ബ്ലെസിയുടെ ആടുജീവിതം ഇനി ബിഗ് സ്ക്രീനിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
മലയാളികള്‍ ഒന്നടങ്കം ഉറ്റുനോക്കിക്കൊണ്ടിരുന്ന ബ്ലെസിയുടെ ആടുജീവിതം സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ഏപ്രില്‍ 10ന് ബെന്യാമിന്റെ ആടുജീവിതം, പുസ്തകത്തില്‍ നിന്ന് തിയേറ്ററുകളില്‍ എത്തും. മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദുരിതപൂർണമായ സാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന ഈ സിനിമ ബ്ലെസിയുടെ 15വര്‍ഷത്തെ ഡ്രീം പ്രൊജക്ടാണ്. ബ്ലെസിയുടെ സ്വന്തം നിര്‍മ്മാണ കമ്പനിയായ വിഷ്വല്‍ റൊമാന്‍സാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ-സംഭാഷണം-സംവിധാനവും അദ്ദേഹം തന്നെയാണ് നിര്‍വഹിക്കുന്നത്. 2008-ലാണ് സിനിമയ്ക്കായുള്ള തയാറെടുപ്പുകള്‍ ആരംഭിക്കുന്നത്. 2018-ല്‍ ചിത്രീകരണം ആരംഭിച്ചു. കേരളത്തിലും അല്‍ജീരിയയിലും ജോര്‍ദാനിലും അടക്കം നാല് വര്‍ഷമാണ് ചിത്രീകരണം നീണ്ടത്. കോവിഡിന്‍റെ സമയത്ത് സംഘം ജോര്‍ദാനില്‍ കുടുങ്ങിയത് വാര്‍ത്തയായിരുന്നു.
സിനിമയ്ക്കായി പൃഥ്വിരാജ് തന്‍റെ ഭാരം 31 കിലോ കുറച്ചത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരുന്നു. സിനിമാരംഗത്തെ മികച്ച പ്രതിഭകളാണ് അണിയറയില്‍ പ്രവര്‍ത്തിച്ചത്. എ.ആർ റഹ്മാൻ സംഗീത സംവിധാനവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. കെ.എസ്. സുനിൽ ഛായാഗ്രാഹണം. കലാസംവിധാനം പ്രശാന്ത് മാധവ്. രഞ്ജിത്ത് അമ്പാടിയാണ് മേക്കപ്പ് ആർട്ടിസ്റ്റ്. വസ്ത്രാലങ്കാരം സ്റെഫി സേവ്യര്‍. ചിത്രത്തില്‍ അമല പോളും ശോഭ മോഹനും ഒപ്പം വിദേശ കലാകാരന്മാരും അഭിനയിക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here