മതപരിവര്‍ത്തനം ആരോപിച്ച് 9 പേരെ ജയിലിലാക്കി യോഗി പോലീസ്!! യുപിയില്‍ ക്രിസ്ത്യന്‍ വേട്ട തുടരുന്നു;

സംഘപരിവാര്‍ ശക്തികള്‍ക്കൊപ്പം നില്‍ക്കുന്ന കാസയും ക്രിസംഘികളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ മിണ്ടാട്ടം മുട്ടിയ അവസ്ഥയിലാണ്. ഈ വര്‍ഷത്തെ 56 ദിവസത്തിനിടയില്‍ മാത്രം രാജ്യത്ത് 35 ക്രിസ്ത്യാനികളെ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ജയിലിൽ അടച്ചിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ 20 കോടിവരുന്ന ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമായ ക്രൈസ്തവരെ ബിജെപിയുടെ യോഗി സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നത് പതിവാക്കിയി. ഞായറാഴ്ച നടക്കുന്ന പതിവ് പ്രാര്‍ത്ഥനാ കൂട്ടങ്ങളില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ച് ഹിന്ദുത്വ ശക്തികള്‍ ഇരച്ചു കയറി പോലിസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കുന്നത് സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. മതപരിവര്‍ത്തന ശ്രമം ആരോപിച്ച് ഈ മാസം 23ന് ഒമ്പത് പേരെ ജയിലിലാക്കി.

കഴിഞ്ഞ ഞായറാഴ്ച സീതാപൂര്‍ ജില്ലയില്‍ പാസ്റ്ററെയും മൂന്ന് സ്ത്രീകളെയും, റായ്ബറേലി ജില്ലയില്‍ പാസ്റ്ററടക്കം അഞ്ചു പേരെയും മതപരിവര്‍ത്തന നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തു. പ്രാര്‍ത്ഥനാലയത്തില്‍ നിന്ന് ബൈബിളടക്കം വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു. ഞായറാഴ്ചകളില്‍ നടക്കുന്ന പതിവ് ആരാധനകള്‍ പോലും നടത്താനാവാത്ത സ്ഥിതിയാണ്.

കഴിഞ്ഞ വര്‍ഷം ക്രിസ്ത്യാനികള്‍ക്കെതിരെ യുപിയില്‍ 209 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം (The Uttar pradesh Prohibition of Unlawful Conversion of Religion (AMENDMENT) ACT, 2024) അറസ്റ്റ് ചെയ്താല്‍ ജാമ്യം പോലും കിട്ടാന്‍ സാധ്യത കുറവാണ്. കഠിനമായ വകുപ്പുകളാണ് ഈ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ക്രിസ്ത്യാനികള്‍ക്കെതിരെ എടുക്കുന്ന മിക്ക കേസുകളിലും വേണ്ടത്ര തെളിവുകൾ ഇല്ലാത്തതിന്റെ പേരില്‍ കോടതികളില്‍ നിന്ന് പോലീസ് വിമര്‍ശനം നേരിടുന്നതും പതിവാണ്. മതപരിവര്‍ത്തനം നടക്കുന്നതായി തോന്നിയാൽ ആര്‍ക്കു വേണമെങ്കിലും പോലീസിനെ വിളിച്ചറിയിക്കാം. അതിലെല്ലാം പോലീസ് കേസെടുക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. വേദഗ്രന്ഥമായ ബൈബിള്‍ പോലും പിടിച്ചെടുത്ത് പോലീസ് കൊണ്ടു പോകുന്നത് ഞെട്ടല്‍ ഉളവാക്കുന്നതാണെന്ന് പാസ്റ്റര്‍ ജോയി മാത്യൂ പറഞ്ഞു. ഭരണാഘടനാ അനുസൃതമായ വിശ്വാസം നിലനിര്‍ത്താനോ പ്രചരിപ്പിക്കാനോ കഴിയാത്ത അവസ്ഥയാണ് യുപിയിലെന്നും അദ്ദേഹം യുണൈറ്റഡ് കാത്തലിക് ന്യൂസ് ഏജന്‍സി (UCA) യോട് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ വിവിധ ജയിലുകളിലായി നൂറിലലധികം ക്രിസ്ത്യാനികള്‍ കഴിയുന്നുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം യുപിയില്‍ മലയാളി പാസ്റ്റര്‍ ദമ്പതികളെ അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിച്ചു. അംബേദ്കര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജോസ് പാപ്പച്ചന്‍, ഷീജ പാപ്പച്ചന്‍ ദമ്പതികളെ ശിക്ഷിച്ചത്. അഞ്ചു വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2023 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഈ മാസം 18 ന് അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് പാസ്റ്റര്‍ ദമ്പതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top