ഡൽഹി മദ്യ നയം; സഞ്ജയ് സിംഗിന്റെ വീട്ടിൽ ഇഡി റെയ്‌ഡ്, ഒന്നും കിട്ടില്ലെന്ന് കേജ്‌രിവാൾ, രാജിവയ്ക്കണമെന്ന് ബിജെപി

ഡൽഹി: ആം ആദ്‌മി പാർട്ടി എംപി സഞ്ജയ് സിംഗിന്‍റെ ഡൽഹിയിലെ വീട്ടിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്‌ഡ്. ഡൽഹിയിലെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടാണ് പോലീസ് നടപടി. ഇതിൽ പ്രതിഷേധിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. നഗരത്തിലെ പലയിടങ്ങളിലും എഎപി ആസ്ഥാനത്തിനു പുറത്തും രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചു. രാവിലെ ഏഴ് മണിയോടെയാണ് ഇഡി സംഘം സഞ്ജയ് സിംഗിന്റെ വീട്ടിൽ റെയ്‌ഡ് നടത്തിയത്.
മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയുടെ സൂത്രധാരൻ കേജ്‌രിവാളിന്റെ സുഹൃത്തായ സഞ്ജയ് സിംഗാണെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. അതേസമയം, പാർലമെന്റിൽ അദാനിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുന്നതിനാലാണ് കേന്ദ്രം സഞ്ജയ് സിംഗിനെ ലക്ഷ്യമിടുന്നതെന്ന് എഎപി വൃത്തങ്ങൾ പ്രതികരിച്ചു.
പൊതുതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കൂടുതൽ റെയ്‌ഡ് ഉണ്ടാവുമെന്നും, സഞ്ജയ് സിംഗിന്റെ വീട്ടിൽ നിന്ന് ഇഡിക്ക് ഒന്നും കണ്ടെത്താനായില്ലെന്നും കേജ്‌രിവാൾ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് അടുക്കാറായെന്നും ബിജെപിക്ക് തോൽക്കുമെന്ന ഭയമുണ്ടെന്നും കേജ്‌രിവാൾ കൂട്ടിച്ചേർത്തു.
നേരത്തെ സിംഗിന്റെ അടുത്ത അനുയായി അജിത് ത്യാഗിയുടെയും മദ്യനയത്തില്‍ നിന്ന് നേട്ടമുണ്ടാക്കിയ കരാറുകാരുടെയും ബിസിനസുകാരുടെയും വീടുകളും ഓഫീസുകളും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here