കൗമാരക്കാരിയെ ചൂണ്ടി ദ്വയാർത്ഥം; അവതാരകയോടും വൃദ്ധയോടും അശ്ലീലം! ബോചെയുടെ വിക്രിയകൾ ഹൈക്കോടതിയിൽ ഹണി വിശദീകരിച്ചാൽ പെടും
ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. ജാമ്യം ലഭിച്ചാലും ഇല്ലെങ്കിലും പണത്തിന്റെ അഹങ്കാരത്തില്‍ ഏത് സ്ത്രീയേയും അപമാനിക്കുന്ന രീതിയില്‍ സംസാരിക്കാം എന്ന ധാരണയാണ് ഇയാൾക്ക് എന്ന് നടി പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് പുറത്തുവന്ന വീഡിയോകൾ കാണുന്ന ആർക്കും ബോധ്യപ്പെടും. അതുകൊണ്ടാണ് നാല് ദിവസമെങ്കിലും ഇയാളെ ജയിലില്‍ ആക്കി എന്നതിൽ സ്ത്രീകൾ അടക്കമുള്ളവർ ആശ്വാസം കൊള്ളുന്നത്. ഈ സ്വഭാവ വൈകൃതം ഒളിപ്പിക്കാനാണ് ചാരിറ്റി പോലുമെന്ന് കരുതേണ്ടി വരും.
പുറത്തു വന്ന ഒരു വീഡിയോയില്‍ ബോബി തന്നെ പറയുന്നുണ്ട്, താന്‍ പെണ്ണ്പിടിയനാണെന്നും അതിനെയെല്ലാം മറയ്ക്കാന്‍ താന്‍ ചിരിറ്റി ചെയ്യുന്നുണ്ടെന്നും. ഒളിഞ്ഞും തെളിഞ്ഞും ഇയാളെ പറ്റി പല ആരോപണങ്ങളും ഉന്നയിക്കപ്പെട്ടെങ്കിലും ഇത്തരമൊരു തെളിവ് ആദ്യമായിരുന്നു. ഒരു സ്ത്രീ തന്നെ റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ കട്ടിലില്‍ കുനിഞ്ഞിരുന്ന് ബോബി തന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കുന്നതാണ് ഉണ്ടായിരുന്നത്. തന്നെ ചതിച്ചതായും ഇതുപോലെ പതിനായിരത്തോളം സ്ത്രീകളെ ബോബി ചതിച്ചെന്നും യുവതി കരഞ്ഞു കൊണ്ട് പറയുന്നുണ്ട്. എന്നാല്‍ ഈ യുവതി ആരെന്നോ കണ്ടെത്താൻ ഒരു വഴിക്കും ശ്രമമുണ്ടായില്ല. ആയ യുവതിയോ മറ്റാരെങ്കിലുമോ പോലീസില്‍ ഒരു പരാതിയും നൽകിയില്ല. മാധ്യമങ്ങളാകട്ടെ സമർത്ഥമായി ഇത് മുക്കുകയും ചെയ്തു. രക്തദാന സന്ദേശവുമായി കേരളം മുഴുവന്‍ ബോബി ഓടിയതിന് പിന്നാലെയാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
മകളുടെ പ്രായം പോലുമില്ലാത്ത ഒരു പെണ്‍കുട്ടിയോടു മടിയില്ലാതെ ദ്വയാര്‍ത്ഥ പ്രയോഗം നടത്തുന്ന ബോബിയുടെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഒരു സൈക്കിളിന്റെ പുറകില്‍ പെണ്‍കുട്ടിയെ ഇരുത്തിയ ശേഷം, രണ്ട് പേരായി പോകുന്നു, മൂന്ന് പേരായി തിരിച്ചുവരും എന്നാണ് അറുവഷളൻ ചിരിയോടെ ക്യാമറയെ നോക്കി ഇയാൾ പറയുന്നത്. എന്നാൽ പെൺകുട്ടി ഞെട്ടൽ പ്രകടിപ്പിച്ചപ്പോൾ, മൂന്നാമൻ എന്ന് ഉദ്ദേശിച്ചത് ട്രോഫി ആണെന്ന് ബോബി പറയുന്നു.
വ്യവസായി എന്ന നിലയിലും ചാനലുകളില്‍ പരസ്യം നല്‍കുന്ന ആളെന്ന നിലയിലും നിരവധി ഇന്റര്‍വ്യൂകള്‍ ബോബിയുടേതായി പുറത്തുവന്നിട്ടുണ്ട്. ഇതിലെല്ലാം തന്നെ അവതാരകരായ പെണ്‍കുട്ടികളോട് ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നത് പതിവ് കാഴ്ചയാണ്. മലയാളത്തിലെ ഇഷ്ടപെട്ട നടി ആരാണെന്ന് ചോദിച്ച അവതാരകയോട്, ഒരുപാട് പേര് ഉണ്ടെന്നും ഒരാളുടെ പേര് പറഞാൽ മറ്റുള്ളവർക്ക് പ്രശ്‌നമാകുമെന്നും, ‘മുഷ്ടി മൈഥുനം’ നടത്തിയിട്ടുള്ളവർ പലരുണ്ടെന്നും ഇയാൾ വിശദീകരിക്കുന്നു. ‘മുഷ്ടി മൈഥുനം’ എന്നാൽ സ്വയംഭോഗം ആണെന്ന് ഇവിടെ വിശദീകരിച്ചില്ലെന്ന് മാത്രം. ചോദ്യം ചോദിച്ച അവതാരകയ്ക്ക് അത് മനസിലായോ എന്ന് വ്യക്തമല്ല, ഏതായാലും മനസിലാകാത്ത മട്ടിൽ ആ കുട്ടി അഭിമുഖം തുടർന്നു എന്നതാണ് യാഥാർത്ഥ്യം.
മറ്റൊരു വീഡിയോയിൽ, ഇലകളുടെ മാതൃകയിൽ ഒരു പ്രത്യേക തരം വേഷം ധരിച്ചെത്തിയ പെൺകുട്ടിയോട്, ഇത് ഊരി കാണാൻ പറ്റുമോ എന്നാണ് ഇയാൾ ചോദിച്ചത്. അതും പിന്നീട്, അങ്ങനെയല്ല, ഇങ്ങനെയാണെന്നും മറ്റും പതിവ് വഷളൻ ചിരിയോടെ വിശദീകരിക്കുന്ന ബോബിയെ കാണാം. എന്തിന് ഏറെ പറയുന്നു തട്ട് കടയില്‍ പഴംപൊരി വില്‍ക്കുന്ന ദമ്പതികളോട് പോലും തീർത്തും അശ്ലീലം കലർത്തി സംസാരിക്കുകയും അത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്യുന്ന തരത്തിൽ വഷളൻ മാനസികാവസ്ഥ ഉള്ള മറ്റൊരാൾ സമകാലീന കേരള സമൂഹത്തിൽ ഉണ്ടോയെന്ന് സംശയമാണ്.
തന്റെ ഷോറൂമുകളുടെ ഉദ്ഘാടനത്തിനായി ക്ഷണിക്കുന്ന നടിമാരെ സർവ്വവിധ ലൈംഗിക ചേഷ്ടകളോടെ ഇയാൾ സമീപിക്കുന്നത് ഒന്നിലേറെ വീഡിയോകളിൽ വ്യക്തമാണ്. ശാരീരിക പ്രത്യേകതകള്‍ പുറത്തു കാണിക്കുന്ന തരത്തില്‍ അവരെ വേദിയിൽ നിർത്താനും വീഡിയോ ചിത്രീകരിക്കാനും ഇയാൾ അവസരം ഒരുക്കുന്നു. ഹണി റോസിൻ്റെ കാര്യത്തിലും, ഫ്രണ്ട് മാത്രമല്ല ബാക്കും കൂടി കണമെന്ന് പറഞ്ഞ് കൈയിൽ പിടിച്ച് കറക്കിയ ശേഷമാണ് ഇയാൾക്ക് കുന്തീദേവി പരാമർശം നടത്തിയത്.
ഹണി റോസിന്റെ കേസില്‍ ജാമ്യം ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിക്കും എന്ന് ഉറപ്പാണ്. കോടതി ഇതിനെ ഗൗരവമായി കണ്ടാൽ ബോച്ചെയുടെ റിമാൻഡ് നീണ്ടേക്കാം. വഷളത്തരങ്ങൾ ആവർത്തിക്കില്ലെന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ ഫയൽ ചെയ്യുമ്പോൾ തന്നെ ബോബിക്ക് വേണ്ടി ഹാജരായ അഡ്വ ബി രാമൻ പിള്ള ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ വഷളത്തരം മാത്രം ശീലിച്ച ഇയാൾക്ക് ഇത് എത്രകണ്ട് പാലിക്കാൻ കഴിയുമെന്ന കാര്യത്തിൽ വക്കീലിന് പോലും ഒരുറപ്പും ഉണ്ടാകുമെന്ന് തോന്നുന്നില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here