ജഗന്‍റെ കാലത്ത് കേസെടുത്ത് പീഡിപ്പിച്ചു എന്ന് ബോളിവുഡ് നടി; പരാതിയില്‍ ഡിജിപി അടക്കമുള്ളവര്‍ക്ക് സസ്പെന്‍ഷന്‍

അനധികൃതമായി അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വച്ചു എന്ന ബോളിവുഡ് നടിയുടെ പരാതിയില്‍ ഡിജിപി അടക്കമുള്ള മുതിര്‍ന്ന മൂന്നു ഐപിഎസ് ഓഫീസര്‍മാര്‍ക്ക് ആന്ധ്രയില്‍ സസ്പെന്‍ഷന്‍. ഡ‍ിജിപി പി.എസ്.ആർ.ആഞ്ജനേയുലു, ഐജി കാന്തി റാണ ടാറ്റ, എസ്പി വിശാൽ ഗുന്നി എന്നിവര്‍ക്ക് എതിരെയാണ് നടപടി വന്നത്.

ബോളിവുഡ് നടി കാദംബരി ജെത്വാനിയുടെ പരാതിയിലാണ് സസ്പെന്‍ഷന്‍. ആഞ്ജനേയുലു തന്റെ അധികാരവും പദവിയും ദുരുപയോഗം ചെയ്തു. മതിയായ പരിശോധനകളില്ലാതെ അന്വേഷണം വേഗത്തിലാക്കാൻ ശ്രമിച്ചു എന്നൊക്കെയാണ് സ്പെൻഷൻ ഉത്തരവിൽ പറയുന്നത്. സമാന കുറ്റങ്ങളാണ് മറ്റു ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നതും.

തനിക്കെതിരെ കള്ളക്കേസ് ചുമത്തിയെന്നാരോപിച്ച് വെള്ളിയാഴ്ചയാണ് നടി കാദംബരി ജെത്വാനി ഇബ്രാഹിംപട്ടണം ജില്ലാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈഎസ്ആർ കോൺഗ്രസ് നേതാവിനും മറ്റുള്ളവർക്കുമെതിരെ പൊലീസ് കേസെടുത്തത്.

ഭൂമി വാങ്ങിക്കാന്‍ നടി വ്യാജരേഖ ചമച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു വൈസ്ആർ കോൺഗ്രസ് നേതാവായ സിനിമാ നിര്‍മാതാവ് കെ.വി.ആർ.വിദ്യാസാഗര്‍ മുന്‍പ് നല്‍കിയ പരാതിയില്‍ പറഞ്ഞത്. നിര്‍മാതാവിനെതിരെ താന്‍ മുംബൈയില്‍ നല്‍കിയ കേസിനെതിരായ പ്രതികാരമായാണ് ആന്ധ്രയിലെ കേസ് എന്നാണ് നടി പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. അന്ന് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ വൈഎസ്ആർ കോൺഗ്രസായിരുന്നു ആന്ധ്രയിൽ അധികാരത്തിൽ.

കഴിഞ്ഞ ഫെബ്രുവരിയിലാണ് നടിയെയും കുടുംബാംഗങ്ങളെയും മുംബൈയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഗുരുതരമായ ആരോപണങ്ങളാണ് നടി പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. തൻ്റെ കുടുംബം 40 ദിവസത്തിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു. തന്നെയും പ്രായമായ മാതാപിതാക്കളെയും പോലീസ് അപമാനിച്ചു. അനധികൃത തടങ്കലില്‍ വച്ചു. വിദ്യാസാഗറുമായി അന്ന് ഇൻ്റലിജൻസ് മേധാവിയായ ആഞ്ജനേയുലു. മുൻ വിജയവാഡ പോലീസ് കമ്മീഷണർആയിരുന്ന ക്രാന്തി റാണാ ടാറ്റ, മുൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിശാൽ ഗുന്നി എന്നിവര്‍ ഒത്തുകളിക്കുകയായിരുന്നു.

മുംബൈയില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നിര്‍മാതാവിന്റെ പരാതിയില്‍ ഫെബ്രുവരി 2ന് തനിക്കെതിരെ പോലീസ് കേസ് എടുത്തു. എന്നാല്‍ ഇതിന് മുന്‍പ് തന്നെ അറസ്റ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി- നടി ആരോപിച്ചു.

ഐ ലവ് മി എന്ന മലയാളം സിനിമ അടക്കം നിരവധി സിനിമകളില്‍ ഇരുപത്തിയെട്ടുകാരിയായ കാദംബരി ജെത്വാനി അഭിനയിച്ചിട്ടുണ്ട്. 2012ൽ സദ്ദ അദ്ദ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ഒയിജ (കന്നഡ), ആതാ (തെലുങ്ക്), ഓ യാരാ ഐൻവായി ഐൻവായി ലുട്ട് ഗയാ (പഞ്ചാബി) തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top