ആളുകള്‍ കണ്ണടച്ച് പ്രാര്‍ഥിക്കവേ നടന്നത് 3 സ്ഫോടനങ്ങള്‍; കളമശ്ശേരിയില്‍ മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം
കൊച്ചി: കളമശ്ശേരി യഹോവ കണ്‍വെന്‍ഷന്‍ സ്ഥലത്തെ സ്ഫോടനത്തെക്കുറിച്ച് അവ്യക്തത. സ്ഫോടനം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പോലീസ് സ്ഥലത്തെത്തി. ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഇന്റലിജന്‍സ് എഡിജിപിയും കൊച്ചിയിലെത്തും. സംസ്ഥാനത്ത് മുഴുവന്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിനച്ചിരിക്കാതെ നടന്ന സ്ഫോടനം ഞെട്ടലുളവാക്കിയിട്ടുണ്ട്.
മൂന്ന് ദിവസമായി നടക്കുന്ന കണ്‍വെന്‍ഷന്‍ ഇന്ന് സമാപിക്കാനിരിക്കെയാണ് തുടര്‍ സ്ഫോടനങ്ങള്‍ നടന്നത്. രാവിലെ 9.30യ്ക്ക് കണ്‍വെന്‍ഷന്‍ ആരംഭിച്ചപ്പോള്‍ തന്നെ ആദ്യ സ്ഫോടനം നടന്നു. തുടര്‍ന്ന് രണ്ട് സ്ഫോടനങ്ങള്‍ കൂടി നടന്നു. സ്റ്റേജിന്‍റെ മധ്യഭാഗത്താണ് സ്ഫോടനങ്ങള്‍ നടന്നത്. രണ്ടായിരത്തോളം ആളുകള്‍ സെന്‍ററിലുണ്ടായിരുന്നുവെന്നാണ് വിവരം. വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് കണ്‍വെൻഷൻ സെന്ററിലെത്തിയിരുന്നത്.
ആളുകള്‍ കണ്ണടച്ച് പ്രാര്‍ഥിക്കുമ്പോഴാണ് സ്ഫോടനം നടന്നത്. പ്രാര്‍ഥന തുടങ്ങി അഞ്ച് മിനിറ്റിനകം സ്ഫോടനം നടന്നു. രണ്ടോ മൂന്നോ വാതിലുകള്‍ മാത്രമാണ് ഹാളില്‍ ഉണ്ടായിരുന്നത്. പരിഭ്രാന്തരായവര്‍ തിക്കിത്തിരക്കി വന്നതും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.
ഒരു സ്ത്രീ മരിച്ചപ്പോള്‍ അഞ്ച് പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഫോടനം നടന്ന വിവരം അറിഞ്ഞയുടന്‍ തന്നെ സിറ്റി പോലീസ് സംഘവും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. കേന്ദ്ര ഏജന്‍സികളും കളമശ്ശേരിയില്‍ എത്തിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here