ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പോലീസ് സിവിക് വോളണ്ടിയറെ കുടുക്കിയത് ബ്ലൂടൂത്ത്

സർക്കാർ നിയന്ത്രണത്തിലുള്ള കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം പശ്ചിമ ബംഗാളിൽ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ്. ഈ വിഷയം ചൂണ്ടിക്കാട്ടി വൻ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്. കേസ് സിബിഐക്ക് വിടണം എന്നാവശ്യം പ്രതിപക്ഷ പാർട്ടിയായ ബിജെപി ഉന്നയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ സിവിക് വോളണ്ടിയർ സഞ്ജയ് റോയിയേ പോലീസ് പിടികൂടിയിരുന്നു. കുറ്റസമ്മതം നടത്തിയ പ്രതിയെ കോടതി പതിനാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

സഞ്ജയ് റോയിയെ കുടുക്കിയത് സംഭവസ്ഥത്ത് വീണുപോയ ബ്ലൂത്ത് ഹെഡ്സെറ്റാണ്. ഇത് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ സിസിടിവി പരിശോധനയാണ് പ്രതിയെ തിരിച്ചറിയാൻ പോലീസിനെ സഹായിച്ചത്. സംഭവം നടന്നതിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ സിസിടിവി ദൃശ്യങ്ങൾ പോലിസ് പരിശോധിച്ചു. സംഭവം നടന്ന പുലർച്ചെ നാല് മണിക്കും ആറ് മണിക്കും ഇടയിൽ സഞ്ജയ് റോയ് കുറ്റകൃത്യം നടന്ന സെമിനാർ ഹാളിലേക്ക് വന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. ചെവിയിൽ ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഘടിപ്പിച്ച് അവിടെ എത്തിയ സഞ്ജയ് റോയ് മടങ്ങിപ്പോകുമ്പോൾ ചെവിയിൽ ഹെഡ്സെറ്റ് ഇല്ലായിരുന്നുവെന്ന് സിസി ടിവി ദൃശ്യങ്ങളിൽ തെളിഞ്ഞു.

പോലീസിന്റെ സിവിക് വൊളണ്ടിയർ ആയതിനാൽ ആശുപത്രിയിലെ വിവിധ സ്ഥലങ്ങളിൽ പ്രവേശിക്കാനും ഇയാൾക്ക് കഴിയുമായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് പിന്നാലെ ഇയാളെയും ആ സമയം ആശുപത്രിയിൽ ഉണ്ടായിരുന്നവരേയും അന്വേഷണ സംഘം വിളിച്ച് വരുത്തി. എല്ലാവരുടേയും ഫോണിൽ ബ്ലൂടൂത്ത് ഓൺ ചെയ്തു പരിശോധിച്ചു. സഞ്ജയ് റോയിയുടെ ഫോൺ ക്രൂരകൃത്യം നടന്ന സ്ഥലത്തുനിന്നും ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റുമായി കണക്ടാവുകയായിരുന്നു.

മെഡിക്കൽ കോളേജിലെ റെസ്‌പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ 31കാരിയെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നൈറ്റ് ഷിഫ്റ്റിനിടെ വിശ്രമിക്കാൻ വേണ്ടി നാലാം നിലയിലെ സെമിനാർ ഹാളിൽ എത്തിയപ്പോഴാണ് ഇവർ ബലത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top