കൂടോത്ര വിവാദത്തില്‍ സുധാകരനെ പരിഹസിച്ച് ചെറിയാന്‍ ഫിലിപ്പ്; ഇതുകൊണ്ടൊന്നും അപായപ്പെടുത്താന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ്

കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ‘കൂടോത്ര’ പ്രയോഗം നടന്നുവെന്ന് ആരോപണം. സുധാകരന്റെ വീട്ടില്‍ നിന്നും കൂടോത്രത്തിന് ഉപയോഗിക്കുന്ന രൂപങ്ങള്‍ കണ്ടെത്തി. ഒന്നരവര്‍ഷം മുമ്പ് നടന്ന് സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരാള്‍ കൂടോത്ര വസ്തുക്കള്‍ കുഴിച്ചെടുക്കുന്നതാണ് ദൃശ്യങ്ങളുള്ളത്. സുധാകരനും കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനും ഇത് സംബന്ധിച്ച് സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം.
ജീവന്‍ തിരികെ കിട്ടിയത് ഭാഗ്യമെന്നാണ് സുധാകരന്‍ ഉണ്ണിത്താനോട് പറയുന്നത്. കാലിനു ബലം കുറയുകയും നടക്കുമ്പോള്‍ ബാലന്‍സ് തെറ്റുകയും ചെയ്തിരുന്നതായും ഇടയ്ക്ക് ടെന്‍ഷനും വെപ്രാളവും വരാറുള്ളത് ഇതുകൊണ്ടാണെന്നോയെന്നു സംശയിക്കുന്നതായും സുധാകരന്‍ പറയുന്നുണ്ട്. ഇരുപതോളം തകിടുകളാണ് പുറത്തെടുത്തതെന്നാണ് വിവരം. കെപിസിസി ഓഫിസിലെ കെ സുധാകരന്റെ മുറിയിലും തിരുവനന്തപുരം പേട്ടയിലെയും ഡല്‍ഹിയിലെയും താമസസ്ഥലത്തും ഇത്തരം കൂടോത്ര വസ്തുക്കള്‍ കണ്ടെത്തിയെന്നും ആരോപണമുണ്ട്.
വീഡിയോ സത്യമാണെന്ന് കെ സുധാകരന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുകൊണ്ടൊന്നും തന്നെ അപായപ്പെടുത്താന്‍ കഴിയില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.
അതേസമയം ദുര്‍മന്ത്രവാദങ്ങളില്‍ വിശ്വസിക്കുന്നവരും പ്രയോഗിക്കുന്നവരും ഭീരുക്കളാണെന്ന പ്രസ്താവനയുമായി ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിട്ടുണ്ട്. മാരണം, ആഭിചാരം തുടങ്ങിയ ദുര്‍വൃത്തികള്‍ ഇപ്പോഴും നടത്തുന്നവരെ വിഢ്ഡികളായി മാത്രമേ കണക്കാക്കാന്‍ കഴിയൂ. എതിരാളികളെ തകര്‍ക്കാന്‍ കുത്സിത മാര്‍ഗ്ഗം സ്വീകരിക്കുന്നവര്‍ ക്രിമിനല്‍ മനസ്സുള്ളവരാണ്. ഇത്തരക്കാരെ പുരോഗമന ചിന്താഗതിക്കാരായ രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമങ്ങളും ഒരിക്കലും പിന്തുണക്കരുത്. അവജ്ഞയോടെ അവഗണിക്കണമെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here