ബെന്യാമിനെ തള്ളി ബ്ലെസി; ‘ആടുമായുള്ള ലൈംഗികബന്ധം ചിത്രീകരിച്ചിട്ടില്ല; വിവാദങ്ങൾക്ക് പിന്നിലാരെന്ന് അറിയില്ല’
കൊച്ചി: മികച്ച പ്രേക്ഷക പ്രതികരണം നേടി ആടുജീവിതം സിനിമ പ്രദർശനം തുടരുമ്പോൾ വിവാദങ്ങളും ഒപ്പം വളരുകയാണ്. നോവലിൻ്റെ തനി പകർപ്പല്ല സിനിമയെന്ന് അണിയറക്കാർ പലവട്ടം വ്യക്തമാക്കിയതാണ്. അപ്പോഴും നോവലിലെ ചില സുപ്രധാന രംഗങ്ങൾ സിനിമയിൽ കാണാത്തത് സംബന്ധിച്ച ചോദ്യങ്ങൾ വീണ്ടും വീണ്ടും ഉയർന്നു. നായക കഥാപാത്രം നജീബ് ആടുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടു എന്നതായി നോവലിൽ ഉള്ളത് സിനിമയിൽ ഒഴിവായതിനെക്കുറിച്ച് ആണ് കൂടുതൽ ചോദ്യങ്ങൾ ഉണ്ടായത്. ഇതിന് മറുപടിയായി നോവലിസ്റ്റ് ബെന്യാമിൻ പറഞ്ഞത്, ഈ രംഗം സിനിമക്കായി ചിത്രീകരിച്ചിരുന്നു എന്നാണ്. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകും എന്നായപ്പോൾ അത് ഒഴിവാക്കി എന്നും ബെന്യാമീൻ വിശദീകരിച്ചു.
നോവലിൽ ചിത്രീകരിച്ചത് യഥാർത്ഥ സംഭവത്തിൻ്റെ മുപ്പത് ശതമാനം മാത്രമേയുള്ളൂ എന്ന് ബെന്യാമീൻ ഇതിനിടെ വിശദീകരിച്ചത് കൂടുതൽ വിവാദമായി. ഇല്ലാത്ത കാര്യങ്ങൾ നോവലിൽ ചേർത്ത് നജീബിനെ അപമാനിച്ചു എന്ന തരത്തിൽ പുതിയ വിവാദങ്ങളും ഉടലെടുത്തു. ഇതിന് ഒടുവിലാണ് ആടുജീവിതം സംവിധായകൻ ബ്ലെസിയുടെ വിശദീകരണം വരുന്നത്.
മനോരമ ന്യൂസിലെ നേരെ ചൊവ്വേ പരിപാടിയിൽ ജോണി ലൂക്കോസിൻ്റെ ചോദ്യത്തിന് മറുപടിയായാണ് ബെന്യാമിൻ്റെ പരാമർശത്തെ ബ്ലെസി തള്ളിപ്പറയുന്നത്. “അത്തരം ഒരു രംഗവും സിനിമക്കായി ചിത്രീകരിച്ചിട്ടില്ല. നോവൽ അതേപടി പകർത്തുകയല്ല ഞാൻ ചെയ്തിട്ടുള്ളത്. ഞാൻ വളർത്തി കൊണ്ടുവന്ന നജീബിന് അത്തരമൊന്നും ചെയ്യാൻ കഴിയില്ല. അങ്ങനെ ചെയ്താൽ അതിൻ്റെ കുറ്റബോധം അയാളെ വേട്ടയാടും. അത് കഥയെ ഇവിടേക്ക് കൊണ്ടുപോകുമെന്ന് പറയാൻ പറ്റില്ല”. ഇങ്ങനെയെല്ലാം വിശദീകരിച്ച് ബെന്യാമിൻ്റെ പ്രസ്താവനയെ പൂർണമായി നിരാകരിക്കുകയാണ് ബ്ലെസി ചെയ്തിരിക്കുന്നത്.
കാര്യങ്ങൾ ഇങ്ങനെ ആണെങ്കിൽ മറ്റു തരത്തിൽ വിശദീകരണങ്ങൾ വരാൻ കാരണം എന്താകുമെന്ന ചോദ്യത്തിന് ബ്ലെസി നൽകുന്ന മറുപടി വളരെ ഷാർപ് ആണ്. ഇത്ര വർഷത്തെ കഷ്ടപ്പാടെല്ലാം കഴിഞ്ഞ് സിനിമ പുറത്തിറങ്ങി എങ്കിലും തനിക്കിനിയും ഉറങ്ങാൻ കഴിയില്ല എന്നാണ് തോന്നുന്നത് എന്ന് ബ്ലെസി പറയുന്നു. ബെന്യാമീൻ്റെ പരാമർശത്തെക്കുറിച്ചുള്ള ആവർത്തിച്ചുള്ള ചോദ്യത്തിന്, അത് തെറ്റിദ്ധാരണ കൊണ്ടാകാം എന്ന മിതമായ മറുപടിയാണ് ആടുജീവിതം സംവിധായകൻ നൽകുന്നത്. പലവട്ടം ഇക്കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്തത് കൊണ്ട് അങ്ങനെ ചിന്തിച്ചതാകാം എന്നും ബ്ലെസി കൂട്ടിച്ചേർക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here