അബ്ദുള്‍ റഹീമിന്‍റെ ജീവിതം സിനിമയാക്കാന്‍ താത്പര്യമില്ലെന്ന് ബ്ലെസി; ‘ആടുജീവിതം നല്‍കിയ ഭാരത്തില്‍ നിന്ന് മോചിതനായിട്ടില്ല’

ദുബായ്: സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്‍റെ ജീവിതം സിനിമയാക്കാന്‍ താത്പര്യമില്ലെന്ന് സംവിധായകന്‍ ബ്ലെസി. ആടുജീവിതം പോലെ അതിജീവനത്തിന്‍റെ കഥയാണ് അബ്ദുള്‍ റഹീമിന്‍റെയും. ഒരേ തരത്തിലുള്ള സിനിമ വീണ്ടും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും ‘ആടുജീവിതം’ നല്‍കിയ ഭാരത്തില്‍ നിന്ന് ഇതുവരെ മോചിതനായിട്ടില്ലെന്നും ബ്ലെസി വ്യക്തമാക്കി.

അബ്ദുള്‍ റഹീമിനെ വധശിക്ഷയ്ക്ക് വിധിക്കാനുള്ള കാരണവും എല്ലാവരും ചേര്‍ന്ന് ദയാധനം സമാഹരിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമെല്ലാം ദുബായ് യാത്രയ്ക്കിടെ ബോചെ (ബോബി ചെമ്മണ്ണൂര്‍) വിളിച്ച് പറഞ്ഞപ്പോഴാണ് കൂടുതലായി മനസിലായത്. കഥ സിനിമയാക്കാന്‍ പറ്റുമോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ അതിനുള്ള മറുപടി പറയാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല.

ആടുജീവിതത്തിന്‍റെ തുടര്‍ച്ച പോലൊരു സിനിമ ചെയ്യാന്‍ താത്പര്യമില്ല. തന്മാത്ര എന്ന സിനിമയ്ക്ക് ശേഷം അത്തരത്തിലുള്ള നിരവധി കഥകള്‍ വന്നിരുന്നു. വളരെ മടിയനായൊരു സംവിധായകനാണ് ഞാന്‍. ഇത്ര കാലമായിട്ടും വെറും എട്ട് സിനിമകളാണ് ഞാന്‍ ചെയ്തത്. അടുത്ത സിനിമ ഏട്ടാമത്തെതില്‍ നിന്ന് വ്യത്യസ്തമായിരിക്കണം എന്നത് കൊണ്ടാണ് സമയമെടുക്കുന്നത് – ബ്ലെസി പറഞ്ഞു.

മൂന്ന് മാസത്തിനുള്ളില്‍ സിനിമ വേണമെന്നാണ് ബോചെ ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ശ്രമം നന്നാവട്ടെ. മറ്റാര്‍ക്കെങ്കിലും അങ്ങനൊരു സിനിമ നന്നായി ചെയ്യാന്‍ സാധിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്- ബ്ലെസി കൂട്ടിച്ചേര്‍ത്തു. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ‘ആടുജീവിതം’ ഏറ്റെടുത്തശേഷം ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബ്ദുള്‍ റഹീമിന്‍റെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹിമുണ്ടെന്നും സംവിധായകന്‍ ബ്ലെസിയോട് സംസാരിച്ചുവെന്നും വ്യവസായിയായ ബോബി ചെമ്മണ്ണൂര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ബ്ലെസിയുടെ മറുപടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top