ചീയേഴ്‌സ്…. രാജ്യത്തെ മൂന്നാമത് വലിയ ബീയര്‍ കമ്പനിയുടമ സൂപ്പര്‍ വില്ലന്‍; ഡാനി ഡെന്‍സോങ്പയെ അറിയാം

ബാറിലോ പബ്ബിലോ ഇരുന്ന് ചീയേഴ്‌സ് പറഞ്ഞ് ബീയര്‍ ആസ്വദിച്ച് കുടിക്കുമ്പോള്‍ നമ്മളാരും ബീയര്‍ കമ്പനിയുടെ ഉടമ ആരെന്ന് സാധാരണ അന്വേഷിക്കാറില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മൂന്നാമത്തെ ബീയര്‍ ബ്രാന്‍ഡിന്റെ ഉടമ ഒരു സിനിമാ നടനാണെന്ന് പലര്‍ക്കും അറിയില്ല. ആറ് പതിറ്റാണ്ടായി ബോളിവുഡിലെ പെര്‍ഫെക്റ്റ് വില്ലനാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ബീയര്‍ ബ്രാന്‍ഡുകളുടെ മുതലാളി.

ഹിന്ദി സിനിമകളിലെ ലക്ഷണമൊത്ത വില്ലനായ ഡാനി ഡെന്‍സോങ്പ, ബിസിനസിലും വിജയിച്ച ലക്ഷണമൊത്ത വ്യവസായിയാണ്. 100 കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ള യുക്‌സൊം ബ്രുവറീസ് കമ്പനിയുടെ ഉടമയാണ് ഡാനി. 1987ല്‍ ദക്ഷിണ സിക്കിമില്‍ ആരംഭിച്ച ഈ ബ്രുവറിയില്‍ നിന്ന് വിവിധ പേരുകളിലായി 12 ലധികം ബീയര്‍ ബ്രാന്‍ഡുകള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിറ്റഴിയുന്നുണ്ട്. 2005ല്‍ ഡാനി ഒഡീഷയിലും, അസമിലും ബ്രുവറികള്‍ സ്ഥാപിച്ച് ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്തി.

ഡാനിയുടെ വില്ലന്‍ പരിവേഷത്തിന് ഉതകുന്ന പേരുകളാണ് ബീയര്‍ ഉല്പന്നങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഹീമാന്‍ – 9000, ഡാന്‍സ് ബെര്‍ഗ് 9000, ഡാന്‍സ് ബെര്‍ഗ് 1600 ഇങ്ങനെ പോകുന്നു പേരുകള്‍. ഒന്നടിച്ചാല്‍ തലയ്ക്ക് പിടിക്കുന്ന സൂപ്പര്‍ സ്‌ട്രോംഗ് ഐറ്റം വരെ ഡാനി മാര്‍ക്കറ്റിലിറക്കിയിട്ടുണ്ട്. ഡാന്‍സ്‌ബെര്‍ഗ് റെഡ്, ഹിറ്റ് എന്നിവയാണ് ഡാനി ലോഞ്ച് ചെയ്തിരിക്കുന്ന സൂപ്പര്‍ സ്‌ട്രോംഗ് ഐറ്റങ്ങള്‍.

രാജ്യത്തെ ബീയര്‍ വിപണിയിലെ വമ്പന്‍മാരായ യുണൈറ്റഡ് ബ്രൂവറീസ് (യുബി) സാബ്മില്ലര്‍ എന്നിവര്‍ക്ക് ഡാനിയുടെ ഉല്‍പന്നങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിട്ടുള്ളത്.

ആര്‍മി മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ചിട്ടും അത് ഉപേക്ഷിച്ച് പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന വ്യക്തിയാണ് സിക്കിം സ്വദേശിയായ ഡാനി ഡെന്‍സോങ്പ. തന്റെ സഹപാഠിയും സുഹൃത്തുമായ ജയ ബാദുരിയുടെ ( ജയ ബച്ചന്‍ ) ശുപാര്‍ശയിലാണ് 1971 ല്‍ സരൂരത്ത് എന്ന സിനിമയില്‍ ആദ്യ ചാന്‍സ് കിട്ടിയത്. അതേ വര്‍ഷം തന്നെ ഗുല്‍സാറിന്റെ മേരെ അപ്‌നെ എന്ന ചിത്രത്തില്‍ ഒരു മേജര്‍ ബ്രേക്ക് കിട്ടി. പിന്നെ വെച്ചടി വെച്ചടി കേറ്റമായിരുന്നു. 190ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. അമിതാബ് ബച്ചന്‍ ആംഗ്രി യംഗ് മാനായി വേഷമിട്ട ചിത്രങ്ങളിലെല്ലാം പ്രധാന വില്ലന്‍ ഡാനിയായിരുന്നു. 2003ല്‍ ഈ 76 കാരന് രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top