റിയാദ് ജയിലിലെ മലയാളിക്കുള്ള ദയാധനം റെഡിയെന്ന് കോടതിയെ അറിയിച്ചു; ഇനി വേണ്ടത് പണം കൈമാറാനുള്ള അനുമതി; ആശ്വാസ തണലില്‍ അബ്ദുല്‍ റഹീമിന്റെ കുടുംബം

കോഴിക്കോട്: റിയാദ് ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിനെ മോചിപ്പിക്കാനുള്ള നടപടികള്‍ വേഗത്തിലായി. വാദിയുടെ കുടുംബം ആവശ്യപ്പെട്ട ദയാധനമായ 34 കോടി പിരിച്ചെടുക്കാന്‍ കഴിഞ്ഞതോടെയാണ് മോചനത്തിനുള്ള വഴി തെളിഞ്ഞത്. ദയാധനം കൈവശമുണ്ടെന്നു റഹീമിന്റെ അഭിഭാഷകര്‍ റിയാദ് ക്രിമിനല്‍ ക്രിമിനല്‍ കോടതിയെ ഇന്ന് രേഖാമൂലം അറിയിച്ചു. പണം കൈമാറാനുള്ള അക്കൗണ്ട് തുറക്കാനുള്ള നടപടിക്രമങ്ങള്‍ക്കും കോടതിയുടെ അനുമതി ആവശ്യമുണ്ട്. അടുത്ത സിറ്റിംഗിന് കോടതി അനുമതി നല്‍കും എന്നാണ് പ്രതീക്ഷ.

പെരുന്നാള്‍ അവധി കഴിഞ്ഞ് ഇന്നാണ് കോടതി തുറന്നത്. ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. വാദിഭാഗം അഭിഭാഷകനുമായി ഓണ്‍ലൈനില്‍ സഹായസമിതി ചര്‍ച്ച നടത്തിയിരുന്നു. തുക കൈമാറുന്നതുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങളുണ്ട്. റിയാദിലെ ഇന്ത്യന്‍ എംബസി അക്കൗണ്ടില്‍ മോചനത്തുക ആദ്യം എത്തിക്കണം. അതിനുശേഷം കുടുംബത്തിന്റെ പേരില്‍ തുറന്ന അക്കൗണ്ടിലേക്ക് എത്തണം. വാദിയുടെ കുടുംബത്തിന് ചെക്ക് കൈമാറിയതായി രേഖപ്പെടുത്തണം. ഇനി മോചനത്തിന്റെ കാര്യങ്ങള്‍ മുന്നോട്ടു നീക്കണം. അതിനുള്ള തയ്യാറെടുപ്പിലാണ് അഭിഭാഷകര്‍.

ഫറോക്ക് കോടമ്പുഴ സ്വദേശിയാണ് അബ്ദുൽ റഹീം. 18 വർഷമായി റിയാദിലെ ജയിലിലാണ്. 2006 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഡ്രൈവര്‍ വിസയിലാണ് റഹീം എത്തിയത്. തലക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു ജോലി. ഫായിസിന് ഭക്ഷണവും വെള്ളവുമുള്‍പ്പെടെ നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എംഡിയുമായ എം.എ.യൂസഫലിയും നിര്‍ണായക ഇടപെടല്‍ നടത്തിയിരുന്നു. ഒടുവില്‍ ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് 34 കോടി രൂപ ദയാധനമെന്ന ഉപാധിയില്‍ ഫായിസിന്റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ കൈകോർത്താണ് തുക കണ്ടെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top