എൽ.കെ. അഡ്വാനിക്ക് ഭാരതരത്‌ന; രഥയാത്രയിലൂടെ ബിജെപിയുടെ വളര്‍ച്ചക്ക് തറക്കല്ലിട്ടു; ബഹുമതി ലഭിക്കുന്നത് 96ാം വയസില്‍

ഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അഡ്വാനിക്ക് ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന. 96ാം വയസിലാണ് അഡ്വാനിക്ക് ഭാരതരത്‌ന ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് വിവരം പങ്കുവെച്ചത്. അഡ്വാനിയെ ഫോണിലൂടെ അഭിനന്ദനം അറിയിച്ചതായി മോദി പറഞ്ഞു.

“ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. താഴെത്തട്ടിൽനിന്നും പ്രവർത്തനം ആരംഭിച്ച് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്‍റെ പാര്‍ലമെന്റി ഇടപെടലുകൾ മാതൃകാപരമാണ്” മോദി എക്സില്‍ കുറിച്ചു.

ബിജെപിയുടെ ഏറ്റവും പ്രധാന നേതാക്കളില്‍ ഒരാളാണ് ലാൽ കൃഷ്ണ അഡ്വാനി. 1977ലെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ വാര്‍ത്താവിനിമയ മന്ത്രിയായ അഡ്വാനി, വാജ്പയ് മന്ത്രിസഭയിൽ അഭ്യന്തരമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. രാമജന്മഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് അഡ്വാനി നടത്തിയ രഥയാത്ര ബിജെപിയുടെ വളർച്ചയിലെ നാഴികക്കല്ലായി മാറി. രാമക്ഷേത്രത്തിന് പ്രാണപ്രതിഷ്ഠാകര്‍മ്മം നടത്തിയ സമയത്ത് തന്നെയാണ് ഭാരതരത്നവും അദ്ദേഹത്തെ തേടിയെത്തിയത്. 2002 മുതൽ 2004 വരെ അദ്ദേഹം ഉപപ്രധാനമന്ത്രിയായി. ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തില്‍ പല തവണ മത്സരിച്ച് ജയിച്ചതോടെ ഏറ്റവും കൂടുതല്‍ ഒരു മണ്ഡലത്തിനെ പ്രതിനിധീകരിച്ചവരില്‍ ഒരാളായി മാറി. 2015ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നല്‍കി ആദരിച്ചു.

നിലവില്‍ രാജ്യത്ത് 48 പേര്‍ക്കാണ് ഭാരതരത്‌ന ലഭിച്ചിട്ടുള്ളത്. ഈ പുരസ്കാരം ലഭിക്കുന്ന 49ാമത് വ്യക്തിയാണ് അഡ്വാനി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top