അമേരിക്കക്ക് പുറത്തെ വമ്പൻ നിക്ഷേപപദ്ധതിയുമായി ബോയിങ് ബെംഗളൂരുവിൽ; 43 ഏക്കറിൽ 1600 കോടി മുടക്കുന്ന ക്യാമ്പസ് സജ്ജം
അമേരിക്കക്ക് പുറത്തെ ഏറ്റവും വലിയ നിക്ഷേപപദ്ധതിയുമായി വ്യോമയാനരംഗത്തെ ഭീമൻ ബോയിങ് കമ്പനി ബെംഗളൂരുവിൽ. 43 ഏക്കറിൽ 1600 കോടി മുടക്കി തുടങ്ങുന്ന ബോയിങ്ങ് ഇന്ത്യ എൻജിനീയറിങ് ആൻഡ് ടെക്‌നോളജി സെന്റർ (ബിഐഇടിസി) ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി ക്യാമ്പസായും മാറുകയാണ്. സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, തുടങ്ങിയ മേഖലകളിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കും കൂടുതൽ അവസരങ്ങളും ഒരുക്കുന്ന പദ്ധതിയാണ് ദേവനഹള്ളിയില്‍ പ്രധാനമന്ത്രി കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തത്.
രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്റ്റാര്‍ട്ട്‌അപ് കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് ബിഐഇടിസി ലക്ഷ്യമിടുന്നത്. പ്രതിരോധ വ്യവസായത്തിനും ആഗോള എയ്‌റോസ്‌പേസ് മേഖലക്കും വരുംകാലത്തേക്ക് ആവശ്യമായ ഉല്‍പന്നങ്ങളും സേവനങ്ങളും വികസിപ്പിച്ചെടുക്കുകയാണ് ഉദ്ദേശ്യം. ഇതിനോട് അനുബന്ധിച്ച് വ്യോമയാന മേഖലയിൽ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ബോയിങ് സുകന്യ പ്രോഗ്രാമിനും തുടക്കം കുറിച്ചു.
സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ഗണിതം എന്നീ മേഖലകളില്‍ പഠനം നടത്താനും തൊഴിൽ പരിശീലനത്തിനും ബിഐഇടിസി അവസരമൊരുക്കും. പെൺകുട്ടികൾക്ക് പരിശീലനത്തിനായി രാജ്യത്തുടനീളം 150 ലാബുകള്‍ സ്ഥാപിക്കും. പൈലറ്റാകാൻ പരിശീലിക്കുന്ന വനിതകൾക്ക് സ്കോളർഷിപ്പുകളും മറ്റ് സഹായങ്ങളും നൽകും. ആഗോള എയ്‌റോസ്‌പേസ് വളർച്ചയ്ക്ക് സംഭാവന നൽകുന്ന മൂവായിരത്തിലധികം എഞ്ചിനീയറുമാരെ വളര്‍ത്തിയെടുക്കാനും സ്ഥാപനം ലക്ഷ്യമിടുന്നു. ഗവേഷണത്തിലും വികസനത്തിലും അവരെ പങ്കാളിയാക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/മെഷീൻ ലേണിംഗ്, ഇൻഡസ്ട്രിയൽ ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ക്ലൗഡ്, മോഡൽ-ബേസ്ഡ് എഞ്ചിനീയറിംഗ്, അഡിറ്റീവ് മനുഫാക്ചറിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ പഠിക്കാനും സാധിക്കും. പ്രതിരോധ മേഖലയുടെ വളര്‍ച്ചയ്ക്കും ആത്മനിർഭർ ഭാരതിന് സംഭാവന നൽകാനും ബോയിങ്ങ് ഇന്ത്യയിലെ പ്രതിരോധ വിഭാഗങ്ങളുമായും സഹകരിക്കും.
ബിഐഇടിസിയുമായി ബന്ധപ്പെട്ട് 107 തൊഴിലവസരങ്ങളാണ് ബോയിങ്ങ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിൽ 97 എണ്ണം ബെംഗളൂരുവിലാണ്. ബെംഗളൂരുവിൽ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാർ, ബില്ലിംഗ് അനലിസ്റ്റുകൾ, സ്ട്രക്ചറൽ അനാലിസിസ് എഞ്ചിനീയർമാർ, പ്രൊഡക്‌റ്റ് റിവ്യൂ എഞ്ചിനീയർമാർ, അസോസിയേറ്റ് സിസ്റ്റംസ് എഞ്ചിനീയർമാർ, പ്രോഗ്രാം അനലിസ്റ്റുകൾ, ഡിജിറ്റൽ ഇലക്ട്രോണിക്‌സ് ആർക്കിടെക്റ്റുകൾ എന്നീ തസ്തികകളിലാണ് അവസരമുള്ളത്. ഇന്ത്യയിലെ ഐഐടികൾ അടക്കം മുൻനിര എഞ്ചിനീറിങ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനും ബോയിങ് പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here