പ്രവീണ്‍ നെട്ടാരു വധക്കേസില്‍ എന്‍ഐഎ റെയ്ഡ് തുടരുന്നു; കേരളവും കര്‍ണാടകയും അടക്കം പരിശോധന 16 ഇടങ്ങളില്‍

കർണാടകയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരു വധത്തില്‍ വിവരങ്ങള്‍ തേടി കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ എന്‍ഐഎയുടെ റെയ്ഡ്. കേരളത്തില്‍ എറണാകുളത്താണ് പരിശോധന നടക്കുന്നത്. കര്‍ണാടകയില്‍ 16 ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്.
2022 ജൂലായ് 26നാണ് പ്രവീണ്‍ നെട്ടാരുവിനെ സുള്ള്യയിലെ സ്വന്തം കടയുടെ മുന്നില്‍വച്ച് സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ വെട്ടിക്കൊന്നത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് ആണ് എന്‍ഐഎ ഏറ്റെടുത്തത്. കേസില്‍ 19 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്
2022 ജൂലൈയിൽ പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രത്യേക സംഘമാണ് കൊലപാതകം നടത്തിയത് എന്നാണ് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ പ്രതികളായ മുസ്തഫ പൈച്ചര്‍, സിറാജ്, ഇല്യാസ് എന്നിവരെ കഴിഞ്ഞ മെയ് 11 ന് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.
കുടക് സ്വദേശി എം.എച്ച്.തുഫൈലാണ് കൊലപാതകസംഘത്തിന്റെ നേതാവ്. ഇയാളാണ് കൊലപാതകികള്‍ക്ക് പരിശീലനം നല്‍കിയതെന്നാണ് എന്‍ഐഎ പറയുന്നത്. പ്രധാന പ്രതികളടക്കമുള്ള മൂന്ന് പേര്‍ക്ക് ഇയാൾ മൈസൂരു, കുടക്, ഈറോഡ് എന്നിവിടങ്ങളിൽ ഒളിത്താവളമൊരുക്കിയിരുന്നു എന്നും എന്‍ഐഎ വെളിപ്പെടുത്തിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ തേടിയാണ് ഇപ്പോള്‍ റെയ്ഡ് നടത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here