ഋഷികപൂര്‍-ഡിംപിള്‍ ജോഡിയുടെ ‘ബോബി’യ്ക്ക് 50 വയസ്; കൗമാരപ്രണയം തരംഗമായത് ഈ രാജ്കപൂര്‍ സിനിമയ്ക്ക് ശേഷം; തകര്‍ന്ന ആര്‍.കെ ഫിലിംസിനെ കരകയറ്റിയ റൊമാന്റിക് ഹിറ്റ്

പാർവതി വിജയൻ

ഇന്ത്യൻ സിനിമയിൽ വിപ്ലവകരമായ കൗമാര പ്രണയത്തിന് തുടക്കം കുറിച്ച ‘ബോബി’ സിനിമക്ക് 50 വയസ്. ‘മേരാ നാം ജോക്കർ’ എന്ന സിനിമയുടെ തകർച്ചക്ക് ശേഷം ആർ.കെ.ഫിലിംസിന്റെ നിലനിൽപ്പ് തന്നെ പരുങ്ങലിലായ ഘട്ടത്തിലാണ് 1973ൽ ബോബി പുറത്തുവരുന്നത്. കടം കയറി ജയിലിലേക്ക് പോകുമായിരുന്ന രാജ് കപൂറിന്റെ ഏക കച്ചിത്തുരുമ്പായിരുന്നു ഈ സിനിമ. സൂപ്പർ സ്റ്റാറുകൾക്ക് ഭീമമായ പ്രതിഫലം നൽകാൻ കാശില്ലാതിരുന്നത് കൊണ്ട് ബാലതാരമായിരുന്നു ഋഷി കപൂർ എന്ന സ്വന്തം മകനെ നായകനാക്കിയാണ് രാജ് കപൂർ ‘ബോബി’ സംവിധാനം ചെയ്തത്. പിൽക്കാലത്തു ബോളിവുഡിലെ ഹരമായി മാറിയ ഡിംപിൾ കബാഡിയയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. ടൈറ്റിൽ റോളിലാണ് ഡിംപിൾ ചിത്രത്തിൽ എത്തിയത്.

ഋഷി കപൂർ ഉപയോഗിച്ച രാജ്ദൂത് GTS 175 ബൈക്ക് പിന്നീട് ‘ബോബി ബൈക്ക്’ എന്ന പേരിൽ അറിയപ്പെട്ടു. ഡിംപിളിന്റെ പോൾക്ക കുത്തുകളുള്ള വസ്ത്രവും, ഷോർട്ട് സ്കേർട്ടും, ബിക്കിനിയുമൊക്കെ അക്കാലത്തെ തരംഗമായിരുന്നു. ‘ഹം തും ഏക് കമരെ മേ ബന്ദ് ഹോ’ എന്ന ഗാനം ചിത്രീകരിച്ച കശ്മീരിലെ ഗുൽമാർഗിലുള്ള മുറി ‘ബോബി ഹട്ട്’ എന്ന അറിയപ്പെട്ടു തുടങ്ങി. ഋഷി കപൂർ- ഡിംപിൾ ജോഡി യുവാക്കൾക്കിടയിൽ വൻ സ്വീകാര്യതയാണ് നേടിയത്.

രണ്ടു ജീവിത സാഹചര്യത്തിൽപ്പെട്ട കമിതാക്കളുടെ പ്രണയവും സമൂഹത്തിലെ എതിർപ്പും എക്കാലവും ഇന്ത്യൻ പ്രണയ സിനിമകളുടെ പ്രധാന പ്രമേയമാണ്. ഇതിനു തുടക്കമിട്ടതു തന്നെ ബോബിയാണ്. അതുവരെ പക്വതയുള്ള പ്രണയവും അറേൻജ്‌ഡ്‌ മാരേജുകളും കണ്ടുവന്ന പ്രേക്ഷകർക്ക് മുന്നിലാണ് രാജ് കപൂർ ബോബി അവതരിപ്പിച്ചത്. നായകനും നായികയും പുതുമുഖങ്ങളായത് കൊണ്ടുതന്നെ വളരെ ബുദ്ധിപൂർവം ഇരുവരുടേം അച്ഛൻ കഥാപാത്രങ്ങളായി കരുത്തുറ്റ അഭിനേതാക്കളെ തിരഞ്ഞെടുക്കാൻ രാജ് കപൂർ മറന്നില്ല. നടന്മാരായ പ്രേംനാഥും പ്രാണുമാണ് ആ വേഷങ്ങൾ അവിസ്മരണീയമാക്കിയത്. പ്രാൺ പ്രതിഫലം പോലും വാങ്ങിയില്ലെന്നുള്ളത് മറ്റൊരു സത്യം. ആർ.കെ ഫിലിംസുമായുള്ള പ്രേം ചോപ്രയുടെ ആദ്യ സിനിമയും ഇതാണ്. ‘പ്രേം നാം ഹേ മേരാ … പ്രേം ചോപ്ര’ എന്ന അദ്ദേഹത്തിന്റെ ഏക ഡയലോഗ് പ്രേക്ഷകർ ഏറ്റെടുത്ത ഒന്നായിരുന്നു.

‘ഹം തും ഏക് കമരേമെ ബന്ധ് ഹോ’, ‘മേ ഷായർ തോ നഹി’ തുടങ്ങി തലമുറകളെ ത്രസിപ്പിച്ച ഗാനങ്ങൾ ചിത്രത്തിന്റെ പ്രധാന ആകർഷണമായിരുന്നു. ശങ്കർ-ജയ്കിഷൻ എന്ന തന്റെ സ്ഥിരം സംഗീതസംവിധായകർക്ക് പകരം ലക്ഷ്മികാന്ത് -പ്യാരേലാൽ കൂട്ടുകെട്ടിലേക്ക് രാജ് കപൂർ ചുവടുമാറ്റിയതും ബോബിയിലാണ്. 15 വയസുള്ള ഡിംപിളിനു ശബ്ദം നൽകുമ്പോൾ ലത മങ്കേഷ്കറിന് അന്ന് പ്രായം 40 ആയിരുന്നു. രാജ് കപൂറുമായി കുറച്ചു നാളായി അകൽച്ചയിലായിരുന്ന ലത മങ്കേഷ്‌കർ ഈ സിനിമ മുതലാണ് വീണ്ടും ആർ.കെ ഫിലിംസിനു വേണ്ടി പാടി തുടങ്ങിയത്. മേരാ നാം ജോക്കറിൽ പാടാൻ ലത മങ്കേഷ്‌കർ വിസമ്മതിച്ചിരുന്നു.

ബോബി നൽകിയ പ്രശസ്തി മറ്റൊരു ചിത്രവും തനിക്ക് നൽകിയിട്ടില്ലെന്ന് ഡിംപിൾ പല വേദികളിലും പറഞ്ഞിട്ടുണ്ട്. ശർമിള ടാഗോർ, മുംതാസ് എന്നിവർ സിനിമയിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പുതുമുഖം വേണമെന്ന നിർബന്ധമായിരുന്നു രാജ് കപൂറിന്. ബിഗ് സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നീതു സിംഗിനെയും ഒഴിവാക്കിയാണ് ഡിംപിളിനെ അന്ന് നായികയാക്കിയത്. സിനിമ റിലീസാകുന്നതിന് ആറു മാസം മുൻപാണ് ഡിംപിൾ തന്നെക്കാൾ 15 വയസിന് മുതിർന്ന രാജേഷ് ഖന്നയെ വിവാഹം ചെയ്തത്.

ഇന്ത്യയിൽ 11 കോടി കളക്ഷൻ നേടിയ ചിത്രം 1975ൽ സോവിയറ്റ് യൂണിയനിലും പ്രദർശിപ്പിച്ചിരുന്നു. രാജ് കപൂറിന്റെ പ്രശസ്തി കൊണ്ടുതന്നെ സിനിമ അവിടെയും വമ്പൻ ഹിറ്റായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top