സൈന്യത്തിന്‍റെ ആയുധനിർമാണ ശാലയിൽ പൊട്ടിത്തെറി, കാരണം കണ്ടെത്താൻ അന്വേഷണം

മധ്യപ്രദേശിൽ ആയുധ നിർമ്മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ പതിനഞ്ചോളം പേർക്ക് പരുക്കേറ്റു. സൈന്യത്തിനായി ബോംബുകളും സ്‌ഫോടക വസ്തുക്കളും നിർമ്മിക്കുന്ന ഖമാരിയയിലെ സെൻട്രൽ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓർഡനൻസ് ഫാക്ടറിയിൽ ഇന്നു രാവിലെയാണ് സ്‌ഫോടനമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരുക്കേറ്റവരിൽ മൂന്നുപേർ ഫാക്ടറിയിലെ ജീവനക്കാരാണ്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യ നില ഗുരുതരമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഫാക്ടറിയുടെ എഫ് -6 വിഭാഗത്തിൽ ബോംബ് നിർമ്മാണ പ്രക്രിയയ്ക്കിടെ ഹൈഡ്രോളിക് സിസ്റ്റം തകരാറിലായതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് കിലോമീറ്റർ അകലെ വരെ കേൾക്കാവുന്ന അത്ര ഉച്ചത്തിലായിരുന്നു സ്ഫോടനം ഉണ്ടായത്. ഭൂകമ്പമാണെന്ന് തെറ്റിദ്ധരിച്ച് ഫാക്ടറിക്ക് സമീപം താമസിക്കുന്നവർ വീടുകളിൽനിന്നും പുറത്തേക്ക് ഇറങ്ങിയോടി. സ്ഫോടനത്തിൽ ഫാക്ടറിയുടെ ചില ഭാഗങ്ങൾ പൂർണമായും നിലംപൊത്തി. ഇതിനടയിൽ തൊഴിലാളികൾ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന സംശയമുണ്ട്.
ഫാക്ടറിയുടെ ജനറൽ മാനേജരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയെങ്കിലും ഔദ്യോഗിക പ്രസ്താവനകൾ നടത്താൻ ആരും തയ്യാറായില്ല. ഇന്ത്യൻ സൈന്യത്തിന്റെ ഡിഫൻസ് പ്രൊഡക്ഷൻ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള പ്രധാന ആയുധ നിർമ്മാണ യൂണിറ്റാണ് ഖമരിയ ഓർഡനൻസ് ഫാക്ടറി. സംഭവത്തിൽ സൈന്യവും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, അന്വേഷണത്തിന് ഉത്തരവിട്ടതായി ചില റിപ്പോർട്ടുകളുണ്ട്. അന്വേഷണത്തിനുശേഷം മാത്രമേ അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here