എന്തായാലും പൊട്ടിക്കും സാറെ!! ബോബി ഫാൻസിൻ്റെ അന്തംവിട്ട കൂത്ത് ജയിലിന് പുറത്ത്
ചലച്ചിത്ര നടി ഹണി റോസിനെതിരെ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയ കേസിൽ ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങി. കാക്കനാട് ജില്ലാ ജയിലിന് പുറത്ത് ബോബിയുടെ ആരാധാകർ പടക്കം പൊട്ടിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. പോലീസുകാർ വിലക്കിയെങ്കിലും ആരാധകർ തർക്കിക്കുകയായിരുന്നു.
“ഇപ്പോ പൊട്ടിക്കും.. ഹണി റോസിൻ്റെ ഹണി ട്രാപ്പാണിത്… എന്തായാലും പടക്കം പൊട്ടിക്കും സാറേ.. “ – എന്നാണ് ബോബിക്ക് സ്വീകരണം നൽകാനെത്തിയ ആരാധകർ പോലീസിനെ വെല്ലുവിളിച്ചുകൊണ്ട് പറഞ്ഞത്. ഓൾ കേരള മെൻസ് അസോസിയേഷൻ്റെ ആളുകൾ എന്നവകാശപ്പെട്ട് എത്തിയവരാണ് ജയിലിന് പുറത്ത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. ഇവരുടെ കയ്യിൽ നിന്നും പടക്കം പോലീസ് പിടിച്ചെടുത്തു.
അതേസമയം ഇന്നലെ വൈകിട്ട് ജാമ്യം അനുവദിച്ചിട്ടും ജയിലിൽ നിന്നും ഇറങ്ങാത്ത നടപടിയെ ഹൈക്കോടതി ഇന്ന് രൂക്ഷമായി വിമർശിച്ചു. ഇതിന് തൊട്ടു മുമ്പാണ് മിന്നൽവേഗതയിൽ നീക്കങ്ങൾ നടത്തിയ അഭിഭാഷകർ ബോബിയെ പുറത്തിറക്കിയത്. മാധ്യമശ്രദ്ധക്ക് വേണ്ടിയാണ് ഇതെല്ലാം എന്ന് കോടതിക്കറിയാം. നാടകം കളിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ബോബിയെ അറസ്റ്റ് ചെയ്യാൻ പോലും ഉത്തരവിടാൻ കോടതിക്ക് കഴിയും. കോടതിക്ക് മുകളിലാണെന്ന തോന്നലുണ്ടെങ്കിൽ അത് ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു.
സഹതടവുകാർക്ക് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നാന്ന് ബോബിയുടെ വിശദീകരണം. “ജയിലിൽ ജാമ്യത്തുക കെട്ടിവയ്ക്കാൻ സാധിക്കാതെ വിഷമിക്കുന്ന കുറച്ച് ആളുകളുണ്ട് അങ്ങനെ കുറച്ച് ആളുകൾ എന്നോട് വന്ന് സങ്കടം പറഞ്ഞു. പരിഹരിക്കാമെന്ന് ഞാൻ പറഞ്ഞു. അതിനുളള സമയത്തിനുവേണ്ടി ഒരു ദിവസം കൂടി നിന്നതാണ്”- ബോബി ചെമ്മണ്ണൂർ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here