ബോളിവുഡ് നടി വഹീദ റഹ്മാന് ദാദാസാഹിബ് ഫാൽക്കെ അവാർഡ്

ബോളിവുഡിലെ നടി വഹീദ റഹ്മാന് ദാദാസാഹിബ് ഫാൽക്കെ അവാർഡ്.
സിനിമാ മേഖലയിലെ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ  ദാദാസാഹിബ് ഫാൽക്കെ അവാർഡ് ബോളിവുഡിലെ മുതിർന്ന നടി വഹീദ റഹ്മാന് നൽകുമെന്ന് വാർത്താ വിനിമയ മന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു.


എക്സിലൂടെ ( ട്വിറ്റർ ) നടിയെ പ്രശംസിച്ച് എഴുതിയ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. “ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മഹത്തായ സംഭാവനകൾക്ക് വഹീദ റഹ്മാൻ ജിക്ക് ഈ വർഷം ദാദാസാഹിബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകുന്നുവെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് വലിയ സന്തോഷവും ബഹുമാനവും തോന്നുന്നു. ഹിന്ദി സിനിമകളിലെ പ്രധാന കഥാപാത്രങ്ങളായ പ്യാസ, കാഗസ് കെ ഫൂൽ, ചൗധവി കാ ചന്ദ്, സാഹിബ് ബിവി ഔർ ഗുലാം, ഗൈഡ്, ഖാമോഷി തുടങ്ങി നിരവധി ചിത്രങ്ങളിലെ അഭിനയത്തിന് വഹീദ ജി നിരൂപക പ്രശംസ നേടിയിട്ടുണ്ട്.”

‘ആലിബാബവും 40 തിരുദർഗലും’ എന്ന തമിഴ് ചിത്രത്തിലൂടെ നർത്തകിയായിട്ടായിരുന്നു റഹ്‌മാൻ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. എന്നാൽ തെലുങ്ക് ചിത്രം ‘റോജുലു മറായി’ (1955) ആണ് ആദ്യം റിലീസ് ചെയ്തത്. 
നാൽപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമേ നർത്തകി കൂടെയാണിവർ.

സുനിൽ ദത്തിനൊപ്പം 1971-ൽ പുറത്തിറങ്ങിയ ‘രേഷാ ഔർ ഷേര’യിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. 1972ൽ പത്മശ്രീയും 2011ൽ പത്മഭൂഷണും ലഭിച്ചിട്ടുണ്ട്. 1972-ൽ പി.കെ എബ്രഹാം സംവിധാനം ചെയ്ത ‘ത്രിസന്ധ്യ’ എന്ന മലയാള ചിത്രത്തിലും ഇവർ അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത സാഹിത്യക്കാരൻ ഉറൂബിന്റെ കഥയായിരുന്നു ത്രിസന്ധ്യ.

അഭിനയ ജീവിതത്തിനുപുറമെ,വഹീദ ഒരു മനുഷ്യസ്‌നേഹിയാണ്. വിദ്യാഭ്യാസത്തിന് വേണ്ടി വാദിക്കുന്ന അവർ ഇന്ത്യയിലെ ദാരിദ്ര്യത്തിനെതിരെ പോരാടുന്ന രംഗ് ദേ എന്ന സംഘടനയുടെ അംബാസഡറുമാണ്.

തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടിലുള്ള ഒരു ഡെക്കാനി മുസ്ലീം കുടുംബത്തിലാണ്  ജനനം. ഭർത്താവ് ശശിരേഖി 2000 ത്തിലാണ് മരിക്കുന്നത്. ഇവർക്ക് 2 മക്കളുണ്ട്: സൊഹൈൽ രേഖി, കാഷ്വി രേഖി, ഇരുവരും എഴുത്തുകാരാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top