ഇന്ത്യയിൽ ജീവിക്കാനാകുമോയെന്ന് ജനം ഭയപ്പെടുന്നു; ബിജെപി എങ്ങനെയൊക്കെ ശ്രമിച്ചാലും കേരളത്തിൽ വിജയിക്കില്ല; തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായി മുഖ്യമന്ത്രി

തിരുവനന്തപുരം :  ജീവിക്കാനാകുമോ എന്ന്  ജനങ്ങൾ ഭയപ്പെടുന്ന സ്ഥിതിയാണ് ഇന്ത്യയിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ലോകത്തിനു മുന്നിൽ ഇന്ത്യയെ മോശമാക്കുകയാണ്. രാഷ്ട്രം അപകടത്തിൽ ആണെന്ന് ജനം തിരിച്ചറിയുന്നുണ്ട്. അതനുസരിച്ചുള്ള ജനഹിതം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ പീഡിപ്പിക്കുന്ന രീതിയാണ് കേന്ദ്രസർക്കാരിൻ്റേത്. ഇത് ജർമ്മനിയും അമേരിക്കയും ഐക്യരാഷ്ട്രസഭയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് വലിയ അപകടകരമായ സ്ഥിതിയാണ്. ഇത് കൃത്യമായി മനസ്സിലാക്കുന്നവരാണ് കേരളത്തിലെ ജനങ്ങൾ. അതുകൊണ്ട് തന്നെ ബിജെപി ആകാവുന്ന ശ്രമങ്ങൾ എല്ലാം നടത്തിയാലും കേരളത്തിൽ ഒരു സീറ്റിലും വിജയിക്കാൻ കഴിയില്ല . ബി ജെ പിയെ ഇവിടെ തിരസ്കരിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ വയനാട്ടില്‍  മത്സരിപ്പിച്ചു.  ആർക്കും ഭൂരിപക്ഷം കിട്ടില്ല , കൂടുതൽ സീറ്റുള്ളപാർട്ടിയാകണം തുടങ്ങിയ പ്രചരണവും നടത്തി.  കളങ്കമില്ലാത്ത മലയാളി അത് വിശ്വസിച്ചു. അതുകൊണ്ടാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്തത്. എന്നാൽ  കേരളത്തോട്  നീതി ചെയ്യാൻ ജയിച്ചവർക്ക് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി

നെയ്യാറ്റിൻകരയിലെ റാലിയോടെ മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്കും തുടക്കമായി. ഏപ്രില്‍ 22 വരെയാണ് മുഖ്യമന്ത്രിയുടെ പാര്‍ലമെന്റ് മണ്ഡലതല തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി. തിരുവനന്തപുരത്ത് ആരംഭിച്ച് കണ്ണൂരിലാണ് പ്രചരണം യോഗങ്ങൾ  അവസാനിക്കുക. ഒരോ പാര്‍ലമെന്റ് മണ്ഡലത്തിലും മൂന്നിടത്താകും മുഖ്യമന്ത്രി സംസാരിക്കുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top