ബിഎൻഎസിലെ ആദ്യ കേസ് മലപ്പുറത്ത്; കൊണ്ടോട്ടി സ്റ്റേഷന്‍ ക്രൈംനമ്പര്‍ 0936/2024
രാജ്യത്ത് ഇന്നു മുതൽ നിലവിൽ വന്ന ക്രിമിനൽ നിയമ വ്യവസ്ഥയായ ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്) പ്രകാരമുള്ള ആദ്യ കേസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിനാണ് കൊണ്ടോട്ടി പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. ഇന്നു പുലര്‍ച്ചെ 12.20 ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്.
ഭാരതീയ ന്യായസംഹിത 2023 ലെ വകുപ്പ് 281, മോട്ടോർ വെഹിക്കിൾ ആക്ട് 1988ലെ വകുപ്പ് 194ഡി എന്നിവ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കോഴിക്കോട്-പാലക്കാട് റോഡിലൂടെ പാലക്കാട് ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് മോട്ടോര്‍ സൈക്കിളില്‍ ഹെല്‍മറ്റ് ധരിക്കാതെ അമിതവേഗത്തില്‍ ഓടിച്ചുവന്നു എന്നാണ് എഫ്ഐആറില്‍ പറയുന്നത്.
ബിഎൻഎസ് പ്രകാരമുള്ള കേസ് ഡൽഹിയിലും രജിസ്റ്റർ ചെയ്തിരുന്നു. ഡൽഹി റെയിൽവേ സ്റ്റേഷന്‍റെ മേൽപ്പാല നടപ്പാതയിൽ മാർഗതടസമുണ്ടാക്കിയ വഴിയോര കച്ചവടക്കാരനെതിരെ ബിഎൻഎസ് നിയമത്തിലെ 285 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഡൽഹി കമല മാർക്കറ്റ് പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
നൂറ്റാണ്ടിലധികമായി നിലനിന്നിരുന്ന ഇന്ത്യൻ പീനൽ കോഡ് (ഐപിസി), ക്രിമിനൽ നടപടിക്രമം (സിആർപിസി ) ഇന്ത്യൻ തെളിവ് നിയമം (ഐഇഎ) എന്നിവ മാറ്റിയാണ് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാവുന്നത്.
കഴിഞ്ഞ വർഷം ആഗസ്റ്റ് 12നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റില്‍ ഭാരതീയ ന്യായസംഹിത നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. ഡിസംബർ 13ന് ഇരു സഭകളിലും നിയമം പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25ന് രാഷ്ട്രപതി പുതിയ നിയമത്തിന് അംഗീകാരം നൽകി. കേസുകൾ റജിസ്റ്റർ ചെയ്യുന്നതടക്കം എല്ലാ കാര്യങ്ങളിലും ഇത് പ്രകാരം നടപടികൾ സ്വീകരിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളിലും പോലീസുകാർക്ക് പരിശീലനം നൽകിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here