ബെംഗളൂരു രാമേശ്വരം കഫെയില്‍ സ്ഫോടനം; 9 പേര്‍ക്ക് പരുക്ക്; ഐഇഡി ബോംബാണ് പൊട്ടിയതെന്ന സൂചനയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടകയിലെ പ്രശസ്ത വെജിറ്റേറിയൻ ഫുഡ് സ്പോട്ടായ രാമേശ്വരം കഫെയില്‍ സ്ഫോടനം. ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. ബാഗില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്ത് ബോംബ് സ്ക്വാഡും ഫോറന്‍സിക് ടീമുകളും എന്‍ഐഎ സംഘവും പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഐഇഡി ബോംബാണ് പൊട്ടിയതെന്നാണ് മുഖ്യമന്ത്രി നല്‍കിയ സൂചന. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. രാമേശ്വരം കഫെയുടെ വൈറ്റ്ഫീല്‍ഡിലെ ഔട്ട്‌ലെറ്റിലാണ് സ്ഫോടനം നടന്നത്.
അത്യുഗ്ര ശബ്ദത്തില്‍ അജ്ഞാത വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. കഫെയിലെ ജീവനക്കാര്‍ക്കും ആഹാരം കഴിക്കാനെത്തിയവര്‍ക്കുമാണ് പരുക്കേറ്റത്. കടയില്‍ ആരോ ഉപേക്ഷിച്ച ബാഗില്‍ നിന്ന് പൊട്ടിത്തെറി ഉണ്ടായതായി സ്ഥാപനത്തിന്റെ ഉടമ നാഗരാജ് പറഞ്ഞെന്ന് ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ എക്സില്‍ കുറിച്ചു. ബോംബ് സ്ഫോടനമാണ് നടന്നതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ മറുപടി പറയണമെന്നും എംപി ആവശ്യപ്പെട്ടിരുന്നു. കഫെയിലെ പാചക വാതക കണക്ഷന്‍ ഗെയിലിന്റേതാണ്. അതിനാല്‍ കടയില്‍ പാചക വാതക സിലിണ്ടര്‍ സൂക്ഷിക്കുന്നില്ലെന്നും കടയുടമ പറഞ്ഞു.
തമിഴ്നാട് സ്റ്റൈലില്‍ ഉണ്ടാക്കിയെടുക്കുന്ന ബട്ടര്‍ പൊടി ഇഡ്ഡലിക്ക് പേരു കേട്ടതാണ് രാമേശ്വരം കഫെ. ഫുഡ് വ്ലോഗേഴ്സ് പരിചയപ്പെടുത്തിയതോടെ കേരളത്തില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നും ഭക്ഷണപ്രേമികള്‍ ഇവിടെ എത്താറുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here