ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ ബോട്ട്; 75 ലക്ഷത്തിലധികം പേരു വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഹാക്കര്‍

മുംബൈ: 75 ലക്ഷത്തിലധികം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന ആരോപണങ്ങളെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ ഇന്ത്യന്‍ ഓഡിയോ ആൻഡ് വിയറബിള്‍ ബ്രാൻഡായ ബോട്ട് (BoAt). ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കാണ് പ്രധാന പരിഗണനയെന്നും അവര്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും കമ്പനി അറിയിച്ചു. അതേസമയം ബോട്ടിന്‍റെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നെന്നത് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഉപയോക്താക്കളുടെ പേര്, വിലാസം, ബന്ധപ്പെടാനുള്ള നമ്പര്‍, ഇമെയില്‍ ഐഡി, ഉപഭോക്തൃ ഐഡി എന്നീ വിവരങ്ങളാണ് ഡാര്‍ക്ക് വെബില്‍ പ്രത്യക്ഷപ്പെട്ടതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 75 ലക്ഷത്തിലധികം പേരു വിവരങ്ങള്‍ അടങ്ങിയ 2ജിബി ഫയല്‍ താന്‍ ചോര്‍ത്തിയതാണെന്ന അവകാശവാദവുമായി shopifyGUY 2024 എന്ന ഹാക്കര്‍ രംഗത്തെത്തിയിരുന്നു. വിവരങ്ങള്‍ ചോര്‍ന്നെങ്കില്‍ വലിയ തട്ടിപ്പിന് ഉപയോക്താക്കള്‍ ഇരയാകാന്‍ സാധ്യതയുണ്ട്. സാമ്പത്തിക തട്ടിപ്പ്, ഐഡന്റിറ്റി മോഷ്ടിച്ചുകൊണ്ടുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്കും ഇത് കാരണമാകാം.

ഇയര്‍ഫോണുകള്‍, സ്മാര്‍ട്ട്‌ വാച്ചുകള്‍, സ്പീക്കറുകള്‍ എന്നിവയാണ് ബോട്ടിന്‍റെ പ്രധാന ഉപകരണങ്ങള്‍. ഇന്റർനാഷണൽ ഡേറ്റ കോർപറേഷൻ (ഐഡിസി) റിപ്പോര്‍ട്ടനുസരിച്ച് 2023ലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ വെയറബിള്‍ ബ്രാന്‍ഡാണ് ബോട്ട്. മറ്റ് ബ്രാന്‍ഡുകളെ അപേക്ഷിച്ച് വില കുറവായതിനാല്‍ ബോട്ടിന് ആവശ്യക്കാര്‍ ഏറെയാണ്‌.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top