്‍പ്രദേശിലെ റായ് ബറേലി – സലൂണ്‍ സ്വദേശിയായ സോനു സരോജ്. മോട്ടോര്‍ മെക്കാനിക്കിന്റെ പണി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. സര്‍ക്കാര്‍ രേഖകളില്‍ സോനു ഒരു ഹിന്ദു ദലിത് ആണെങ്കിലും കഴിഞ്ഞ 10 വര്‍ഷത്തിലധികമായി ക്രിസ്തുവിന്റെ വിശ്വസ്ത അനുയായിയാണ്. സ്വന്തം വീടിനോട് ചേര്‍ന്ന് പണിത താല്കാലിക ഷെഡിലാണ് പാട്ടും പ്രാര്‍ത്ഥനയുമൊക്കെ സോനുവും കൂട്ടരും നടത്തുന്നത്.
ഉത്തര്‍ പ്രദേശിലെ രണ്ടാമത്തെ വലിയ ദലിത് വിഭാഗമായ പാസി ഉപജാതിയില്‍ ജനിച്ച സോനു സരോജ്, തന്റെ ജാതി മൂലം നേരിടുന്ന അവഗണനകളിലും അപമാനങ്ങളിലും മനംമടുത്താണ് ക്രിസ്തു മാര്‍ഗത്തിലേക്ക് തിരിഞ്ഞത്. പ്രയാഗ്രാജിലെ (അലഹബാദ്) സമാന ചിന്താഗതിക്കാരാണ് തുടക്കത്തില്‍ സോനുവിനെ ക്രിസ്തുമതത്തിലേക്ക് ക്ഷണിച്ചത്. പതിവ് യോഗങ്ങള്‍ക്കും പ്രാര്‍ഥനാ പരിപാടികള്‍ക്കും യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടുള്ളതും ചെലവേറിയതും ആയതിനാല്‍ പിന്നീട് സ്വന്തം വീട്ടില്‍ പ്രാര്‍ഥനായോഗങ്ങള്‍ നടത്താന്‍ തുടങ്ങിയത്.
റായ്ബറേലിയിലെ കോദ്ര ഗ്രാമത്തിലെ തന്റെ വീടിനു പിന്നില്‍ നിര്‍മിച്ച ഇഷ്ടിക ഷെഡ്ഡിന് സമീപമുള്ള തുറസ്സായ സ്ഥലത്ത് കുടുംബാംഗങ്ങളും അകന്ന ബന്ധുക്കളും അയല്‍ ഗ്രാമങ്ങളില്‍ നിന്നുള്ളവരുമായ ക്രിസ്തുമത വിശ്വാസികള്‍ പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുക്കാന്‍ ഒത്തുകൂടി. 250ഓളം പേരാണ് ഉണ്ടായിരുന്നത്. അവരില്‍ പലരും സ്ത്രീകളും. പെട്ടെന്നാണ് വിശ്വഹിന്ദു പരിഷത്, ബജ്റംഗ്ദള്‍ തുടങ്ങിയ തീവ്ര ഹിന്ദുത്വസംഘടനകളുടെ പ്രവര്‍ത്തകരായ 15ഓളം പേര്‍ പ്രാര്‍ത്ഥനാ ഹാളില്‍ അതിക്രമിച്ച് കയറി ബഹളമുണ്ടാക്കിയത്. കാവി തലക്കെട്ട് ധരിച്ച അവരുടെ കയ്യില്‍ ലാത്തിയും ഇരുമ്പ് ദണ്ഡുകളും ഉണ്ടായിരുന്നു. ഒരു മുന്നറിയിപ്പും ഇല്ലാതെ അവര്‍ എല്ലാവരെയും തല്ലിയൊതുക്കി. മിക്കവര്‍ക്കും ഗുരുതരമായ പരിക്കുകള്‍ പറ്റി. സോനുവിന്റെ കുടുംബാംഗങ്ങളെ അതിക്രൂരമായി മര്‍ദ്ദിച്ചു. സഹോദരപുത്രനെ മൂന്നുപേര്‍ ചേര്‍ന്ന് തല്ലിച്ചതച്ചു. ഇതിനിടയില്‍ സോനുവിന്റെ ഭാര്യ മര്‍ദ്ദനം തടയാന്‍ ഓടിയെത്തിയപ്പോള്‍ അക്രമികള്‍ അവരേയും മര്‍ദിച്ചു. ലാത്തി കൊണ്ട് തലയില്‍ ശക്തമായി ഇടിക്കുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നീട് പൊലീസ് എത്തിയാണ് അവരെ ആശുപത്രിയിലെത്തിച്ചത്.
ഗ്രാമത്തിലെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനായി സോനു പണവും സാധനങ്ങളും നല്കുന്നു എന്നായിരുന്നു സംഘപരിവാര്‍ സംഘടനകളടെ ആരോപണം. കുറ്റവാളികളായ അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനുപകരം ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 151-ാം വകുപ്പ് ഉപയോഗിച്ച് പൊലീസ് സോനു സരോജിനെ ജയിലിലടച്ചു. ഒരു വ്യക്തി ബോധപൂര്‍വമായ കുറ്റകൃത്യം ചെയ്യാന്‍ പദ്ധതിയിടുന്നതായി കരുതുന്ന പക്ഷം വാറണ്ടോ മജിസ്ട്രേറ്റിന്റെ ഉത്തരവോ ഇല്ലാതെ അറസ്റ്റ് ചെയ്യാന്‍ ഈ വകുപ്പ് പൊലീസിന് അധികാരം നല്‍കുന്നുണ്ട്. ഈ നിയമം വളച്ചൊടിച്ചാണ് സോനുവിനെ ആകത്താക്കിയത്
2020ല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സായി കൊണ്ടുവന്ന കര്‍ശനമായ മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ 3, 5 (1) വകുപ്പുകള്‍ പ്രകാരമാണ് സലൂണ്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിഎച്ച്പി അംഗമായ സഞ്ജയ് കുമാര്‍ തിവാരിയുടെ പരാതിയിലാണ് കേസെടുത്തത്.
അവ്യക്തമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരായ എഫ്‌ഐആര്‍ എന്നും നിയമവിരുദ്ധമായ മതപരിവര്‍ത്തനി ഇരയാക്കിയ ഏതെങ്കിലും പ്രത്യേക സംഭവമോ ഇരയുടെ പേരോ കേസ് നല്‍കിയ തിവാരി പരാമര്‍ശിച്ചിട്ടില്ലെന്നും സോനു പറഞ്ഞെങ്കിലും പോലീസ് അതൊന്നും പരിഗണിച്ചില്ല.
താനൊരു മതപരിവര്‍ത്തന പ്രവര്‍ത്തനവും നടത്തിയില്ലെന്നും, ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് ആളുകളെ പരിവര്‍ത്തനം ചെയ്യാന്‍ തനിക്ക് അധികാരമില്ലെന്നും സോനു അയാള്‍ കോടതിയില്‍ വാദിച്ചു. ആരോടും ശത്രുതയോ സംഘര്‍ഷമോ ഉണ്ടായിരുന്നില്ല. പക്ഷെ, തന്റെ ജാതിയാണ് പലര്‍ക്കും പ്രശ്‌നമെന്ന് ഊഹിക്കുന്നു എന്നും സോനു പറഞ്ഞു. 2024 സെപ്തംബറില്‍ റായ്ബറേലി അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിത് കുമാര്‍ പാണ്ഡെ സോനുവിന്റെ ഡിസ്ചാര്‍ജ് അപേക്ഷ അംഗീകരിച്ചു. നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിന് സോനു സരോജിനെതിരെ നടപടിയെടുക്കുന്നതിന് ഒരു അടിസ്ഥാനവുമില്ല. മതപരിവര്‍ത്തനം നടത്തിയെന്നതിന് യാതൊരു തെളിവില്ലാതെയായിരുന്നു അറസ്റ്റെന്നും കോടതി വിധിച്ചു.
കേസില്‍ ബജ്റംഗ്ദളുമായി ബന്ധമുള്ളവരടക്കം അരഡസനിലധികം സാക്ഷികളെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുന്നതിന് സോനു സരോജ് പലരീതിയില്‍ പരിശ്രമം നടത്തിയിരുന്നതായി സാക്ഷികള്‍ ഒന്നുപോലെ മൊഴി നല്‍കി. എന്നാല്‍ ഇത്തരത്തില്‍ പ്രീണിപ്പിച്ചതോ സ്വാധീനിച്ചതോ ആയ ഒരാളുടെപോലും മൊഴി രേഖപ്പെടുത്തുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പരാജയപ്പെട്ടുവെന്നും സാക്ഷിമൊഴികള്‍ക്ക് ഒരു വിശ്വാസ്യതയും ഇല്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആര്‍ റദ്ദാക്കിയത്.
മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വന്നശേഷം നിരവധി വ്യാജ കേസുകളാണ് യുപിയില്‍ ഉടനീളം രജിസ്റ്റര്‍ ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം 2020 നവംബര്‍ മുതല്‍ 2024 ജൂലൈ 31 വരെ നിയമവിരുദ്ധമായ മതപരിവര്‍ത്തനം ആരോപിച്ച് പൊലീസ് 835ല്‍ അധികം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 1,682 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതില്‍ നാലു കേസുകളില്‍ മാത്രമേ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂവെന്ന് ടൈംസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
ഹിന്ദു സ്ത്രീകളും മുസ്‌ലിം യുവാക്കളും തമ്മിലുള്ള വിവാഹങ്ങളില്‍ ലവ് ജിഹാദ് ആരോപിച്ച് കേസെടുക്കുന്നതും പതിവാണ്. സോനുവിന്റെ കുടുംബാംഗങ്ങളെ തല്ലിച്ചതച്ച സംഘപരിവാര്‍ സംഘടന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യിക്കാനും സോനു നിയമ പോരാട്ടം തന്നെ നടത്തി. ഒടുവില്‍ ഏഴു പേരെ പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തു. കൊലപാതക ശ്രമം, ഭവന ഭേദനം, മത സ്പര്‍ദ്ധ വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here