സിദ്ദിഖിനെ കണ്ടെത്താന്‍ പോലീസ് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന് മകന്‍; രണ്ട് സുഹൃത്തുക്കള്‍ കസ്റ്റഡിയിലെന്നും ആരോപണം

സിദ്ദിഖിന്റെ വിവരങ്ങള്‍ ലഭിക്കാന്‍ വേണ്ടി പോലീസ് ഭീകരാവസ്ഥ സൃഷ്ടിക്കുന്നുവെന്ന ആരോപണവുമായി സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖ്. പിതാവിന്റെ വിവരങ്ങള്‍ തേടി രണ്ടു സുഹൃത്തുക്കളെ കസ്റ്റഡിയില്‍ എടുത്തതായും ഷഹീന്‍ ആരോപിച്ചു. സുഹൃത്തുക്കളായ പോളും ലിബിനും എവിടെയാണെന്ന് വിവരമില്ല. പിതാവിന്റെ വിവരങ്ങള്‍ ലഭിക്കാന്‍ പോലീസ് സര്‍വ തന്ത്രങ്ങളും പയറ്റുന്നുവെന്നാണ് ഇപ്പോള്‍ ഡല്‍ഹിയിലുള്ള ഷഹീൻ പറയുന്നത്.

രാവിലെയാണ് താൻ ഇക്കാര്യങ്ങൾ അറിയുന്നത്. ഉച്ചയ്ക്ക് സിദ്ദിഖിനെ കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു സുഹൃത്ത് വിളിച്ചിരുന്നു. പിതാവിനെക്കുറിച്ചുള്ള വിവരം നല്‍കിയില്ലെങ്കില്‍ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്. ബ്ലാക്ക് മെയിലിങ് രീതിയാണ് പോലീസ് പ്രയോഗിക്കുന്നതെന്നും ഷഹീൻ പറഞ്ഞു.

“കഴിഞ്ഞ ​ദിവസം രണ്ട് തവണ പ്രത്യേക അന്വേഷണ സംഘം വീട്ടിലെത്തി. എന്റെ മൊഴിയെടുത്തതിന് ശേഷമാണ് ഇവർ പോയത്. എന്തിനാണ് പിന്നെ സുഹൃത്തുക്കളെ കൊണ്ടുപോയതെന്ന് അറിയില്ല.” – ഷഹീന്‍ പറഞ്ഞു. ഷഹീന്റെ സുഹൃത്തുക്കളായ പോള്‍, ലിബിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് എന്ന് ആരോപിച്ചാണ് ബന്ധുക്കള്‍ രംഗത്തുവന്നത്.

കടവന്ത്രയിലേയും മേനകയിലേയും ഫ്ലാറ്റുകളിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു എന്നാണ് പരാതി. സിദ്ദിഖ് ഒളിവില്‍ പോയ കാറുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതുമായി സുഹൃത്തുക്കള്‍ക്ക്‌ ബന്ധമില്ലെന്നാണ് വിശദീകരണം. ബന്ധുക്കള്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ല എന്നാണ് കൊച്ചി സിറ്റി പോലീസിന്റെ വിശദീകരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top