ഇനി വാതുറക്കില്ല; എല്ലാത്തിനും നിരുപാധികം മാപ്പ്; ഹൈക്കോടതിയില്‍ മര്യാദക്കാരനായി ബോബി ചെമ്മണൂര്‍

ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ മര്യാദക്കാരനായി ബോബി ചെമ്മണൂര്‍. ജാമ്യം ലഭിച്ചശേഷവും ജയിലില്‍ തുടരുന്നതില്‍ കോടതി നിലപാട് കടുപ്പിച്ചതോടെ എല്ലാത്തിനും നിരുപാധികം മാപ്പപേക്ഷിക്കുന്നതായി ബോബി ചെമ്മണൂരിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. സംഭവിച്ചതില്‍ വിഷമമുണ്ട്. നാക്കുപിഴയാണ് ഉണ്ടായത് അതിനാല്‍ തുടര്‍നടപടികള്‍ ഒഴിവാക്കണമെന്നും ബോബി ആവശ്യപ്പെട്ടു. ഒരുഘട്ടത്തില്‍ ബോബി ഇനി വാതുറക്കില്ലെന്ന് പോലും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ ഇടപെടുകായിരുന്നു. ഇന്ന് മൂന്നുതവണയാണ് കോടതി കേസ് പരിഗണിച്ചത്. രാവിലെ 10.15ന് കേസ് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയതോടെ അതിവേഗത്തില്‍ ബോബി ജയില്‍ മോചിതനായിരുന്നു. ജയിലിന് പുറത്തിറങ്ങിയപ്പോള്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാരുടെ വിഷയങ്ങള്‍ അറിയാന്‍ ശ്രമിക്കുയായിരുന്നു എന്ന് ബോബി പ്രതികരിച്ചിരുന്നു. പിന്നാലെ ഈ വിഷയം പരിഗണിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ഇതടക്കം ഉന്നയിച്ച് കടുത്ത വിമര്‍ശനം ഉയര്‍ത്തി. കോടതിയെ ധിക്കരിച്ചാല്‍ ജാമ്യം റദ്ദാക്കും. പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യാനുള്ള അധികാരമുണ്ട്. ജയില്‍ മോചിതനായ ശേഷം ബോബി പറഞ്ഞത് എന്താണെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് 12 മണിയിലേക്ക് കേസ് മാറ്റി.

രണ്ടാംവട്ടം കേസ് പരിഗണിച്ചപ്പോഴും കടുത്ത വിമര്‍ശനമുണ്ടായി. എന്തും വിലയ്ക്കു വാങ്ങാമെന്നാണോ കരുതുന്നതെന്നും ഹൈക്കോടതിയോടാണു കളിക്കുന്നതെന്ന് ഓര്‍ക്കണമെന്നും പരാമര്‍ശമുണ്ടായി. തടവുകാരുടെ കാര്യങ്ങളൊക്കെ അവര്‍ നോക്കിക്കൊള്ളും. ജുഡീഷ്യറി ഒന്നും ഇനി വേണ്ട എന്നാണോ കരുതുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ഹാജരായ മുതിര്‍ന്ന അഭിഭാഷകനെപ്പോലും അപമാനിക്കുകയാണ് ചെയ്തതെന്നും കോടതി വ്യക്തമാക്കി. കേസ് 1.45ലേക്ക് വീണ്ടും മാറ്റി.

മുന്നാം തവണ കേസ് പരിഗണിച്ചപ്പോഴാണ് സംഭവിച്ചതില്‍ ബോബിക്ക് നല്ല വിഷമമുണ്ടെന്നും നിരുപാധികം മാപ്പപേക്ഷിക്കുകയാണെന്നും അറിയിച്ചത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ നിറയെ മാധ്യമപ്രവര്‍ത്തകരായിരുന്നു. അപ്പോള്‍ സംഭവിച്ച നാക്കുപിഴയായി കണ്ട് നടപടികളൊന്നും സ്വീകരിക്കരുതെന്ന് ബോബിയുടെ അഭിഭാഷകര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇത് പരിഗണിച്ചാണ് കോടതി കേസ് നടപടികള്‍ അവസാനിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top