മണിപ്പൂരിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി; പാർട്ടിയിൽ കൂട്ടരാജി; ഭരണ നേതൃമാറ്റ ആവശ്യവും ഉയരുന്നു
മണിപ്പൂരിൽ വീണ്ടും രൂക്ഷമായ വംശീയ സംഘർഷം അടച്ചമർത്താൻ കഴിയാത്തതിനെ തുടർന്ന് പ്രധാന ഭരണ പാർട്ടിയായ ബിജെപി പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ ദിവസം ഭരണമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ എൻപിപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെ പ്രാദേശിക ബിജെപി നേതാക്കൾ രാജിവച്ചതും തരിച്ചടിയുടെ ശക്തി കൂട്ടിയിരിക്കുകയാണ്. സംഘർഷം രൂക്ഷമായി തുടരുന്ന ജിരിബാമിൽ നിന്നുള്ള നേതാക്കൾ കുട്ടമായിട്ടാണ് പാർട്ടി വിട്ടിരിക്കുന്നത്.
Also Read: മണിപ്പൂരിൽ രോഷമടങ്ങാതെ ജനക്കൂട്ടം തെരുവിൽ; പ്രതിഷേധക്കാർക്ക് നേരെ വെടിവയ്പ്പ്; മരണം
അതേസമയം ജിരിബാമിൽ നിന്നും ഇതുവരെ ആരും രാജിവച്ചിട്ടില്ലെന്നും ഒരു രാജിക്കത്ത് പോലും ലഭിച്ചിട്ടില്ലെന്നും ബിജെപി അവകാശപ്പെട്ടു. എന്നാൽ ജരിബാമിൽ നിന്നും എട്ട് പ്രാദേശിക നേതാക്കൾ പാർട്ടി വിട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജിരിബാം മണ്ഡലംകമ്മറ്റിയില്‍ നിർണായക ചുമതല വഹിക്കുന്നവരാണ് ഇവർ. കെ. ജാദു സിംഗ് പ്രസിഡൻ്റ്), ഹേമന്ത സിംഗ് (ജനറൽ സെക്രട്ടറി), പി ബിരമണി (സിംഗ് ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി), എക്സിക്യൂട്ടീവ് അംഗങ്ങളായ ബ്രോജേന്ദ്രോ സിംഗ്, ടി മേഘജിത് സിംഗ്, എൽ ചാവോബ സിംഗ് എന്നിവരും മറ്റ് രണ്ട് നേതാക്കളുമാണ് രാജി വച്ചിട്ടുള്ളത്.
Also Read: മണിപ്പൂർ കൈവിട്ട നിലയിലേക്ക്… തിരഞ്ഞെടുപ്പ് പ്രചരണം റദ്ദാക്കി അമിത് ഷാ ഡൽഹിക്ക്
ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും കാണാതായ മെയ്തേയ് വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം ബരാക് നദിയിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു മണിപ്പൂർ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങിയത്. കുക്കി കലാപകാരികൾ കൊല ചെയ്ത സ്ത്രീകൾക്കും കുട്ടികൾക്കും നീതി വേണമെന്ന് ആവശ്യപ്പെട്ട് മെയ്തേയ് വിഭാഗക്കാർ നടത്തിയ പ്രതിഷേധത്തിന് നേരെ ഇന്ന് വെടിവയ്പ്പുണ്ടായി. ഒരാൾ കൊല്ലപ്പെട്ടുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സംസ്ഥാനത്തെ വംശീയ കലാപം നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി സർക്കാരിനുള്ള പിന്തുണ കഴിഞ്ഞ ദിവസം സഖ്യകക്ഷിയായ എൻപിപി പിൻവലിച്ചിരുന്നു. സംസ്ഥാനത്ത് സമാധാഗം പുനസ്ഥാപിക്കുന്നതിലും സർക്കാർ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് അയച്ച ഔദ്യോഗിക കത്തില്‍ എന്‍പിപി വ്യക്തമാക്കിയിരുന്നു. വംശീയ സംഘർഷം രൂക്ഷമായ സംസ്ഥാനത്ത് ഭരണ തലത്തിൽ നേതൃമാറ്റം ആവശ്യമാണെന്ന് എൻപിപി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് കെ സാങ്മ ഇന്ന് പറഞ്ഞു. നേതൃമാറ്റത്തിന് തയ്യാറായാൽ ബിജെപിയെ വീണ്ടും പിന്തുണക്കുമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.
Also Read: മണിപ്പൂരിൽ 11 കുക്കി വിഭാഗക്കാരെ വെടിവച്ചു കൊന്നു; പോലീസ് സ്റ്റേഷൻ ആക്രമിച്ച് കലാപകാരികൾ
60 അംഗ നിയമസഭയില്‍ ഏഴ് അംഗങ്ങളാണ് എന്‍പിപിക്കുള്ളത്. 37 അംഗങ്ങള്‍ ബിജെപിക്കുമുണ്ട്. 31 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. അതിനാൽ എന്‍പിപി പിന്തുണ പിന്‍വലിച്ചെങ്കിലും ബിരേന്‍ സിംഗിൻ്റെ സര്‍ക്കാരിനെ അത് ബാധിക്കില്ല എന്നതാണ് നിലവിലെ സാഹചര്യം. കഴിഞ്ഞ വർഷം മെയ് മുതൽ സംസ്ഥാനത്ത് ആരംഭിച്ച വംശീയ സംഘര്‍ഷത്തിൽ 220 ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേർ ഭവനരഹിതരാവുകയും ചെയ്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here